കാവ്യാ മാധവനെ ചോദ്യം ചെയ്യും; കൂടുതല്‍ താരങ്ങള്‍ അന്വേഷണ പരിധിയിലെന്ന് പൊലീസ്

കേസിലെ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, സിനിമാരംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് ചോദ്യംചെയ്യല്‍
കാവ്യാ മാധവനെ ചോദ്യം ചെയ്യും; കൂടുതല്‍ താരങ്ങള്‍ അന്വേഷണ പരിധിയിലെന്ന് പൊലീസ്

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യും. കേസിലെ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, സിനിമാരംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് ചോദ്യംചെയ്യല്‍. ശനിയാഴ്ചയ്ക്കു ശേഷമാകും ചോദ്യം ചെയ്യല്‍. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് ഉന്നത വൃത്തങ്ങള്‍ ്അറിയിച്ചു. ഈ കേസില്‍ നടി മഞ്ജുവാര്യരെ ചോദ്യം ചെയ്‌തെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മഞ്ജുവിനെ ചോദ്യം ചെയ്തിട്ടില്ലെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ മഞ്ജുവില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തിരുന്നു. കാക്കനാടുള്ള കടയില്‍ സുനില്‍ കുമാര്‍ എന്തോ കൈമാറിയിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്നായിരുന്നു ഇത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ആണോ ഇതെന്നായിരുന്നു പൊലീസ് സംശയിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ കിട്ടിയത് അവിടെനിന്നല്ലെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. കാക്കനാട്ടെ കടയില്‍ പരിശോധന നടത്തും മുമ്പുതന്നെ ദൃശ്യങ്ങള്‍ പൊലീസ് കോടതിക്കു കൈമാറിയിരുന്നു. 

കേസില്‍ കലാഭവന്‍ കെ എസ് പ്രസാദിനെയും നിര്‍മാതാവ് ആന്റോ ജോസഫിനെയും ഇന്നലെ ആലുവ പൊലീസ്‌ക്‌ളബ്ബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. എന്നാല്‍, തന്നെ ആരും ചോദ്യംചെയ്തില്ലെന്നും സുഹൃത്തിനോടു സംസാരിച്ചിരിക്കാനാണ് പോയതെന്നുമാണ് പൊലീസ് ക്ലബില്‍നിന്ന് ഇറങ്ങിവന്ന പ്രസാദ് മാധ്യമങ്ങളോടുപറഞ്ഞത്. നടിയെ ആക്രമിച്ച സംഭവം നടന്ന ഉടനെ പി ടി തോമസ് എംഎല്‍എ അറിയിച്ചതനുസരിച്ച് ആന്റോ ജോസഫ് സ്ഥലത്തെത്തിയിരുന്നു. ആന്റോയുടെ ഫോണിലാണ് പി ടി തോമസ് പള്‍സര്‍ സുനിയെ വിളിച്ചത്.

അതിനിടെ, സുനി ജയിലില്‍ ഉപയോഗിച്ചത് സേലം സ്വദേശി സാമിക്കണ്ണന്റെ ഫോണാണെന്ന് പൊലീസ് കണ്ടെത്തി. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയായ മകന് വാങ്ങി നല്‍കിയ ഫോണ്‍ കഴിഞ്ഞ ഒക്ടോബറില്‍ മോഷണം പോയിരുന്നുവെന്ന് ഇയാള്‍ മൊഴിനല്‍കി. ഏപ്രില്‍ 10 മുതലാണ് ഈ നമ്പര്‍ സുനി തടവിലായിരുന്ന കാക്കനാട് ജയില്‍പരിധിയില്‍ സജീവമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com