സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലേക്കോ? മുന്‍ ഡിജിപി ബിജെപി മുഖപത്രത്തിന്റെ പരിപാടിയില്‍

ജന്മഭൂമി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലാണ് സെന്‍കുമാര്‍ പങ്കെടുക്കുന്നത്
സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലേക്കോ? മുന്‍ ഡിജിപി ബിജെപി മുഖപത്രത്തിന്റെ പരിപാടിയില്‍

കൊച്ചി: സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലേക്ക് നീങ്ങുകയാണെന്ന സംശയം ഉയരുന്നതിനിടെ ബിജെപി മുഖപത്രം സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നു. ജന്മഭൂമി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലാണ് സെന്‍കുമാര്‍ പങ്കെടുക്കുന്നത്. 

ഡിജിപി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ സെന്‍കുമാറിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്കു പരോക്ഷമായി സ്വാഗതം ചെയ്തിരുന്നു. ഇരുമുന്നണികളുടെയും ഭരണം നേരിട്ടു കണ്ടിട്ടുള്ള ആളാണ് സെന്‍കുമാര്‍. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും നേരിട്ടു കണ്ടിട്ടുള്ള അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരു അവസരമാണ് തുറന്നിരിക്കുന്നതെന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സെന്‍കുമാര്‍ കിരണ്‍ ബേദിയുടെയും സത്യപാല്‍ സിങ്ങിന്റെയും പാത പിന്‍തുടരുന്നത് കേരള ജനത കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിനോട് പ്രതികരിച്ചില്ലെങ്കിലും രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യങ്ങളോട് നിഷേധാത്മകമല്ലാത്ത വിധത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നു പറയുന്നില്ലെന്നാണ് സമകാലിക മലയാളവുമായുള്ള അഭിമുഖത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയം വിലക്കപ്പെട്ട മേഖലയൊന്നുമല്ല. എന്നാല്‍ എവിടെ, എങ്ങനെ, എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. 

ഐഎസിനെയും ആര്‍എസ്എസിനെയും താരതമ്യപ്പെടുത്താനാവില്ലെന്നും ദേശവിരുദ്ധമായ മതതീവ്രവാദമാണ് അപകടകരമെന്നും അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വ്യാപകമായ വിമര്‍ശനത്തിനാണ് ഇടവച്ചത്. സംഘപരിവാറിന്റെ വാദങ്ങളാണ് സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലേക്കു നീങ്ങുകയാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ ബിജെപി മുഖപത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. 

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അഭിനന്ദിക്കാനാണ് ജന്മഭൂമി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ടഗോര്‍ തിയറ്ററില്‍ നടക്കുന്ന സംഗമത്തില്‍ സുരേഷ് ഗോപി എംപിയാണ് മുഖ്യാതിഥി. സെന്‍കുമാറിനു പുറമേ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

എസ്എസ്എല്‍സി, പ്ലസ് ടു ജേതാക്കളെ അഭിനന്ദിക്കാന്‍ നടത്തുന്ന പരിപാടിയാണെങ്കിലും പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി പരിപാടിയുടെ ഭാഗമാണ്, മുഖപത്രത്തിന്റെ പരിപാടിയും എന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ മാസം നടത്തിയ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൗരസംഗമം സംഘടിപ്പിച്ച് പ്രമുഖരെ എത്തിക്കാന്‍ പാര്‍ട്ടി നീക്കം നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഉടനീളം സാംസ്‌കാരിക, ബിസിനസ് രംഗത്തെ പലരെയും സമീപിച്ചെങ്കിലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പരിപാടിക്കെത്തിയത്. 

മുന്‍ അംസാബസഡര്‍ ടിപി ശ്രീനിവാസന്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ആര്‍ മാധവന്‍ നായര്‍, ചലച്ചിത്ര നടന്‍ ബാബു നമ്പൂതിരി, ഗായകന്‍ ജി വേണുഗോപാല്‍, സംഗീതജ്ഞ ഓമനക്കുട്ടി എന്നിവരാണ് ബിജെപിയുടെ പൗരസംഗമത്തിനെത്തിയ പ്രമുഖര്‍. അമിത് ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന സംഗമത്തിനായി സംസ്ഥാനത്തെ ഒട്ടുമിക്ക സാംസ്‌കാരിക നായകരെയും ബിജെപി നേതൃത്വം ബന്ധപ്പെട്ടിരുന്നു. പരമാവധി പേരെ സംഗമത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് സംസ്‌കാരിക നായകര്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.  ചലച്ചിത്ര രംഗത്തുനിന്ന് ചില പ്രമുഖര്‍ സംഗമത്തിന് എത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം ഇവര്‍ ഒഴിവാകുകയായിരുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള അര ഡസന്‍ പെരെയെങ്കിലും സംഗമത്തിന് എത്തിക്കാനും ബിജെപി സംസ്ഥാന നേതൃത്വം പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ സിപിഐയില്‍നിന്നു പുറത്താക്കപ്പെട്ട് ആര്‍എസ്പിയിലും ജനതാദളിലും എത്തിയ വെഞ്ഞാറമൂട് ശശി മാത്രമാണ് പരിപാടിക്ക് എത്തിയത്. കൊട്ടിഘോഷിച്ചു നടത്തിയ പരിപാടി കാര്യമായ പ്രതികരണമൊന്നുമില്ലാതെ പോയതില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണ്. അമിത് ഷാ നേതാക്കളെ ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചാണ് മടങ്ങിയത് എന്നാണ് സൂചനകള്‍. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ച്ചയായാണ് സമാന സ്വഭാവത്തിലുള്ള പരിപാടികള്‍ ബിജെപി സംഘടിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com