സെന്‍കുമാര്‍ തുറന്നു പറയുന്നു: നളിനി, ജയരാജന്‍, തച്ചങ്കരി... മുഖ്യമന്ത്രിയെ കോക്കസ് കുരങ്ങുകളിപ്പിക്കുന്നു

നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശകെന്നു സെന്‍കുമാര്‍
സെന്‍കുമാര്‍ തുറന്നു പറയുന്നു: നളിനി, ജയരാജന്‍, തച്ചങ്കരി... മുഖ്യമന്ത്രിയെ കോക്കസ് കുരങ്ങുകളിപ്പിക്കുന്നു

തിരുവനന്തപുരം: നളിനി നെറ്റോയും എംവി ജയരാജനും ടോമിന്‍ തച്ചങ്കരിയും ചേര്‍ന്ന കോക്കസ് മുഖ്യമന്ത്രി പിണറായി വിജയനെ കുരങ്ങുകളിപ്പിക്കുകയാണെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശകെന്നും സെന്‍കുമാര്‍ പറഞ്ഞു. ജേക്കബ് തോമസ് സൂത്രക്കാരനും വൈരാഗ്യം വച്ചുപുലര്‍ത്തുന്ന ആളുമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റാണ്ടാണ് ആ കേസില്‍ നടക്കുന്നതെന്നും സെന്‍കുമാര്‍ സമകാലിക മലയാളത്തോടു പറഞ്ഞു.  

 
കേസെടുപ്പിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നില്ല

മുഖ്യമന്ത്രി എന്നെ മനസിലാക്കിത്തുടങ്ങിയപ്പോഴേക്കും പിരിയേണ്ടി വന്നു. കുറച്ചുകൂടി ദിവസങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത്ഭുതപ്പെടുമായിരുന്നു, ഇയാളാണോ ഈ പറഞ്ഞ കക്ഷി എന്ന്. മുഖ്യമന്ത്രിയെ വളയ്ക്കുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. ഞാന്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കില്ല എന്ന വിശ്വാസം. പുതുവൈപ്പ് സംഭവത്തില്‍ വേണമെങ്കില്‍ എനിക്ക് സര്‍ക്കാരിനെ കുഴപ്പത്തിലാക്കാമായിരുന്നല്ലോ. പക്ഷേ, അതല്ല നടക്കുന്നതെന്ന് അദ്ദേഹത്തിനു മനസിലായി. നടിയുടെ കേസിന്റെ അന്വേഷണത്തിന്റെ കാര്യം തന്നെ നോക്കൂ. ഞാന്‍ അദ്ദേഹത്തോട് ഫോണിലാണ് പറഞ്ഞത്, ഇതില്‍ എനിക്കെന്തോ അഭംഗി തോന്നുന്നു െ്രെകംബ്രാഞ്ചിനെ പൂര്‍ണമായും ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിന്റെ മറുപടി, സെന്‍കുമാറിന് അതാണു ശരിയെന്നു തോന്നുന്നെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളാനായിരുന്നു. ഔദ്യോഗിക കാര്യങ്ങളില്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് ഒരിക്കലും സംശയമുണ്ടായിട്ടില്ല. പിന്നീടുണ്ടാകുന്നത് ഇവരൊക്കെക്കൂടി സൃഷ്ടിക്കുന്ന സംശയങ്ങളാണ്. നളിനി, എം വി ജയരാജന്‍, തച്ചങ്കരി. അത് കുറേയൊക്കെ ഫലപ്രദമായിട്ടുണ്ടാകണം. കാരണം, അതിന്റെ ആദ്യത്തെ പടികളിലാണല്ലോ ഇവര്‍ക്കൊക്കെ എന്നെ ബുദ്ധിമുട്ടിക്കാന്‍ അവസരം ലഭിക്കുന്നത്. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ നേരിട്ട് ചോദിക്കാറുണ്ടായിരുന്നു. എനിക്കെതിരേ പ്രോസിക്യൂഷന് അനുമതി കൊടുത്തുവെന്ന് വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ആ ഫയല്‍ വന്നിരുന്നുവെന്നും അത് തെറ്റാണെന്നു മനസിലായതുകൊണ്ട് താനത് ഒപ്പിട്ടിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, പത്രങ്ങളില്‍ പോയി അത് നിഷേധിക്കാനൊന്നും നിന്നില്ല. അതുപോലെ എന്റെ പേഴ്‌സണല്‍ ഗണ്‍മാനായിരുന്ന അനില്‍കുമാറിന്റെ കാര്യം. അനില്‍കുമാറിനെ എന്റെ കൂടെത്തന്നെ നിര്‍ത്താന്‍ ഓര്‍ഡറിട്ടുകൊടുത്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്റെ സെക്യൂരിറ്റി എടുത്തുകളയും, പെന്‍ഷന്‍ പേപ്പേഴ്‌സ് തടഞ്ഞുവയ്ക്കും എന്നൊക്കെ ഇവര്‍ പറയുന്നുണ്ട്. അങ്ങനെ തടഞ്ഞുവച്ചാല്‍ ഞാന്‍ കോടതിയില്‍ പോയി ഇവരോട് പെന്‍ഷന്റെ പലിശയുള്‍പ്പെടെ വാങ്ങും. അവര്‍ക്കെങ്ങനെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കാന്‍ സാധിക്കും. യാതൊരു കുറ്റാരോപണങ്ങളോ ആക്ഷേപങ്ങളോ ഇല്ലാതെയാണ് ഞാന്‍ വിരമിച്ചത്. 

പിരിയുന്നതിനു മുമ്പ് എനിക്കെതിരേ ഒരു കേസെടുപ്പിക്കാന്‍ ഇവര്‍ മുഖ്യമന്ത്രിയെ ചെന്നുകണ്ടു. എംവി ജയരാജനും മറ്റുമാണ് ചെന്നത്. പിണറായി വിജയന്‍ പറഞ്ഞത്, ഉള്ള കേസാണെങ്കില്‍ മതിയെന്നും ഇല്ലാത്ത കേസോന്നും ഉണ്ടാക്കേണ്ട എന്നുമായിരുന്നു. തച്ചങ്കരിയുടെ പരാതിയുടെ പേരിലാണെങ്കില്‍ അത് നിലനില്‍ക്കില്ലെന്ന് അവര്‍ക്കു തന്നെ അറിയാം.
തച്ചങ്കരിക്ക് കൈരളിയിലും ദേശാഭിമാനിയുലും കാര്യമായി ആള്‍ക്കാരുണ്ട്. അതുകൊണ്ട് ഈ രണ്ടു മാസം അവര്‍ ഞാന്‍ ഗവണ്‍മെന്റിന്റെ ആളായിട്ടല്ല കണ്ടതും വാര്‍ത്തകള്‍ കൊടുത്തതും. എനിക്കെതിരേയായിരുന്നു. അവസാനം പുതുവൈപ്പ് മാത്രമാണ് വിഴുങ്ങി എഴുതേണ്ടി വന്നത്. ഞാന്‍ രണ്ടാമത് വന്ന് പതിനഞ്ച് ഇരുപത് ദിവസമൊക്കെ ആയപ്പോഴേക്കും മുഖ്യമന്ത്രി എന്നെ മനസിലാക്കാന്‍ തുടങ്ങി. ഞാന്‍ വേറെ ആരോടും ഒന്നും പറയുന്നില്ലല്ലോ. എം വി ജയരാജനോടൊന്നും ഞാന്‍ പറയാറില്ല. ജയരാജന് ആവശ്യമുള്ള കാര്യം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഞാനും തമ്മില്‍ ഒരു പതിനഞ്ച് പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാകും. അല്ലാത്തപ്പോള്‍ ഫോണില്‍ വിളിക്കും.

ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്, ഞാന്‍ പൊലീസ് മേധാവിയായിരിക്കുമ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ചോദ്യം നേരിടേണ്ടിവന്നാല്‍ അദ്ദേഹം ഇരുട്ടിലാകരുത്. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചുകൊടുക്കും. മറ്റേതു തസ്തികയിലായിരിക്കുമ്പോഴും അങ്ങനെയായിരുന്നു. മാത്യു ടി തോമസ് ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ ഞാന്‍ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്നല്ലോ. സാറിനത് അറിയാം. മന്ത്രിമാര്‍ ജനങ്ങളോട് നേരിട്ട് മറുപടി പറയേണ്ടവരാണ് എന്ന് എപ്പോഴും ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരിക്കണം. അതുകൊണ്ട് നടക്കുന്ന കാര്യങ്ങള്‍ അവരെ ധരിപ്പിച്ച് മുന്നോട്ടു പോകണം. പ്രത്യേകിച്ചും പുതിയതായി ഉണ്ടാകുന്ന കാര്യങ്ങള്‍. അവര്‍ പറയുന്നതു മാത്രം നമ്മള്‍ ചെയ്യണമെന്നല്ല. അവരുടെ തീരുമാനത്തിനു വിടണം.

ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. സര്‍, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയും. വേണോ വേണ്ടയോ എന്ന് സാറിനു തീരുമാനിക്കാം. എന്നോട് അദ്ദേഹം പറഞ്ഞത്, അങ്ങനെയാണ് സെന്‍കുമാര്‍ വേണ്ടത് എന്നാണ്. പ്രത്യക്ഷത്തില്‍ അദ്ദേഹം എന്നോട് വളരെ സൗഹാര്‍ദത്തിലായിരുന്നു. എനിക്കു തോന്നുന്നത് ചിലര്‍ അദ്ദേഹത്തെ ശരിക്കും കുരങ്ങ് കളിപ്പിക്കുന്നുണ്ടെന്നാണ്. ഒരു വിവരവും ഫീഡ് ചെയ്യുന്നില്ല. നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ ഇവരെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശക്. പ്രായോഗികമായി ഒരു വിവരവും ഇവര്‍ക്കാര്‍ക്കുമില്ല. ഒന്നേകാല്‍ വര്‍ഷം അദ്ദേഹത്തെ മോശം മുഖ്യമന്ത്രിയാക്കിയതും ഈ കോക്കസാണ്. ഞാന്‍ സിഎമ്മിനോട് പറഞ്ഞിരുന്നു, സാര്‍, വിജയാനന്ദ് ആണ് നല്ല ഓഫീസര്‍ എന്ന്. പക്ഷേ, ഇവരൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു വിശ്വാസമുണ്ടല്ലോ. ഒരു മൂന്നു മാസം ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ ആ വിശ്വാസങ്ങളെയൊക്കെ തകര്‍ത്തുവിട്ടേനെ. സെന്‍കുമാര്‍ വളരെ നല്ല പ്രൊഫഷണല്‍ ഓഫീസറാണെന്ന് മുഖ്യമന്ത്രി ആരോടൊക്കെയോ പറഞ്ഞുവെന്ന് അറിഞ്ഞു. കോക്കസിന്റെ ഓരോ ഇടങ്കോലിടലുകള്‍ക്കും ഞാന്‍ പ്രതികരിക്കാനും മറ്റും പോയാല്‍ എന്റെ ജോലി നടക്കില്ലായിരുന്നു. അവരുടെ ഉദ്ദേശവും അതായിരുന്നു. ജോലിയില്‍ നിന്ന് എന്റെ ശ്രദ്ധ തിരിക്കുക. അതിനു ഞാന്‍ നിന്നുകൊടുത്തില്ല. 

തച്ചങ്കരി, രാഹുല്‍ ആര്‍ നായര്‍, ഗോപാലകൃഷ്ണന്‍ പിന്നെ നളിനി എന്നിവരുടെ പ്രശ്‌നമുണ്ടാക്കല്‍ ശ്രമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, എനിക്ക് കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നു.  ഞാന്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ അംഗമാകുമെന്ന് വന്നപ്പോഴാണ് ഇല്ലാത്തത് പലതും കുത്തിപ്പൊക്കി കൊണ്ടുവരാന്‍ ശ്രമിച്ചത്. എനിക്കെതിരേ പരാതികളുമായി കോടതിയില്‍ പോയ പായിച്ചിറ നവാസ് ജേക്കബ് തോമസിന്റെ ഏജന്റായിരുന്നു. 

ജേക്കബ് തോമസ് സൂത്രക്കാരന്‍

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ജിഷ കേസിനേക്കുറിച്ച് റിപ്പോര്‍ട്ട് കൊടുത്തത് എന്റെ കാലത്തെ അന്വേഷണം ശരിയായിരുന്നുവെന്ന വിവരാവകാശപ്രകാരമുള്ള മറുപടി ശരിയല്ലെന്നു വരുത്താനാണ്. നളിനിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. 2016 ഡിസംബറില്‍ വിവരാവകാശ നിയപ്രകാരം ആഭ്യന്തര വകുപ്പില്‍ നിന്ന് എനിക്കു ലഭിച്ച വിവരമനുസരിച്ച് ജിഷ കേസില്‍ എന്റെ കാലത്തെ അന്വേഷണം ശരിയായിരുന്നു. ഒരു തെളിവും നഷ്ടപ്പെട്ടിരുന്നുമില്ല. അത് എന്നെ മാറ്റിയതുമായി ബന്ധപ്പെട്ട ഹര്‍ജിയോട് അനുബന്ധിച്ച് ഞാന്‍ ഹൈക്കോടതിയില്‍ കൊടുത്താല്‍ ജിഷ കേസില്‍ പിന്നീടുണ്ടായ കണ്ടെത്തലുകള്‍ പൊളിഞ്ഞുപോകും. അതുകൊണ്ട് ആ വിവരാവകാശ മറുപടി ശരിയല്ലെന്നു വരുത്താനാണ് വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടാക്കിയത്. തെറ്റായ രീതിയില്‍ അന്വേഷണം നടത്തിയ ആളുകള്‍ കൊടുത്തതാണ് ആ മറുപടി എന്ന് അവര്‍ക്ക് വരുത്തണമായിരുന്നു. മാധ്യമങ്ങള്‍ ഇതൊന്നും മനസിലാക്കുന്നില്ല. മിക്കപ്പോഴും പുറമേയ്ക്കുള്ളതു മാത്രമേ കാണുന്നുള്ളു. അടിയൊഴുക്കുകള്‍ അറിയുന്നില്ല.
ജേക്കബ് തോമസിനെപ്പോലെ സൂത്രക്കാരനായ അധികമാളുകളുണ്ടാകില്ല. ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്തെന്നാണല്ലോ പറയുന്നത്. ഒരുപ പൈസ കൊടുത്തിട്ടില്ല. നളിനി നെറ്റോയാണ് ആ ഫയലില്‍ അയാളെ രക്ഷിച്ചുകൊടുത്തത്.

ഉമ്മന്‍ ചാണ്ടിയോട് ജേക്കബ് തോമസിന് ഇത്ര വിരോധമുണ്ടാകാനുള്ള കാരണം 2005ല്‍ അയാളെ ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആക്കാതിരുന്നതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടി സാര്‍ തന്നെയാണ് ഇതെന്നോട് പറഞ്ഞത്. എട്ടോ ഒമ്പതോ പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതില്‍ ഏറ്റവും കുറവ് മാര്‍ക്ക് ഇയാള്‍ക്കായിരുന്നു. രാജശേഖരന്‍ പിള്ളയെയാണ് നിയമിച്ചത്. അന്ന് തുടങ്ങിയതാണ് വിരോധം. എന്നോടുള്ള വിരോധം തുടങ്ങിയത് ഞാന്‍ വിന്‍സന്റ് പോളിന്റെ കൂടെ നിന്നു എന്നതുകൊണ്ടാണ്. 2005ല്‍ ഞാന്‍ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുമ്പോള്‍ അതിനു വന്നയാളാണ്. അതുവരെ പ്രശ്‌നമില്ലായിരുന്നു. 


വിതുരയില്‍ തച്ചങ്കരിയും

വിതുരക്കേസില്‍ ഉണ്ടായത് രാഷ്ട്രീയ ഇടപെടലുകളല്ല, നിയമപരമായ ഇടപെടലുകളും മറ്റുമാണ്. അതിനേക്കുറിച്ച് ഇപ്പോള്‍ അധികം പറയുന്നില്ല. പിന്നെ, 1995ല്‍ ഉണ്ടായ സംഭവത്തില്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേസ് കോടതിയില്‍ വരുന്നത്. അതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. ഇത്തരം കേസുകള്‍ ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് തീര്‍ക്കണം. എന്നാലേ നീതി കിട്ടുകയുള്ളു. അവര്‍ക്ക് അവരുടെ ജീവിതമില്ലേ. ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മൊഴി കൊടുക്കാനും മറ്റും കയറി ഇറങ്ങാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. വിവാഹിതയായി വേറൊരു സാഹചര്യത്തിലായിരിക്കും ജീവിക്കുന്നത്. വിതുര കേസില്‍ അതാണ് സംഭവിച്ചത്.
മറ്റൊന്നുകൂടി പറയാം. ടോമിന്‍ ജെ തച്ചങ്കരി റൂറല്‍ എസ്പി ആയിരുന്ന പരിധിയിലാണ് ഈ അനാശാസ്യ കേന്ദ്രം നടന്നിരുന്നത്. പെണ്‍കുട്ടിയെ കുടുക്കി അവിടെ എത്തിച്ചതാണല്ലോ. ആ കേസിലെ ഒരു ഓഡിയോ ഞാന്‍ കേട്ടിട്ടുണ്ട്. സുരേഷ് എന്ന പ്രധാന പ്രതി പറയുന്നു. ഇന്ന് തച്ചങ്കരി വരുന്നുണ്ട്, അതുകൊണ്ട് ഞാന്‍ പുറത്തു വരുന്നില്ല എന്ന്. ഇവന്‍ സെലക്റ്റ് ചെയ്യും പെണ്‍കുട്ടികളെ. തച്ചങ്കരിയും കൈമളുമൊക്കെ ഉണ്ടായിരുന്നു. ( കസ്റ്റംസിലെ ഉദ്യോഗസ്ഥനായിരുന്ന കൈമള്‍. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല).

നെറ്റോയും നളിനിയും

ബന്ധമില്ലാത്തവര്‍ ശത്രുതയുണ്ടായാല്‍ തീര്‍ക്കാന്‍ എളുപ്പമായിരിക്കും. പക്ഷേ, അടുത്തു ബന്ധമുള്ളവര്‍ തമ്മില്‍ ശത്രുതയുണ്ടായാല്‍ അങ്ങനെയായിരിക്കില്ല. ഞാനൊന്നും ചെയ്തിട്ടല്ലല്ലോ. പിന്നെ ഞാനെന്തിന് അങ്ങോട്ടു പോകണം. നെറ്റോ സാറിന് കുറച്ച് മനസ്സോ മര്യാദയോ അവസരമോ ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാമായിരുന്നു. സെന്‍കുമാര്‍, ഇങ്ങനെ സംഭവിക്കുന്നതില്‍ വിഷമമുണ്ട്, നമുക്കിതൊന്നു സംസാരിച്ചുകൂടേ എന്ന്. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. അവരുടെ മേല്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല എന്നാണ് അതിന്റെ അര്‍ഥം. അങ്ങനെയാണല്ലോ മനസിലാക്കേണ്ടത്. എന്തായാലും ഒറ്റയ്ക്ക് അവരെ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. പലരുമുള്ള യോഗങ്ങള്‍ക്ക് പോയിട്ടുണ്ട്. 

നിങ്ങള്‍ക്കൊന്നും അറിയാന്‍ വയ്യാത്ത ചില സംഭവങ്ങളുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് ഉപരാഷ്ട്രപതി കേരളത്തില്‍ വന്നു. അദ്ദേഹത്തെ അനുഗമിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്‍ സംസ്ഥാനത്തെ അധികാരികളുടേതാണ്. ഏതു വിവിഐപി വരുമ്പോഴും ഏറ്റവും മുന്നില്‍ അവരുടെ ഒരു ചെറിയ മോട്ടോര്‍ കേഡര്‍, ഗവര്‍ണറുണ്ടെങ്കില്‍ തൊട്ടുപിറകില്‍ ഗവര്‍ണര്‍, അതിനു പിന്നില്‍ മുഖ്യമന്ത്രി, അതിനു പിന്നില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയുമൊക്കെ സഞ്ചരിക്കുന്ന, അല്ലെങ്കില്‍ അവരുടെ നോമിനികള്‍ സഞ്ചരിക്കുന്ന വാഹനം എന്നിങ്ങനെ. എന്തെങ്കിലും രീതിയില്‍ ഒരു ബ്ലോക്കോ മറ്റോ ഉണ്ടായാല്‍ വിവിഐപിയുടെ അടുത്തു ചെന്ന് ബോധ്യപ്പെടുത്താനും കാര്യങ്ങള്‍ നിയന്ത്രിക്കാനുമൊക്കെ ഉദ്ദേശിച്ചാണിത്. ഉപരാഷ്ട്രപതി വന്നപ്പോഴത്തെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു, പിന്നീട് കാണേണ്ടിയും വന്നു. കുറ്റബോധമുള്ളതുകൊണ്ടായിരിക്കാം അവര്‍ എന്റെ മുഖത്തു നോക്കിയില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ അവരെന്തു ചെയ്‌തെന്നറിയാമോ. കണ്ണുകള്‍ തമ്മില്‍ ഇടയേണ്ടി വരുന്നത് ഒഴിവാക്കാന്‍ കറുത്ത കട്ടിക്കണ്ണട വച്ച് വന്നു. എന്റെ കൈയില്‍ ഫോട്ടോയുണ്ട്. മുമ്പ് മധുരയില്‍ ഇങ്ങനെ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ കറുത്ത കണ്ണട വച്ചു വന്ന കളക്ടറെ കേന്ദ്ര സര്‍ക്കാര്‍ താക്കീതു ചെയ്തിട്ടുണ്ട്. അവര്‍ ഞാനുള്ള വണ്ടിയില്‍ കയറിയില്ല. ഓരോ ചടങ്ങില്‍ നിന്നും അടുത്തതിലേക്കു പോകാന്‍ ഓടി അഡ്വാന്‍സ് പൈലറ്റിന്റെ മുമ്പിലുള്ള ഏതെങ്കിലും വണ്ടിയില്‍ കയറുകയാണു ചെയ്തത്. ഇടയ്ക്ക് കമ്മിഷണറുടെ വണ്ടിയിലൊക്കെയാണ് യാത്ര ചെയ്തത്. ഞാനെന്തിനു വിഷമിക്കണം. ഞാനെന്റെ ജോലി ചെയ്യുന്നു. എന്നെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് എന്ന് മനസിലായി. 

നളിനി നെറ്റോയുടെ വൈരാഗ്യം എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായി വന്നതുകൊണ്ട് അവര്‍ ആ കസേരയിലെത്താന്‍ വൈകി എന്നതാണ്. ഞാനും കെ എം ഏബ്രഹാമുമാണ് വിജയാനന്ദ് സാറിനെ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവരാന്‍ ഇടപെട്ടത് എന്ന വിരോധം. അതുതന്നെയാണ്. വിജയാനന്ദിനെ കേന്ദ്രത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവന്ന് ചീഫ് സെക്രട്ടറിയാക്കാന്‍ 2016 ഫെബ്രുവരി 15ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനമെടുക്കും എന്ന് അറിഞ്ഞപ്പോള്‍ നളിനി വിജയാനന്ദിനെ വിളിച്ചു ചോദിച്ചു, എന്തിനാ നിങ്ങള്‍ തിരിച്ചുവരുന്നത് എന്ന്. അവിടെ എന്തുകൊണ്ട് തുടര്‍ന്നുകൂടാ എന്ന്. വിജയാനന്ദ് എന്നോട് പറഞ്ഞതാണ്. ചിലരുടെ മനസ് അങ്ങനെയാണ്. വിജയാനന്ദ് വിരമിക്കുന്നതിനു മുമ്പായിരുന്നെങ്കില്‍ എന്റെ രണ്ടുമാസം സുഗമമായി പോയേനെ. അത്തരമൊരു നിര്‍ണായക തസ്തികയില്‍ ഇരിക്കുന്നവര്‍ പ്രോപ്പറായിരിക്കണം. നളിനിയുടെ ഏറ്റവുമടുത്ത സുഹൃത്താരാ, തച്ചങ്കരി. പിന്നെങ്ങനെയാണ്. എന്റെ പെന്‍ഷന്‍ പേപ്പറുകളൊന്നും ഇതുവരെ അവര്‍ അയച്ചിട്ടില്ല. കെഎറ്റിയുടെ കാര്യത്തില്‍ വിജിലന്‍സ് ക്ലിയറന്‍സൊക്കെ എപ്പഴേ വന്നിട്ടും ഇവര്‍ അങ്ങോട്ട് അറിയിച്ചിട്ടില്ല. എനിക്കെതിരേ ആറ് കേസുകളൊക്കെ ഉണ്ടെന്ന് റിപ്പോര്‍ട്ട് കൊടുത്തെങ്കിലും പൊളിഞ്ഞുപോയല്ലോ. 

25 ശതമാനം സ്ത്രീപീഡന പരാതികള്‍ വ്യാജം

2013ലെ സ്ത്രീസുരക്ഷാ നിയമം വന്നതിനു ശേഷം സ്ത്രീപീഡനക്കേസുകളിലും ശിക്ഷയിലും സ്ഥിതി മുമ്പത്തേക്കാള്‍ വളരെ മാറിയിട്ടുണ്ട്. പക്ഷേ, സ്ത്രീപീഡന പരാതികളില്‍ ശരിയായവയും അല്ലാത്തവയും വേര്‍തിരിച്ചു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. നളിനി നെറ്റോ പണ്ട് നീലലോഹിത ദാസിനെതിരേ കൊടുത്ത കേസിന്റെ കാലം വരെയൊക്കെ ഞാന്‍ വിചാരിച്ചിരുന്നത് സ്ത്രീപീഡന പരാതികളില്‍ 95 ശതമാനവും യഥാര്‍ഥത്തില്‍ ഉള്ളതാണ് എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനത് 75 ശതമാനമായി കുറച്ചു. ബാക്കി 25 ശതമാനവും കള്ളികളാണെന്ന് വിശ്വസിക്കേണ്ടി വരുന്നു. കാരണം, അത്രമേല്‍ അനുഭവങ്ങള്‍ സര്‍വീസില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വളരെ ശരിയായ വഴിയിലുള്ള അന്വേഷണം വേണം. മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ. പക്ഷേ, സ്ത്രീകളുടെയും കുട്ടികളുടെയും കേസുകളില്‍ പ്രത്യേക യൂണിറ്റുകള്‍ വേണം. അതൊന്നും കൊടുത്തിട്ടില്ല. ഉദാഹരണത്തിന്, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് യൂണിഫോമില്‍ പോകാന്‍ പാടില്ല, പൊലീസിന്റെ വണ്ടിയില്‍ പോകാന്‍ പാടില്ല. സ്വാഭാവികമായും അതിനനുസരിച്ച് സൗകര്യങ്ങളും വേറെ വണ്ടിയുമൊക്കെ കൊടുക്കണം. വന്നിരിക്കുന്ന ഗതികേട് എന്താണെന്നുവച്ചാല്‍, നൂറു കണക്കിന് ചുമതലകള്‍ അധികമായി വരുന്നുണ്ടെങ്കിലും ഒരാളെപ്പോലും പുതിയതായി വയ്ക്കുന്നില്ല. 

ദിലീപിനെതിരെ ഒരു തെളിവുമില്ല, കേസില്‍ സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്

അടിസ്ഥാനപരമായി എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല അതുകൊണ്ട് സന്ധ്യ തന്നെ അന്വേഷിക്കേണ്ട എന്ന് ഞാന്‍ നിര്‍ദേശം കൊടുത്ത അന്ന് അവരവിടെ വന്നിരുന്നു, പൊലീസ് ആസ്ഥാനത്ത്.  സാര്‍ അങ്ങനെയൊരു ഓര്‍ഡറിട്ടത് എനിക്ക് ഭയങ്കര വിഷമമായി എന്ന് എന്നോടു പറഞ്ഞു. നിങ്ങളെന്താണീ ചെയ്യുന്നതൊക്കെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സാറെന്നോടു ചോദിച്ചോ എന്നാണ് അപ്പോഴവരുടെ ചോദ്യം. എനിക്ക് ദേഷ്യം വന്നു. ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടാണോ ചെയ്യുന്നത്? അഹങ്കാരമല്ലേ അത്.

ആ കേസില്‍ ഇതുവരെ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതില്‍ ആകെയുള്ളത് സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെ ഉണ്ടായിട്ടുള്ള ബാഡ് ഇമേജ് പരിഹരിക്കാനുള്ള ഇടപെടലാണ്. ദിലീപിനെതിരേ ഒരു തെളിവുമില്ല, ഇതുവരെ. സുനില്‍കുമാര്‍ മുമ്പേ ഈ രീതിയില്‍ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ളയാളാണ്. 2013ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവന്‍ അഡ്വാന്‍സ് വാങ്ങാതെ അതു ചെയ്യുമോ. മഞ്ജു വാര്യരെ തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നത്. 

സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രയ്ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്, അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. പക്ഷേ, ഞാന്‍ അവരെ പ്രൊട്ടക്റ്റ് ചെയ്യുകയാണുണ്ടായത്. ആ കേസ് വേണമെങ്കില്‍ മുഖ്യമന്ത്രിയോടു പോലും ചോദിക്കാതെ പൊലീസ് മേധാവിക്ക് െ്രെകംബ്രാഞ്ചിന് വിടാമായിരുന്നു. പക്ഷേ, ഒരു സെന്‍സേഷനല്‍ കേസെന്ന നിലയ്ക്ക് ചോദിച്ചതാണ്. അദ്ദേഹം അപ്പോള്‍ത്തന്നെ സമ്മതിച്ചു. വാസ്തവത്തില്‍ ഞാന്‍ സന്ധ്യയെ പ്രോട്ടക്റ്റ് ചെയ്തിട്ടുള്ളതിന്റെ പത്തിലൊന്നു പോലും... അതുകൊണ്ടാണല്ലോ സാറെന്നോടു ചോദിച്ചില്ലല്ലോ എന്നു നടിയുടെ കേസില്‍ അവരെന്നോട് പറഞ്ഞത്. സീനിയര്‍ ഓഫീസറോടു താഴെയുള്ള ഓഫീസര്‍ ചോദിക്കാവുന്നതല്ലല്ലോ അത്. 

നാദിര്‍ഷാ തച്ചങ്കരിയെ വൈറ്റിലയില്‍ വച്ചു കണ്ടിട്ടുണ്ട്. ഞാന്‍ അത് അപ്പഴേ അറിഞ്ഞു. നേരത്തേ എന്തോ കാസറ്റൊക്കെ ഇറക്കിയ ബന്ധമുണ്ട് അവര്‍ തമ്മില്‍. നിങ്ങള്‍ക്കറിയാമോ, തച്ചങ്കരിയാണ് എ കെ ശശീന്ദ്രനെ പുറത്താക്കാന്‍ മംഗളവുമായി ചേര്‍ന്ന് ആരോപണം കൊണ്ടുവന്നത്. ശശീന്ദ്രന്‍ മന്ത്രിയാണല്ലോ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ടീന്ന് നീക്കിയത്. 


പൊരുതാന്‍ നിര്‍ബന്ധിതനാക്കിയത് ഒന്നേകാല്‍ വര്‍ഷത്തെ അനീതി

ഒന്നു പറയാം, ഞാന്‍ സാധാരണഗതിയില്‍ ഡിജിപിയായി വിരമിച്ചിരുന്നെങ്കില്‍ കെഎറ്റിയില്‍ കിട്ടിയാല്‍ സന്തോഷത്തോടെ അതില്‍ ജോയിന്‍ ചെയ്‌തേനേ. ഇന്നത്തോളം ഒരു ഫീലിങ് അപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിവില്‍ സര്‍വന്റായി അഞ്ച് വര്‍ഷംകൂടി തുടരുകയായിരുന്നിരിക്കും ചെയ്യുക. പക്ഷേ, എന്നോട് കുറേയധികം അനീതിയുണ്ടായി എന്ന് തോന്നിയതുകൊണ്ടാണ് ഇനിയും പൊരുതുക തന്നെ വേണം എന്ന നിലപാടിലേക്ക് എത്തിയത്. അതില്‍ കഴിഞ്ഞ ഒരു വര്‍ഷവും ചില മാസങ്ങളും വളരെ പ്രധാനമാണ്. അതിനുമുമ്പും ഞാന്‍ നീതിക്കൊപ്പം തന്നെയാണ്. രാഷ്ട്രീയത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ആര്‍ക്കും സത്യം ചര്‍ച്ച ചെയ്യേണ്ട. എല്ലാവരും പലതും ഒളിപ്പിച്ചുവയ്ക്കുകയാണ്. ചില കാര്യങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുക തന്നെ വേണം. അതല്ലാതെ എങ്ങനെ മുന്നോട്ടു പോകാനാകും. മിക്ക പാര്‍ട്ടികള്‍ക്കും യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ല. 

ഞാന്‍ കെഎറ്റിയിലൊന്നും പോകാന്‍ പോകുന്നില്ല. അതില്‍ പോയാല്‍പ്പിന്നെ എനിക്ക് വല്ലതും പറയാന്‍ പറ്റ്വോ. വീണ്ടും അഞ്ച് വര്‍ഷം ഒരു സ്വാതന്ത്ര്യവുമുണ്ടാകില്ല. ശമ്പള സുരക്ഷയും വാഹനവും സെക്യൂരിറ്റിയുമൊക്കെ കിട്ടുമായിരിക്കും. അതുകഴിയുമ്പോള്‍ ഞാനൊരു ചീഞ്ഞ പഴമായിരിക്കും. ഉള്ള സെക്യൂരിറ്റി എടുത്തുകളയുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. എനിക്ക് ബി കാറ്റഗറി സുരക്ഷയാണുള്ളത്. അതുപ്രകാരം മുഴുവന്‍ സമയവും വണ്‍ പ്ലസ് ത്രീ സായുധ അംഗരക്ഷകര്‍, എവിടെപ്പോകുന്നോ അവിടെ വണ്‍ പ്ലസ് ത്രീ ഗാര്‍ഡ് വേറെ, എന്റെ കൂടെ 24 മണിക്കൂറും ആയുധധാരിയായ ഒരു ഓഫീസര്‍, സുരക്ഷാ സ്‌ക്രീനിംഗിന് 24 മണിക്കൂറും ഒരുദ്യോഗസ്ഥന്‍ ഇത്രയുമാണ് വേണ്ടത്. എല്ലാം കൂടി നോക്കുമ്പോള്‍ 30 പേരെ വയ്ക്കാം. പക്ഷേ, ഞാന്‍ ആകെ വച്ചിരിക്കുന്നത് മൂന്നു പേരെയാണ്. എനിക്ക് ഐഎസ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പിന്നെ, എസ്ഡിപിഐയുടെ ഒരു വന്‍ ആക്രമണം ഇല്ലാതാക്കിയത് ഞാനാണ്. പിന്നെ മാവോയിസ്റ്റ് ഭീഷണിയും. മാവോയിസ്റ്റുകള്‍ക്കെതിരേ പൊലീസിന്റെ പക്ഷത്തു നിന്ന് പ്രതിരോധിക്കാന്‍ ഞാനേ ഉണ്ടായിരുന്നുള്ളല്ലോ. 

വെറുതേയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, നിശ്ശബ്ദനായിരിക്കുകയുമില്ല. 

ഞാന്‍ സജീവമായിരിക്കും. നിശ്ശബ്ദനായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, എന്തു ചെയ്യുന്നതും മൂന്നു മാസത്തിനു ശേഷം മാത്രമേയുള്ളു. സ്വന്തം കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നു പറയുന്നില്ല. രാഷ്ട്രീയം വിലക്കപ്പെട്ട മേഖലയൊന്നുമല്ല. എന്നാല്‍ എവിടെ, എങ്ങനെ, എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. സര്‍വ്വീസ് സ്‌റ്റോറിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഡിസി ബുക്‌സ് ആയിരിക്കും അത് പ്രസിദ്ധീകരിക്കുക. പക്ഷേ, ഏതു രീതിയില്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷക്കാലത്തെ മാത്രം അനുഭവങ്ങള്‍ ഒരു പുസ്തകമാക്കണം എന്നാണ് അവരുടെ ആവശ്യം. എങ്ങനെ ആ കാലത്തെ അതിജീവിച്ചു എന്നത്. ശരിക്കും രണ്ടാമത് ചുമതലയേറ്റ ശേഷമുള്ള 55 ദിവസങ്ങള്‍ മാത്രമെടുത്താലും ഏറെ ബുദ്ധിമുട്ടിയതിന്റെ അനുഭവങ്ങള്‍ പറയാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com