നടിയെ ആക്രമിച്ച സംഭവം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നീക്കം - ദിലീപ്, സജി നന്ത്യാട്ട്, സലീം കുമാര്‍ എന്നിവര്‍ക്കെതിരെയാണ്  പരാതി
നടിയെ ആക്രമിച്ച സംഭവം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നീക്കം. ദിലീപ്, സജി നന്ത്യാട്ട്, സലീം കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഇവര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നത്. ഇക്കാര്യത്തില്‍ ഡിജിപിയോട് വിശദീകരണം ആരാഞ്ഞ ശേഷമാകും തുടര്‍നടപടികള്‍. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതിന് ഇവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിച്ചു, ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടികള്‍ സ്വീകരിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്.

കേരളത്തിലെ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമായതുകൊണ്ടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയക്ക് പരാതി നല്‍കിയതെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ഇരകളെ മാനസികമായി വേട്ടയാടന്‍ പ്രചോദനമാകുന്ന പരാമര്‍ശങ്ങളാണ് മൂവരും നടത്തിയതെന്നും ശോഭ വനിതാ കമ്മീഷന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

ആക്രമണത്തിനിരയായ നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സഹൃത്തുക്കാളായിരുന്നുവെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. നടിയും സുനിയും ഒരുമിത്ത് നടന്ന ആളുകളായിരുന്നെന്നും കൂട്ട്കൂടുമ്പോള്‍ ശ്രദ്ധിക്കണമെന്നും എനിക്ക് അത്തരക്കാരുമായി ചങ്ങാത്തമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. രണ്ടരമണിക്കൂര്‍ മാത്രമാണ് ആ നടി പീഡിപ്പിക്കപ്പെട്ടതെന്നായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം. ഇരയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു സലീം കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com