ഇത് കേരള പൊലീസിലെ ആക്ഷന്‍ ഹിറോ; ക്ലൈമാക്‌സില്‍ ജനപ്രീയ നായകനെ വില്ലനാക്കിയത് ബൈജു പൗലോസിന്റെ തെറ്റാത്ത ചുവടുകള്‍

സിനിമയ്ക്ക് പുറത്ത് തെറ്റാത്ത ചുവടുകളുമായി തന്ത്രങ്ങള്‍ മെനയുന്ന പൊലീസുകാര്‍ നമുക്ക് ഇടയിലുമുണ്ടെന്ന് തെളിയിക്കുകയാണ്ബൈജു പൗലോസ്
ഇത് കേരള പൊലീസിലെ ആക്ഷന്‍ ഹിറോ; ക്ലൈമാക്‌സില്‍ ജനപ്രീയ നായകനെ വില്ലനാക്കിയത് ബൈജു പൗലോസിന്റെ തെറ്റാത്ത ചുവടുകള്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ പേര് ആദ്യം മുതല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്നിരുന്നെങ്കിലും ദിലീപിനെ അറസ്റ്റ് ചെയ്യുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വിശ്വസിക്കാത്തവരായിരുന്നു അധികവും. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നില്‍ ദിലീപ് ആണെങ്കില്‍ തന്നെ, പണവും കൈക്കരുത്തും ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ച് വിടുന്ന പ്രമുഖരുടെ കൂട്ടത്തിലേക്ക് ദിലീപും എത്തും എന്ന വിലയിരുത്തലിനായിരുന്നു മുന്‍തൂക്കം. 

പക്ഷെ ഇത്തവണ കേരള പൊലീസ് ശരിക്കും ഞെട്ടിച്ചു. ദിലീപും സംഘവും മെനഞ്ഞ എല്ലാ സമ്മര്‍ദ്ദവും അതിജീവിച്ച, ജനപ്രീയ നായകന്‍ ജീവിതത്തില്‍ വില്ലനാണെന്ന് തെളിയിക്കാന്‍ ആര്‍ജവം കാണിച്ച പിണറായി വിജയന്റെ പൊലീസിനുള്ള അഭിനന്ദനമാണ് എല്ലാ മേഖലകളില്‍ നിന്നും വരുന്നത്. 

ജനപ്രീയ നായകന്‍ വില്ലനാകുമ്പോള്‍ ഇവിടെ താരമാകുന്നത് ബൈജു പൗലോസാണ്. സിനിമയ്ക്ക് പുറത്ത് തെറ്റാത്ത ചുവടുകളുമായി തന്ത്രങ്ങള്‍ മെനയുന്ന പൊലീസുകാര്‍ നമുക്ക് ഇടയിലുമുണ്ടെന്ന് തെളിയിക്കുകയാണ് പെരുമ്പാവൂര്‍ സിഐ ആയ ബൈജു പൗലോസ്. 

ദിലീപില്‍ നിന്നും തെന്നി മാറി, ഒരു ഘട്ടത്തില്‍ കുഴിച്ചുമൂടപ്പെട്ട് പോകുമായിരുന്ന അവസ്ഥയില്‍ എത്തിയ അന്വേഷണത്തെ ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് വരെ എത്തിച്ചതിന് പിന്നില്‍ ബൈജു പൗലോസിന്റെ നിര്‍ണായക നീക്കങ്ങളായിരുന്നു. പഴുതടച്ച അന്വേഷണവും, സിനിമാ രംഗത്തെ പ്രമുഖര്‍ പോലും അറിയാതെ, ഒരു ഘട്ടത്തില്‍ ദിലീപിനേയും സംഘത്തേയും ആശ്വസിക്കാന്‍ വിട്ടുള്ള തെളിവ് ശേഖരണവുമായിരുന്നു പൊലീസ് സേനയുടെ അഭിമാനമായ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയത്. 

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ സാന്നിധ്യവും, കൃത്യനിര്‍വഹണത്തിന് ലഭിച്ച തുകയുമെല്ലാം ബൈജു പൗലോസിനോട് സുനി വെളിപ്പെടുത്തിയിരുന്നു. ഇതുകൂടാതെ ദിലീപിനേയും സംഘത്തേയും കുടുക്കുന്നതിനായി പൊലീസ് മെനഞ്ഞ തിരക്കഥയ്ക്ക് പിന്നിലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കരങ്ങളായിരുന്നു. 

സുനിക്ക് വിളിക്കുന്നതിനായി ജയിലിലേക്ക് ഫോണ്‍ എത്തിക്കുക, കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്, ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനിലെ സെല്‍ഫി കണ്ടെടുക്കല്‍ എന്നിവയിലെല്ലാം ബൈജു പൗലോസിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. ചോദ്യങ്ങളും, ഉപചോദ്യങ്ങളും എല്ലാമായി ദിലീപിനേയും നാദിര്‍ഷായേയും 13 മണിക്കൂര്‍ ചോദ്യം ചെയ്ത്, പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തിടത്തേക്ക് ഇവരെ എത്തിക്കാന്‍ ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി.

ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നത് 13 മണിക്കൂര്‍ നീണ്ടതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ എഡിജിപി സന്ധ്യയെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു. സിബിഐയില്‍ അനുഭവ പരിചയമുണ്ടെന്ന് വിലയിരുത്തി ദിനേന്ദ്ര കശ്യപ്പിന് അന്വേഷണ ചുമതല ലഭിച്ചതോടെ, പലര്‍ക്കായി അന്വേഷണ ചുമതല വീതിച്ച് നല്‍കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള ശ്രമമാണ് ഉണ്ടായത്. 

പക്ഷെ പഴുതുകള്‍ അടച്ച് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള തെളിവ് കണ്ടെത്തുന്നതിനായി ബൈജു പൗലോസിന്റെ അന്വേഷണം തുടര്‍ന്നു പോന്നു. ജയിലില്‍ നിന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും, നാദിര്‍ഷായേയും വിളിച്ചെന്ന് സുനി വെളിപ്പെടുത്തിയതോടെ ദിലീപിനുള്ള കുരുക്ക് അന്വേഷണ സംഘം മുറുക്കിയിരുന്നു. 

തിങ്കളാഴ്ച ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത്, ഒടുവില്‍ എല്ലാവരേയും ഞെട്ടിച്ച് അറസ്റ്റ് ചെയ്തതിന് പിന്നിലും ചുക്കാന്‍ പിടിച്ചത് ബൈജുവായിരുന്നു. ദിലീപിന്റെ അറസ്റ്റ് വരെ ബൈജുവിന്റെ ചുവടുകള്‍ തെറ്റിയില്ല. പക്ഷെ ഇനി എത്ര ശക്തമായി ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ബൈജുവിനും കേരള പൊലീസിനും കഴിയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com