എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? 

തൊണ്ണൂറ്റിയൊന്‍പതിലേക്കു കടക്കുകയാണ് കെആര്‍ ഗൗരിയമ്മ. വിഖ്യാതമായ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗത്തില്‍ ഇരുന്നപ്പോഴുള്ള, താന്‍പോരിമ എന്നു പാര്‍ട്ടി പിന്നീടു വിശേഷിപ്പിച്ച തലയെടുപ്പ് ഇന്നു
ഗൗരിയമ്മ / ഫയല്‍
ഗൗരിയമ്മ / ഫയല്‍

തൊണ്ണൂറ്റിയൊന്‍പതിലേക്കു കടക്കുകയാണ് കെആര്‍ ഗൗരിയമ്മ. വിഖ്യാതമായ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗത്തില്‍ ഇരുന്നപ്പോഴുള്ള, താന്‍പോരിമ എന്നു പാര്‍ട്ടി പിന്നീടു വിശേഷിപ്പിച്ച തലയെടുപ്പ് ഇന്നും കൈമോശം വന്നിട്ടില്ല രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന നേതാവിന്.
 

ലാല്‍സലാം ഇറങ്ങി കുറെക്കാലം കഴിഞ്ഞാണ്. ടിവിയെയും ഗൗരിയമ്മയെയും വര്‍ഗീസ് വൈദ്യനെയുമെല്ലാം കഥാപാത്രങ്ങളാക്കിയ ലാല്‍സലാം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടിരുന്നു. ഗൗരിയമ്മയുടെയും ടിവിയുടെയും ജീവിതമായിരുന്നു, സിനിമയുടെ കഥാതന്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയ കാലത്തിന്റെ കഥ പറഞ്ഞ സിനിമയെ അനുകൂലിച്ചും എതിര്‍ത്തും വാദഗതികള്‍ ഉയര്‍ന്നു. ആ ചര്‍ച്ചകളുടെ അലയൊലികള്‍ ഏതാണ്ട് ഒടുങ്ങിയിരുന്നു. അപ്പോഴാണ് ഗൗരിയമ്മ ചോദിക്കുന്നത്:

എടാ നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം.

നടന്‍ മുരളി ആലപ്പുഴയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ ഗൗരിയമ്മയെ കാണാന്‍ പോയതിന്റെ അനുഭവം ഓര്‍ക്കുകയാണ് ചെറിയാന്‍ കല്‍പകവാടി. രാഷ്ര്ടീയമായി എതിര്‍ ചേരിയിലാണെങ്കിലും ഗൗരിയമ്മയെ കാണണമെന്ന് മുരളിയും വേണു നാഗവള്ളിയും ചെറിയാനുംകൂടി തീരുമാനിക്കുകയായിരുന്നു. 

ചെറിയാന്‍ കല്‍പ്പകവാടി

ലാല്‍സലാമിന്റെ രചന- ചെറിയാന്‍, സംവിധാനം- വേണു നാഗവള്ളി. ടിവി തോമസായി അഭിനയിച്ചത് മുരളി. മൂന്നുപേരെയുംകൂടി കണ്ടപ്പോള്‍ ചെറിയാനെ ചൂണ്ടി മുരളിയോട് അവര്‍ പറഞ്ഞു: ''ഇവന്‍ പറഞ്ഞിട്ടായിരിക്കും താന്‍ കേറിനിന്നത്. തോല്‍ക്കുകയേയുള്ളു. ഇവനിപ്പം വി എസിന്റെ വാലുംപിടിച്ചു നടക്കുകയാ.' എന്നിട്ട് ചെറിയാനോട്, 'നാണമില്ലല്ലോ വിഎസിന്റെ പിന്നാലെ നടക്കാന്‍'. 

അതൊക്കെ ഒരു വാത്സല്യമായിട്ടേ തോന്നിയുള്ളുവെന്ന് വര്‍ഗീസ് വൈദ്യന്റെ ആത്മകഥ പൂര്‍ത്തിയാക്കിയപ്പോള്‍ അതിലെ അനുബന്ധ ലേഖനത്തില്‍ ചെറിയാന്‍ എഴുതി. ചായസല്‍ക്കാരമൊക്കെ കഴിഞ്ഞു പോകാനിറങ്ങിയപ്പോള്‍ ചെറിയാനു നേരെ അവര്‍ വീണ്ടും തിരിഞ്ഞു. ''എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്നത്രയൊന്നും നിനക്കറിയില്ലല്ലോ. നീ എന്റെ ബെഡ്‌റൂമിലേക്കൊന്നു കേറി നോക്ക്.' ടിവി തോമസുമായുള്ള വിവാഹമുഹൂര്‍ത്തങ്ങളുടെ മുഴുവന്‍ ചിത്രങ്ങളും അവിടെ ചില്ലിട്ടുവച്ചിരിക്കുന്നതു കണ്ട് ഞെട്ടിയെന്ന് ചെറിയാന്‍. ''ആ ചിത്രങ്ങള്‍ കണ്ടാണ് ഗൗരിയമ്മ ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്നത്. അവര്‍ ടിവിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായി, എനിക്ക്. സിനിമ എഴുതിയപ്പോള്‍ അവരുടെ ആത്മബന്ധത്തിന്റെ ഈ ആഴം അറിയുമായിരുന്നില്ല.'

ലാല്‍സലാം സിനിമയില്‍നിന്ന്‌
 

''സിനിമയെ വ്യക്തിപരമായി കാണരുതെന്നു ഞാന്‍ അവരോടു പറഞ്ഞു. അതൊരു ശരാശരി മോഹന്‍ലാല്‍ സിനിമയാണ്. അതിനാവശ്യമായ എരിവും പുളിയുമൊക്കെ ചേര്‍ത്തിട്ടുമുണ്ട്. ടി.വിയുടെ മകന്റെ അമ്മയായിരുന്ന ലൂസിയാമ്മയെയും മകന്‍ മാക്‌സണെയും അവരുടെ കണ്ണീരിനെയും എനിക്കു കലാകാരന്‍ എന്ന നിലയില്‍ കാണാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് സിനിമയില്‍ അതിനു കൂടുതല്‍ പ്രാധാന്യമുണ്ടായി. പക്ഷേ, ഒരു ഭാര്യ എന്ന നിലയില്‍ ഗൗരിയമ്മയുടെ വേദനയും അതില്‍ കൊണ്ടുവന്നു. ടിവിയും വര്‍ഗീസ് വൈദ്യനും മരിച്ചു. ഞാനേയുണ്ടായിരുന്നുള്ളു അതു പറയാന്‍. ഒരു നന്മ ഉദ്ദേശിച്ചാണു ഞാന്‍ പറഞ്ഞത്. പക്ഷേ, അവരുടെ ഇമേജ് കളയാന്‍ ചെയ്തതായാണ് ഗൗരിയമ്മയ്ക്കു തോന്നിയത്. അതും സ്വാഭാവികമാണല്ലോ. ലൂസിയാമ്മ മരിച്ചപ്പോള്‍ ഞാന്‍ അവരുടെ വേദനയെക്കുറിച്ച് എഴുതിയതും ഗൗരിയമ്മയ്ക്ക് ഇഷ്ടമായില്ല. ഗൗരിയമ്മയും വേദന അനുഭവിച്ചല്ലോ. അതും മനസ്സിലാക്കണം. രണ്ടു സ്ര്തീകളും വേദന അനുഭവിച്ചവരാണ്. ''

അങ്ങനെ സ്‌നേഹിച്ച ടിവി തോമസുമൊത്തുള്ള ദാമ്പത്യംകൂടി ഉപേക്ഷിച്ചാണ് പിളര്‍പ്പിന്റെ സമയത്ത് അവര്‍ സിപിഎമ്മില്‍ നിന്നത്. ആ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ ഉണ്ടായ തകര്‍ച്ച ചെറുതായിരുന്നിരിക്കില്ല. അതിനെ മറികടക്കാന്‍ അവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേര്‍ന്നു. ഒരുപാടു വര്‍ഷം കഴിഞ്ഞ് പിന്നീട് കഴിഞ്ഞതൊക്കെ മറന്ന് വീണ്ടും ഒന്നാകുന്നതിന്റെ തൊട്ടടുത്തുവരെയെത്തി. കേരളം ഏറ്റവും ശ്രദ്ധയോടെ കണ്ണുതുറന്നു കാത്തിരുന്ന ആ പുനസമാഗമം പക്ഷേ നടന്നില്ല. 

1919 ജൂലൈയില്‍ തിരുവോണ ദിനത്തിലാണ് കളത്തിപ്പറമ്പില്‍ രാമനും പാര്‍വതിക്കും ഗൗരി പിറന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അവര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. അതുമുതല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തുന്നതുവരെയുള്ള യാതനകളുടെ പതിറ്റാണ്ടില്‍ അവര്‍ക്കു കിട്ടിയ ഭീകര മര്‍ദനങ്ങള്‍ കേരളചരിത്രത്തിന്റെ ഭാഗം. 1957-ല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിയായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍. അന്ന് സിപിഎമ്മിനു വിശ്വാസ്യത നല്‍കിയത് ഗൗരിയമ്മയും മറ്റും ആ പാര്‍ട്ടിയിലാണ് എന്നതായിരുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ''കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പൈതൃകം സിപിഎമ്മിനാണ് എന്നതിനു തെളിവായത് അവരുടെ കൂടി സാന്നിധ്യമാണ്. ഭര്‍ത്താവ് ടിവി തോമസ് അപ്പുറത്ത് സിപിഐയില്‍. ആ വിയോഗത്തിനും പിളര്‍പ്പിനും കൃത്യം മൂന്നു പതിറ്റാണ്ടായപ്പോള്‍ പാര്‍ട്ടിക്കു പുറത്തായി. ടിവി തോമസ് അതിനു വളരെമുമ്പേ ലോകത്തോടു വിട പറഞ്ഞിരുന്നു. 

ഗൗരിയമ്മ വിവാഹ ചിത്രത്തിന് അരികെ
 

പുറത്തായശേഷം രണ്ടാമതും വിജയിച്ച ഗൗരിയമ്മ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായി. പലവട്ടം കമ്മ്യൂണിസ്റ്റു മന്ത്രിയായതിന്റെ അനുഭവസമ്പത്താണു കരുത്ത്. 1994-ല്‍നിന്നു 2001-ല്‍ എത്തിയിട്ടേയുള്ളു കാലം. സിപിഎമ്മിന്റെ പക ഒട്ടും അടങ്ങിയിട്ടില്ല; തിരിച്ചും. മന്ത്രിയുടെ ചേംബറില്‍ ഭരണപക്ഷ സര്‍വീസ് സംഘടനാ നേതാക്കളുടെ തിരക്ക്. തൊട്ടുമുമ്പു ഭരിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ദിവസവേതനക്കാരായി നിയമിച്ച ഒട്ടേറെയാളുകളുണ്ട്. അവരെ പിരിച്ചുവിട്ട് 'നമ്മുടെയാളുകളെ എടുക്കണമെന്നാണ് അവരുടെ ആവശ്യം. 

''എന്തായീ പറയുന്നത്? നാലഞ്ചു വര്‍ഷമായി അവര്‍ക്കു ലഭിക്കുന്ന വരുമാനംകൊണ്ടാണ് അവരുടെയൊക്കെ കുടുംബങ്ങള്‍ പുലരുന്നത്. പെട്ടെന്ന് അവരെ പിരിച്ചുവിടാനൊന്നും എനിക്കു പറ്റില്ല. വേറെ എന്തെങ്കിലും പറയാനുണ്ടോ? മിണ്ടാട്ടം മുട്ടിയ നേതാക്കള്‍ നിശ്ബ്ദരായി ഇറങ്ങിപ്പോയി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്നു പുറത്തായിട്ടും കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന 'അമ്മയുടെ മഹനീയമായ മനുഷ്യത്വം കണ്ടു താന്‍ അദ്ഭുതപ്പെട്ടുപോയെന്ന് ഈ സംഭവത്തിനു സാക്ഷിയാവുകയും പിന്നീട് അതേക്കുറിച്ച് എഴുതുകയും ചെയ്ത നിയമസഭാ സെക്രട്ടേറിയറ്റിലെ മുന്‍ ലൈബ്രേറിയന്‍ വി സോമസുന്ദരപ്പണിക്കര്‍. തൊട്ടുമുമ്പത്തെ ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അവരെ നിയമസഭയില്‍പ്പോലും സിപിഎം വേട്ടയാടിയതുകൂടി ചേര്‍ത്തു കാണണം, ഇതിനോട്. നിയമസഭയില്‍ കക്ഷിനേതാക്കള്‍ക്ക് മുന്‍നിരയില്‍ സ്ഥാനം നല്‍കുന്നതായിരുന്നു രീതി. ആ നേതാവിന്റെ പാര്‍ട്ടിക്ക് എത്ര എംഎല്‍എമാരുണ്ടെന്നത് അക്കാര്യത്തില്‍ പരിഗണിക്കാറുമില്ല. കൊട്ടാരക്കരയില്‍നിന്നു സ്ഥിരമായി ജയിച്ചിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ ആയിരുന്നിട്ടും മുന്‍നിരയില്‍തന്നെ ഇരുന്നത് അങ്ങനെയാണ്. എന്നാല്‍, 1996-ലെ തെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഇതിനു മാറ്റം വന്നു. കാരണം മറ്റൊന്നുമല്ല. പാര്‍ട്ടിവിട്ടു ജെഎസ്എസ് രൂപീകരിച്ചു വിജയിച്ച ഗൗരിയമ്മയെ പിന്നിലിരുത്തണം. ജെഎസ്എസിന് അന്ന് വേറെ എംഎല്‍എമാരില്ല. ഇതേക്കുറിച്ച് പിന്നീട് ആത്മകഥയുടെ ആമുഖത്തില്‍ ഗൗരിയമ്മ  എഴുതി. ''കെട്ടിവച്ച കാശു തരികയില്ലെന്നു പാര്‍ട്ടി സ്റ്റേറ്റ് സെന്ററിന്റെ പ്രതിജ്ഞ ഉണ്ടായിട്ടും അവരുടെ കൂടെനിന്ന കാലത്തേക്കാള്‍ ഇരട്ടി വോട്ടുനേടി ആ മണ്ഡലത്തില്‍നിന്നു ജയിച്ചാല്‍ അവര്‍ക്കു സഹിക്കാന്‍ പറ്റുമോ? 

പുറത്താക്കല്‍ കഴിഞ്ഞു രണ്ടു വര്‍ഷമായപ്പോഴായിരുന്നു ആ പിന്നിലിരുത്തല്‍. അതില്‍ മാത്രം തീരുന്നതായിരുന്നില്ല പാര്‍ട്ടിയുടെ അകല്‍ച്ചയെന്നു വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ എത്രയോ ഉണ്ട്. സഭാസമിതികളില്‍ പ്രാതിനിധ്യം കൊടുക്കാതിരുന്നത്, അരൂരിലെ ജെ.എസ്.എസ്. ഓഫീസ് നിന്ന സ്ഥലം ദേശീയപാത വികസനമെന്ന പേരില്‍ സര്‍ക്കാര്‍ വിലയ്‌ക്കെടുത്തതും ഓഫീസ് പൊളിച്ചുകളഞ്ഞതും, അരൂരിലെ റോഡുകള്‍ നന്നാക്കാതിരുന്നത്...

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്നു പുറന്തള്ളിയാല്‍ അവര്‍ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന തത്ത്വം എന്നും ആത്മകഥയില്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്, ഗൗരിയമ്മ. ''മനുഷ്യത്വത്തിന്റെ  പേരില്‍ യു.ഡി.എഫ്. അവരെ സംരക്ഷിച്ചതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ജീവനോടെ തിരിച്ചുകൊടുത്തല്ലോ''-. എന്ന് ഗൗരിയമ്മയുടെ സിപിഎം പുനപ്രവേശ ചര്‍ച്ച മുറുകിയപ്പോള്‍ ഓര്‍മിപ്പിച്ചു, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. 

ഗൗരിയമ്മ / ഫയല്‍
 

അധികതുംഗപദത്തില്‍ ശോഭിച്ചിരുന്ന രാജ്ഞിയുടെ രൂപം എന്ന് പ്രതാപകാലത്തെ ഗൗരിയമ്മയെ വിശേഷിപ്പിച്ചത് മുന്‍ നിയമസഭാ സെക്രട്ടറി ആര്‍ പ്രസന്നന്‍ ആണ്. ആര്‍ പ്രകാശത്തിന്റെ സഹോദരന്‍. അദ്ദേഹം എഴുതിയ 'നിയമസഭയില്‍ നിശ്ശബ്ദനായി' എന്ന പുസ്തകം ഗൗരിയമ്മയെക്കുറിച്ചു വരയ്ക്കുന്ന ചിത്രം അതിമനോഹരമാണ്; പാര്‍ട്ടി പിന്നീടു താന്‍പോരിമ എന്നു വിളിച്ച തലയെടുപ്പിന്റെ രേഖാചിത്രമുണ്ട് അതില്‍. പഴയതും പുതിയതുമായ അന്നത്തെ പടക്കുതിരകള്‍ അണിനിരന്നിരുന്നതെന്ന് ഗൗരിയമ്മ അധ്യക്ഷയായ വിഖ്യാതമായ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റിയെക്കുറിച്ച് ആര്‍. പ്രസന്നന്റെ വിശേഷണം. 

രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തിന് മിനുക്കുപണികള്‍ നടത്തുന്ന കാലം. ഗൗരിയമ്മ റവന്യു മന്ത്രി. ''...ഈ ആണ്‍ശിങ്കങ്ങളുടെ ഇടയില്‍ പെണ്‍തരിയായി ഗൗരിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും യോഗനടപടികള്‍ ഏതാനും നിമിഷത്തേക്കു നോക്കിക്കാണുന്ന ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല, ആര്‍ക്കാണ് അവിടെ അധിനായകത്വമെന്ന്. അവര്‍ നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം വള്ളിപുള്ളി വിസര്‍ഗം മാറ്റാന്‍ ആര്‍ക്കുമാകില്ല. അവരെ വഴിതെറ്റിക്കാന്‍ ഒരുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവര്‍ക്കെതിരായി ആരുമൊന്നും ഉരിയാടുകയുമില്ല. she was in full command and had complete cotnrol  എന്നു ചുരുക്കം.' കെ. കരുണാകരന്‍, ടി.കെ. ദിവാകരന്‍, കെ എം മാണി, ടി.കെ. രാമകൃഷ്ണന്‍, ചാത്തുണ്ണി മാസ്റ്റര്‍, മത്തായി മാഞ്ഞൂരാന്‍, ജോസഫ് ചാഴികാടന്‍, ബാവ ഹാജി, ടി.എ. മജീദ്, പി.എസ്. ശ്രീനിവാസന്‍, ബി. വെല്ലിംഗ്ടണ്‍, പന്തളം പി.ആര്‍. മാധവന്‍ പിള്ള, ടി.കെ. കൃഷ്ണന്‍, കെ.ടി. ജേക്കബ് തുടങ്ങിയവരായിരുന്നു ആ 'ആണ്‍ശിങ്കങ്ങള്‍' എന്നറിയണം. ചെറിയ പുള്ളികളല്ല. ഉദ്യോഗസ്ഥസിംഹങ്ങളും അവരുടെ പ്രീതി നേടാന്‍ കാത്തുനിന്നു. 

ഒരു ദിവസം കമ്മിറ്റിയോഗം നടക്കുമ്പോഴുണ്ടായ കൗതുകകരമായ സംഭവത്തെക്കുറിച്ച് സരസമായി പറയുന്നുണ്ട് പ്രസന്നന്‍. ''ചര്‍ച്ചയ്ക്കു ചൂടുപിടിച്ചിരിക്കുന്ന സമയം. കസേരയില്‍ ചാരിയിരുന്ന ഗൗരിയമ്മയുടെ മുടിക്കെട്ടില്‍ നിന്ന് ഹെയര്‍പിന്‍ ഇളകി താഴെവീണു. ഇത് സമീപത്തിരുന്ന ചില ഉദ്യോഗസ്ഥര്‍ കണ്ടു. അതെടുക്കാന്‍ രണ്ടുമൂന്നുപേര്‍ ഒന്നിച്ചു കുനിഞ്ഞെങ്കിലും സ്വാഭാവികമായും ഒരാള്‍ക്കു മാത്രമേ ആ ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുള്ളു. ഹെയര്‍പിന്‍ മുടിയില്‍ കുത്തിയശേഷം ഗൗരിയമ്മ ആ ഉദ്യോഗസ്ഥനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. ആദരപൂര്‍വം, കൃതാര്‍ത്ഥതയോടെ അദ്ദേഹം അത് ഏറ്റുവാങ്ങുകയും ചെയ്തു.' 

ഇത് 1969-ലെ കാര്യം. അന്ന് അവര്‍ സി.പി.എമ്മിന്റെ ഉന്നത നേതാവായിരുന്നു. എതിര്‍വാക്കില്ലാത്ത നേതാക്കളുടെ നിരയിലായിരുന്നു സ്ഥാനം. പക്ഷേ, മൂന്നു പതിറ്റാണ്ടു കഴിഞ്ഞ് 2001-ല്‍ കുഞ്ഞു കക്ഷിയായ ജെ.എസ്.എസിനെ പ്രതിനിധീകരിച്ച് എ.കെ. ആന്റണി സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരിക്കുമ്പോഴും അവരുടെ ആജ്ഞാശക്തിക്കും ഗാംഭീര്യത്തിനും മാറ്റമുണ്ടായിരുന്നില്ലെന്നു സാക്ഷ്യം പറയും, സെക്രട്ടേറിയറ്റിലെ നിരവധി ഉദ്യോഗസ്ഥര്‍. പ്രായമേറുകയും ശബ്ദത്തിന് ഇടര്‍ച്ച സംഭവിക്കുകയും ചെയ്ത ശേഷവും അങ്ങനെതന്നെയായിരുന്നു. ഒരേ ഒരു ഗൗരിയമ്മ.

കമ്മ്യൂണിസ്റ്റുകാരിയായി കഴിയുക എന്നതാണ് അവര്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പദവി. കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് വനിത ഗൗരിയമ്മയാണ് എന്നു ചെറിയാന്‍. 

1994 ജനുവരി മൂന്നിന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ പത്രസമ്മേളന വാര്‍ത്ത
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com