സ്ത്രീകള്‍ക്കായി വണ്‍ഡെ ഹോം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

  ഒറ്റയ്ക്ക് എത്തപ്പെടുന്ന സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യം , ഭക്ഷണം എന്നിവ തുച്ഛമായ നിരക്കില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം
സ്ത്രീകള്‍ക്കായി വണ്‍ഡെ ഹോം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ നിന്ന് തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് നഗര ഹൃദയഭാഗത്ത് തന്നെ സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു എകദിന വസതി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. സാമൂഹ്യനീതി വകുപ്പും ഇതര വകുപ്പുകളുമായി സംയോജിച്ച് നടപ്പാക്കിവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.

വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും രാത്രികാലങ്ങളില്‍ അഭയസ്ഥാനമന്വേഷിച്ച് വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ വരുന്നുണ്ടെങ്കിലും നിയമപ്രകാരം ഇവരെ പാര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ആയതിനാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സുരക്ഷിതമായ ഒരു താമസസൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ' വണ്‍ ഡേ ഹോം ' പദ്ധതി ആരംഭിച്ചിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിച്ച് തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ , വിവിധതരം മത്സര പരീക്ഷകളില്‍ പങ്കെടുക്കേണ്ടിവരുന്ന വനിതാ ഉദ്യോഗാര്‍ത്ഥികള്‍ , സെക്രട്ടറിയേറ്റ് / മറ്റുവകുപ്പ് ഡയറക്ടറേറ്റുകള്‍ എന്നിവിടങ്ങളില്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമായി രാത്രിയോ ,വൈകുന്നേരങ്ങളിലോ ഒറ്റയ്ക്ക് എത്തപ്പെടുന്ന സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യം , ഭക്ഷണം എന്നിവ തുച്ഛമായ നിരക്കില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

തിരുവനന്തപുരം നഗരത്തില്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് വേണ്ടി തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സ്‌റ്റേഷനില്‍ ഉള്ള കെട്ടിടസമുച്ചയത്തിലെ  എട്ടാം നിലയിലാണ് സ്ഥലം തെരെഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com