സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലില്‍; കെഎടി നിയമനത്തില്‍ സര്‍ക്കാര്‍ അയച്ചത് സെന്‍കുമാറിനെതിരായ റിപ്പോര്‍ട്ട്

സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലില്‍; കെഎടി നിയമനത്തില്‍ സര്‍ക്കാര്‍ അയച്ചത് സെന്‍കുമാറിനെതിരായ റിപ്പോര്‍ട്ട്

സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന ഒരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നാണ് കേന്ദ്രത്തിന് നല്‍കിയ കത്തിലെ സര്‍ക്കാര്‍ നിലപാട്‌

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് അയച്ച ശുപാര്‍ശയില്‍ സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത് കടുത്ത വിമര്‍ശനങ്ങള്‍. മുന്‍ ഡിജിപിയായ സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. 

കെഎടിയില്‍ അംഗങ്ങളായി നിയമിക്കേണ്ടവരെ സംബന്ധിച്ച് കേന്ദ്രത്തിന് ശുപാര്‍ശ അയച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു എങ്കിലും കത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നില്ല. സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന ഒരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നാണ് ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, കേന്ദ്ര പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്ന കത്തില്‍ പറയുന്നത്. 

സെന്‍കുമാറിനെ കെഎടി അംഗമായി തെരഞ്ഞെടുക്കുന്നതിലുള്ള എതിര്‍പ്പ് വ്യക്തമാക്കിയും, പുതിയ തെരഞ്ഞെടുപ്പിനായി വീണ്ടും പരസ്യം നല്‍കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും ഏറെ നാള്‍ കത്ത് പിടിച്ചുവെച്ച്, സെന്‍കുമാര്‍ വിരമിക്കുന്നതിന് തലേ ദിവസം 29ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. 

ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അംഗീകാരത്തോടെയായിരുന്നു സെന്‍കുമാറിനെതിരായ സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങള്‍. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിന് എതിരെ സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ നിയമയുദ്ധത്തിന് പുറപ്പെട്ടപ്പോള്‍ തന്നെ കെഎടി അംഗമായി സെന്‍കുമാറിനെ തെരഞ്ഞെടുക്കുന്നതിനെതിരെ സര്‍ക്കാര്‍ പടപ്പുറപ്പാട് തുടങ്ങിയിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ കത്തിനൊപ്പം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന്റെ മിനിറ്റ്‌സും, സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയ കുറിപ്പും, ഗവര്‍ണര്‍ പി.സദാശിവത്തിന്റെ അഭിപ്രായവും കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 

കെഎടി നിയമനം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു എന്ന ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കാം എന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിനെതിരായ നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചതോടെ ഏപ്രില്‍ 10ന് സെന്‍കുമാറിനെതിരായ പരാമര്‍ശങ്ങളോടെ ശുപാര്‍ശയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com