ശ്രീറാമിനെ മാറ്റിയത് മാര്‍ച്ചിലെ തീരുമാനപ്രകാരം, കര്‍ഷക സംഘം സമരം അവസാനിപ്പിച്ചത് സബ് കലക്ടറെ മാറ്റാമെന്ന ഉറപ്പില്‍ 

ശ്രീറാമിന്റെ സ്ഥാനക്കയറ്റം വരികയാണെന്നും അതോടെ ഇടുക്കി ജില്ലയിലെ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിരുന്നു.
ശ്രീറാമിനെ മാറ്റിയത് മാര്‍ച്ചിലെ തീരുമാനപ്രകാരം, കര്‍ഷക സംഘം സമരം അവസാനിപ്പിച്ചത് സബ് കലക്ടറെ മാറ്റാമെന്ന ഉറപ്പില്‍ 

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റുമെന്ന് ഇടുക്കി ജില്ലയില്‍നിന്നുള്ള സിപിഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരത്തെ തന്നെ ഉറപ്പു നല്‍കിയതായി സൂചനകള്‍. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ചില്‍ കര്‍ഷക സംഘം ഇടുക്കിയില്‍ നടത്തിയ സമരം പിന്‍വലിച്ചതും. അന്നും പിന്നീട് പലപ്പോഴായി വന്നുകണ്ട ജില്ലാ നേതാക്കള്‍ക്കും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശ്രീറാമിന്റെ സ്ഥാനചലനം.

ശ്രീറാമിനെ നീക്കണം എന്നാവശ്യപ്പെട്ടാണ് ദേവികുളം ആര്‍ഡി ഓഫിസിനു മുന്നില്‍ സിപിഎം സംഘടനയായ കര്‍ഷക സംഘം അനിശ്ചിതകാല സമരം നടത്തിയത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാര്‍ച്ച് 27ന് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ഷക സംഘം സമരം പിന്‍വലിച്ചത്. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യത്തിന് അനുകൂല തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് അന്നുതന്നെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

ശ്രീറാമിന്റെ സ്ഥാനക്കയറ്റം വരികയാണെന്നും അതോടെ ഇടുക്കി ജില്ലയിലെ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിരുന്നു. ശ്രീറാമനെ മറ്റേതെങ്കിലും ജില്ലയില്‍ കലക്ടറായി മാറ്റാന്‍ നേരത്തെ ആലോചന നടന്നിരുന്നു. എന്നാല്‍ പുനരാലോചനയില്‍ അതു വേണ്ടെന്നു വയ്ക്കുകയായിന്നു. ഇതിനു ശേഷമാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറായുള്ള ഇപ്പോഴത്തെ നിയമനം.

സബ് കലക്ടറെ നീക്കണം എന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ശക്തമായി രംഗത്തുവന്നിരുന്നു. കലക്ടര്‍ ജനജീവിതം ദുസ്സഹമാക്കും വിധം നടപടികള്‍ സ്വീകരിക്കുന്നു എന്നായിരുന്നു എംഎല്‍എയുടെ പരാതി. വീടുകള്‍ പണിയുന്നതിന് എന്‍ഒസി നല്‍കുന്നില്ല, പട്ടയം നല്‍കുന്ന നടപടികള്‍ താമസിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും എംഎല്‍എയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 

ഇതിനിടെ സബ് കലക്ടറെ നീക്കുന്ന കാര്യം സിപിഎം സിപിഐ തര്‍ക്കത്തിനും ഇടവച്ചു. സബ് കലക്ടറെ നീക്കില്ലെന്ന ഉറച്ച നിലപാടാണ് റവന്യു വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഐ സ്വീകരിച്ചത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയതു. എന്നാല്‍ സബ്കലക്ടറുടെ മാറ്റം പൊതുഭരണ വകുപ്പിനു കീഴില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ റവന്യു വകുപ്പിനു കാര്യമൊന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com