നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണം; പിടി തോമസ് 

ഈ കേസിന്റെ പലഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും ഗൂഢാലോചനയില്ലെന്ന് പറഞ്ഞു പറ്റിച്ചയാളാണ് പിണറായി വിജയന്‍
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണം; പിടി തോമസ് 

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണം എന്നാവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ രംഗത്ത്. ഏഷ്യനെറ്റ് ന്യൂസിനോടാണ് പി.ടി തോമസ് ഈ അഭിപ്രായം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായ പ്രകടനം വിവാദമായിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയോട് മാപ്പു പറയണം. ഈ കേസിന്റെ പലഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും ഗൂഢാലോചനയില്ലെന്ന് പറഞ്ഞു പറ്റിച്ചയാളാണ് പിണറായി വിജയന്‍. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണം,എന്നാലെ ഗവണ്‍മെന്റിന് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കരുതാനാകു. പി.ടി തോമസ് പറഞ്ഞു.
ഈ കേസ് വഴിമാറുന്നു എന്നു തോന്നിയ സമയത്ത് സിബിഐ അന്വേഷിക്കണം എന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വഴിത്തിരിവായെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും പി.ടി തോമസ്  പറഞ്ഞു. 

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. 

 ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പൊലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം

ദേശീയ തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ നാലരമാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തുവന്നതിന് പിന്നാലെ ദീലീപിന്റെ പേരും പുറത്തുവന്നതിന് പിന്നാലെ സംശയത്തിന്റെ നിഴലിലായിരുന്നു ദിലീപ്. ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി സന്ധ്യയാണ് മേല്‍നോട്ട വഹിച്ചത്. 

ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ചലചിത്രരംഗത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംഭവത്തില്‍ എത്ര ഉന്നതനായാലും പൊലീസ് വലയില്‍ വീഴുമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com