ശ്രീറാമിന്റെത് സ്ഥാനക്കയറ്റമെന്ന വാദം പച്ചക്കള്ളം; സ്ഥലം മാറ്റം മാത്രം

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നെന്ന സര്‍ക്കാരിന്റ വാദം കള്ളം -  സ്ഥലംമാറ്റം മാത്രമാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു
ശ്രീറാമിന്റെത് സ്ഥാനക്കയറ്റമെന്ന വാദം പച്ചക്കള്ളം; സ്ഥലം മാറ്റം മാത്രം

 ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നെന്ന സര്‍ക്കാരിന്റ വാദം കള്ളം. സ്ഥലംമാറ്റം മാത്രമാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ആറാം തിയ്യതി പൊതുഭരണകൂടം പുറത്തിറക്കിയ ഉത്തരവാണ് ഇത് വ്യക്തമാക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനുള്‍പ്പെടെ മറ്റ് നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിത്.  ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രയിനിങ് വിഭാഗത്തിന്റെ ഡയറക്ടറായാണ് സ്ഥലം മാറ്റിയത്.

ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ നടപടിക്കുറിപ്പുകള്‍ തന്നെ വ്യക്തമാക്കുന്നു. ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ( കെഎല്‍: 2013) നെ എംപ്ലോയ്‌മെന്റ് ട്രയിനിംഗ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നത്. സ്ഥലം മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടായിരുന്നില്ലെങ്കിലും ഔട്ട് ഓഫ് അജണ്ടയായി ഉള്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ നടപടികളുമായി ബന്ധപ്പെട്ട് സിപിഎം സിപിഐ നേതാക്കന്‍മാരെല്ലാം സ്ഥാനക്കയറ്റമാണെന്ന് പറഞ്ഞപ്പോഴും ഇക്കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറ്റൊന്നും പറഞ്ഞിരുന്നില്ല. ശ്രീറാമിന് അര്‍ഹമായ സ്ഥാനക്കയറ്റമാണ് സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അദ്ദേഹത്തെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമെന്നുമായിരുന്നു കോടിയേരിയുടെ അഭിപ്രായം. സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്. അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

മൂന്നാറിലെ 22 സെന്റ് കൈക്കൊണ്ട നടപടികള്‍ ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്. 2016 ജൂലായ് 22നായിരുന്നു ദേവികുളം സബ്കളക്ടറായി ശ്രീറാം ചുമതലയേറ്റത്. അനധികൃത കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടി തുടങ്ങിയതോടെ കളക്ടര്‍ മാടമ്പിയാകുന്നുവെന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞത്. ചിന്നക്കനാലില്‍ 30 ഏക്കര്‍ കൈയേറിയതും നാടകീയമായി ഒഴിപ്പിച്ചു. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയില്‍ പ്രാര്‍ത്ഥനാ സംഘത്തിന്‍രെ ഉടമസ്ഥതിയിലുള്ള താല്‍ക്കാലിക ആരാധാനലായവും കുരിശും റവന്യൂ അധികൃതര്‍ പൊളിച്ചുമാറ്റി. പിന്നാലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സ്ഥിതി ചെയ്യുന്ന 22 സെന്റ് സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ വകയാണെന്നും ഉടന്‍ ഒഴിയണമെന്നും നോട്ടീസ് നല്‍കി. തുടര്‍ന്ന് ഉടമ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ കളക്ടറുടെ നടപടിക്കെതിരെ മൂന്നാറിലെ സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ കാണുന്നു. മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിലില്‍ മുഖ്യമന്ത്രിയുടെ വിളിച്ച യോഗത്തിന്റെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതായി വാര്‍ത്തകള്‍ വന്നത്. വീണ്ടും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്നും റവന്യൂമന്ത്രി വിട്ടുനില്‍ക്കുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹോം സ്‌റ്റേ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി വ്യക്തമാക്കുന്നു. പിന്നാലെ ജൂലായ് അഞ്ചിനുചേര്‍ന്ന മന്ത്രിസഭായോഗം ശ്രീറാമിനെ മാറ്റാന്‍ തീരുമാനിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com