താരങ്ങള്‍ മാത്രമല്ല സിനിമയെന്ന് സര്‍ക്കാരെങ്കിലും അറിയണം; മലയാളം സിനിമയെ താരാധിപത്യത്തില്‍ നിന്നും മോചിപ്പിക്കണമെന്നും സംവിധായകന്‍ ബിജു

ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ വിവരവും ബോധവും ഇല്ലാത്ത ചില കോമാളിക്കൂട്ടങ്ങള്‍ മലയാള സിനിമയെ അപഹാസ്യമാക്കിയത് കാണികളുടെ മൗനാനുവാദത്തോടെയായിരുന്നു
താരങ്ങള്‍ മാത്രമല്ല സിനിമയെന്ന് സര്‍ക്കാരെങ്കിലും അറിയണം; മലയാളം സിനിമയെ താരാധിപത്യത്തില്‍ നിന്നും മോചിപ്പിക്കണമെന്നും സംവിധായകന്‍ ബിജു

മലയാള സിനിമയെ താരാധിപത്യത്തില്‍ നിന്നും അസാംസ്‌കാരികതയില്‍ നിന്നും , കീഴാള വിരുദ്ധതയില്‍ നിന്നും മാഫിയാ ക്രിമിനല്‍ സംസ്‌കാരത്തില്‍ നിന്നും സ്ത്രീ വിരുദ്ധതയില്‍ നിന്നും ഒക്കെ മോചിപ്പിക്കേണ്ടതാണ് എന്ന ഒരു പൊതു ബോധം ഉരുത്തിരിഞ്ഞു വരുന്ന ഒരു സമയമാണ് . ഈ കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം ആര്‍ക്കൊക്കെയാണ് ഇതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാവുക എന്ന കാര്യങ്ങള്‍ കൂടി ഈ അവസരത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതല്ലേ . നില നിന്ന് പോന്ന ചില ധാരണകള്‍ കീഴ്‌വഴക്കങ്ങള്‍ ഒക്കെ ഒന്ന് മാറ്റേണ്ടതല്ലേ . മുന്‍പ് പല സമയത്തും എത്രയോ തവണ പറയുകയും എഴുതുകയും ചെയ്തിട്ടുള്ളതാണെങ്കിലും അതൊക്കെ ഒന്ന് ക്രോഡീകരിച്ചു വീണ്ടും പറയേണ്ടതുണ്ട് എന്ന ബാധ്യത ഉണ്ട് . പ്രധാനമായും നാല് കൂട്ടര്‍ക്കാണ് ഈ കാര്യങ്ങളില്‍ ഉത്തരവാദ ബോ ധത്തോടെയുള്ള നിലപാട് എടുക്കേണ്ടത് . അവര്‍ പുലര്‍ത്തി പോരുന്ന രീതികളും നിലപാടുകളും സ്വയം വിമര്‍ശനപരമായി പരിശോധിക്കണം 
1 . പൊതു ജനം / കാണികള്‍ 
II . സര്‍ക്കാര്‍ 
III . സിനിമാ രംഗത്തെ കലാകാരന്മാര്‍ 
IV . മാധ്യമങ്ങള്‍
1 . പൊതുജനം / കാണികള്‍ 
1 . ഇത്രമേല്‍ അസാംസ്‌കാരികവും സ്ത്രീ കീഴാള വിരുദ്ധവുമായ സിനിമകളെ നിരന്തരം തിയറ്ററില്‍ വിജയിപ്പിച്ചത് കാണികള്‍ തന്നെയാണ്. മുന്‍പ് നല്ല സിനിമകളെ ഇഷ്ടപ്പെടുകയും തിയറ്ററില്‍ പോയി കാണുകയും ചെയ്തിരുന്ന സിനിമാ സംസ്‌കാരം ഉണ്ടായിരുന്ന ഒരു ജനത ഇന്ന് ഏറ്റവും അറു വഷളന്‍ സിനിമകളെ മാത്രം കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറ്റപ്പെട്ടു . 
2 .മലയാളത്തെ ദേശീയമായും അന്തര്‍ ദേശീയമായും അടയാളപ്പെടുത്തിയ സിനിമകളെ തിയറ്ററില്‍ കയറാതെ ആട്ടിയകറ്റിയത് കാണികള്‍ ആണ് . മലയാളത്തിലെ നല്ല സിനിമാ സംസ്‌കാരത്തെ പടിക്ക് പുറത്ത് നിര്‍ത്തിയത് കാണികള്‍ തന്നെയാണ് . അത്തരത്തില്‍ മലയാളത്തിന് അഭിമാനമായ സിനിമകള്‍ക്ക് തിയറ്റര്‍ പോലും ലഭിക്കാത്ത ഒരു സാഹചര്യമുണ്ടാക്കിയത് ഇവിടുത്തെ പ്രേക്ഷകരാണ് .
3 . ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ വിവരവും ബോധവും ഇല്ലാത്ത ചില കോമാളിക്കൂട്ടങ്ങള്‍ മലയാള സിനിമയെ അപഹാസ്യമാക്കിയത് കാണികളുടെ മൗനാനുവാദത്തോടെയായിരുന്നു . 
4 . സിനിമ എന്നാല്‍ താരങ്ങള്‍ മാത്രമാണ് എന്ന തരത്തില്‍ താരാരാധന എന്ന മാനസിക അടിമത്വം പുലര്‍ത്തുന്നവരായി മാറി കൂടുതല്‍ കാണികളും . സംവിധായകനും നിര്‍മ്മാതാവിനും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒന്നും ഒരു വിലയും കല്‍പ്പിച്ചു നല്‍കാതെ സിനിമ എന്നാല്‍ താരം മാത്രം എന്ന തരത്തിലുള്ള ഫാന്‍സ് ആരാധന ഭൂരിപക്ഷം പ്രേക്ഷകനിലും ഉണ്ടായി. ഇതില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേക്ഷകന് സാധ്യമാകുമോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം .
.
II. സര്‍ക്കാര്‍ 
ഈ രംഗത്ത് ഏറ്റവും വലിയ ഇടപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ ആണ് . സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് താഴെ പറയുന്നു .
1 . സിനിമയുമായി ബന്ധപ്പെട്ട ടൈറ്റില്‍ രെജിസ്‌ട്രേഷന്‍ , പബ്ലിസിറ്റി ക്ലിയറന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ കീഴില്‍ ചലച്ചിത്ര അക്കാദമിയോ കെ എസ് എഫ് ഡി സി യോ ഏറ്റെടുക്കാനുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ കൈ കൊള്ളണം . ഇതൊക്കെ ഇനിയും സിനിമാ സംഘടനകള്‍ക്ക് സര്‍വ സ്വാതന്ത്ര്യത്തോടെ ജനാധിപത്യ വിരുദ്ധമായി നടത്തി കൊണ്ട് പോകാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കരുത്. 
2 . നല്ല സിനിമകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം ആണ് . മറാത്ത സര്‍ക്കാരിനെപോലെ കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി ഉള്‍പ്പെടെ നിരവധി ഇടപെടലുകള്‍ നടത്തണം എന്ന നിരന്തര ആവശ്യം സര്‍ക്കാര്‍ തുടര്‍ച്ചയായി കേട്ടില്ല എന്ന് നടിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം .
3 . നല്ല സിനിമകള്‍ക്ക് നിര്‍ബന്ധമായും തിയറ്റര്‍ ലഭിക്കാനുള്ള സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിക്കുവാനും സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടതാണ് .
4 . നല്ല സിനിമാ സംസ്‌കാരത്തിനായി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട രണ്ടു റിപ്പോര്‍ട്ടുകള്‍ ഉണ്ട് . അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും , ലെനിന്‍ രാജേന്ദ്രന്‍, കമല്‍, ശശി പരവൂര്‍ തുടങ്ങി ഞാനും കൂടി ഉള്‍പ്പെട്ട ഫോറം ഫോര്‍ ബെറ്റര്‍ സിനിമയുടെ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടും . ഇത് രണ്ടും അടിയന്തിരമായി പരിഗണിക്കണം .
5 . താരങ്ങള്‍ മാത്രമാണ് സിനിമ എന്ന ഒരു ധാരണ സര്‍ക്കാരിനും ഉണ്ട് . ഇത് മാറണം . സര്‍ക്കാര്‍ പരസ്യങ്ങളില്‍ പലപ്പോഴും താരങ്ങളെയാണ് ഉപയോഗിക്കുന്നത് . അതില്‍ തെറ്റൊന്നുമില്ല . പക്ഷെ വെറും ഒരു താരം എന്നതിനപ്പുറം ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും സാമൂഹിക ,സാംസ്‌കാരിക ഇടപെടലുകള്‍ കൂടി നടത്തിയ നടീ നടന്മാരെ മാത്രമേ ഇത്തരത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്താവൂ . അങ്ങനെയൊരു മാനദണ്ഡവും സാംസ്‌കാരികതയും സാമൂഹികതയും സര്‍ക്കാര്‍ എങ്കിലും സ്വീകരിക്കേണ്ടതാണ് . തങ്ങള്‍ക്ക് യാതൊരു പുല ബന്ധവും ഇല്ലാത്ത കാര്യങ്ങളിലും മേഖലകളിലുമാണ് ഈ താരങ്ങള്‍ ജനങ്ങളോട് പരസ്യം പറഞ്ഞു സാക്ഷ്യപ്പെടുത്തുന്നത് എന്നോര്‍ക്കണം . അതും വന്‍ തുക പ്രതിഫലമായി വാങ്ങിയ ശേഷം. മാത്രവുമല്ല ടാക്‌സ് വെട്ടിപ്പും , റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും ആനക്കൊമ്പും ഭൂമി കയ്യേറ്റവും, ഒക്കെ ആയി നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തികളെയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ പരസ്യ അംബാസ്സഡര്‍മാരായി ജനങ്ങളുടെ നികുതിപ്പണം പ്രതിഫലമായി കൊടുത്ത് എഴുന്നള്ളിക്കുന്നത് എന്നതും ഓര്‍ക്കണം . 
5 . സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങുകള്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷ ങ്ങളായി വമ്പന്‍ താരനിശ ആയി തരം താഴ്ത്തുന്ന അവസ്ഥയാണ് കണ്ടു വരുന്നത് ,സിനിമ ഒരു കലാരൂപം എന്ന നിലയില്‍ സാംസ്‌കാരികമായും സാമൂഹികവുമായും നടത്തുന്ന ഇടപെടലുകള്‍ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ആണ് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് . അത് നല്‍കുന്ന വേദി തികച്ചും സാംസ്‌കാരികമായ ഒന്ന് ആയിരിക്കണം . അത് ടെലിവിഷന്‍ അവാര്‍ഡ് നിശയുടെ മാതൃകയില്‍ താര നിശയുടെ ആഘോഷമായി സര്‍ക്കാര്‍ മാറ്റുന്നത് മലീമസമായ ഒരു അരാഷ്ട്രീയതായാണ് . ആ കാഴ്ച ആണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മള്‍ കണ്ടു വരുന്നത് .അത് കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തെ രീതി ഒഴിവാക്കി അവാര്‍ഡ് മാന്യമായ ചടങ്ങ് നടത്തി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം . അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഷാരൂഖ് ഖാനെയും കമല ഹാസനെയും ഒക്കെ വരുത്തി ഫിലിം ഫെയര്‍ അവാര്‍ഡ് നിശയെ തോല്‍പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം . പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അത് ലഭിക്കുന്നവരെ ആദരിക്കുന്നതിനാണ് അല്ലാതെ ആളുകളെ എന്റ്റര്‍ടെയിന്‍ ചെയ്യിക്കാനല്ല എന്ന തിരിച്ചറിവ് സര്‍ക്കാരിന് എങ്കിലും ഉണ്ടാകണം . (കുറഞ്ഞ പക്ഷം ദേശീയ പുരസ്‌കാര ദാന ചടങ്ങ് എങ്ങനെയാണ് നടത്തുന്നത് എന്നെങ്കിലും ഒന്ന് നോക്കി കാണുന്നത് നന്നായിരിക്കും ). ഇത് ഒരു സംസ്‌കാരത്തിന്റെ സൂചനയാണ് അല്ലാതെ താരാരാധന ഊട്ടി ഉറപ്പിക്കാന്‍ നടത്തുന്ന ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചടങ്ങ് അല്ല എന്ന ബോധം സര്‍ക്കാരിന് ഉണ്ടാകണം . താരങ്ങളെ കെട്ടി എഴുന്നള്ളിച്ച് നടത്തുന്ന ഈ പുരസ്‌കാര വിതരണ ആഭാസം ഈ വര്‍ഷം തുടരില്ല എന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം . ( ഇത് ഇങ്ങനെ വെറുതെ പറയാം എന്നേ ഉള്ളൂ . മുഖ്യ മന്ത്രിയുടെയും സിനിമാ മന്ത്രിയുടെയും ഫുള്‍ ഫിഗര്‍ ഫോട്ടോയും ഒരു അവാര്‍ഡും ലഭിച്ചിട്ടില്ലെങ്കിലും അതിഥിയായി എത്തുന്ന നടന്മാരുടെ വര്‍ണ ചിത്രവുമായി അടുത്ത മാസം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ നോട്ടീസ് കിട്ടുമ്പോള്‍ ഇതേ വാചകങ്ങള്‍ വീണ്ടും ഇവിടെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് മാത്രം) 
6 . ആളുകളെ വിലക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ തുടരുന്ന എല്ലാ സിനിമാ സംഘടനകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനമായി നടപടി സ്വീകരിക്കണം
III. സിനിമാ രംഗത്തെ കലാകാരന്മാര്‍ .
1 .അമ്മ പോലെ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ സംഘടനകളില്‍ നിന്നും രാജി വെച്ച് പുറത്ത് വരാന്‍ കലാകാരന്മാരായ നടന്മാരും നടികളും തയ്യാറാകണം ..
2 . സിനിമകള്‍ കൂടുതല്‍ സാംസ്‌കാരികമാകാന്‍ എല്ലാ കലാകാരന്മാരും ശ്രെദ്ധിക്കേണ്ടതുണ്ട് . സിനിമ പ്രേമേയപരമായി എല്ലാത്തരം അസാംസ്‌കാരിക, സ്ത്രീ, കീഴാള , വംശീയ വിരുദ്ധ നിലപാടുകളില്‍ നിന്നും വിമുക്തമാകാന്‍ ശ്രെദ്ധിക്കണം .
3 . സിനിമയില്‍ കാശ് മുടക്കുന്ന നിര്‍മാതാവിന് പ്രാമുഖ്യം ലഭിക്കുന്ന ഒരു സംസ്‌കാരം നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇല്ല . സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റ് രാജ ഭരണം പോലെയാണ് . താരത്തിന് വേണ്ടി മാത്രം താരത്തിന്റെ ആജ്ഞ അനുസരിച്ച് മാത്രം നീങ്ങുന്ന ഒരിടം .താരങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ മനുഷ്യന്മാരെയും അപ്രസക്തരാക്കുന്ന അടിമത്ത നിലയില്‍ നിന്നും സിനിമയുടെ ചിത്രീകരണ ഇടങ്ങള്‍ മുക്തമാക്കപ്പെടണം . മൂന്ന് തരം ഭക്ഷണം . ആള്‍ക്കാരുടെ തൊഴില്‍ അനുസരിച്ചുള്ള ഉച്ച നീചത്വങ്ങള്‍ തുടങ്ങിയവ ഒക്കെ ഒഴിവാക്കപ്പെടേണ്ടതാണ് , 
4 . താരത്തിന് മാത്രം വമ്പന്‍ പ്രതിഫലം നടികള്‍ ഉള്‍പ്പെടെ മറ്റ് എല്ലാവര്‍ക്കും തുച്ഛമായ പ്രതിഫലം എന്ന തികച്ചും തൊഴിലാളി വിരുദ്ധമായ രീതി മാറേണ്ടതുണ്ട് . അതിനായുള്ള ഇടപെടലുകള്‍ സിനിമാ രംഗത്തെ കലാകാരന്മാര്‍ തന്നെ നടത്തേണ്ടതുണ്ട് . ഇപ്പോള്‍ മലയാള സിനിമ എന്നാല്‍ സിനിമ ലാഭമായാലും നഷ്ടമായാലും സൂപ്പര്‍ താരത്തിന് പണം ഉണ്ടാക്കാനുള്ള ഒരു വ്യവസായം എന്ന നിലയില്‍ ആണ് നടന്നു പോരുന്നത് .ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഇറങ്ങുന്ന സിനിമകളില്‍ 90 ശതമാനം സിനിമകളും പരാജയപ്പെടുന്ന ഒരു നഷ്ട കച്ചവടമാണ് എന്നും മലയാള സിനിമ .ഇവിടെ നഷ്ടമാകുന്നത് നിര്‍മാതാവിന് മാത്രം . സിനിമ ഒരു താരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ളതല്ല മറിച്ചു ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ പരിശ്രമം ആണ് എന്ന വസ്തുത സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എങ്കിലും തിരിച്ചറിയണം . 
5 . സിനിമയുടെ എല്ലാ വശങ്ങളും തീരുമാനിക്കേണ്ടത് സംവിധായകനും നിര്‍മാതാവും ആണ് . താരങ്ങളുടെ ഇഷ്ടത്തിനൊപ്പിച്ച് എല്ലാം തീരുമാനിക്കുന്ന ഇപ്പോഴത്തെ ഈ ഏര്‍പ്പാട് നിര്‍ത്തലാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ് .
IV. മാധ്യമങ്ങള്‍ 
മാധ്യമങ്ങള്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന ചില കാര്യങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട് 
1 . ഏതെങ്കിലും ഒരു നടന്‍ അഭിനയിച്ചാല്‍ അത് എന്ത് സിനിമയാണ് എന്ന് പോലും നോക്കാതെ വമ്പന്‍ സാറ്റലൈറ്റ് തുക നല്‍കുന്ന അസംബന്ധ ഏര്‍പ്പാട് നിര്‍ത്തലാക്കണം . തിയറ്ററില്‍ വിജയിക്കുന്ന സിനിമകള്‍ക്ക് താരം ആരെന്ന് നോക്കാതെ സിനിമയുടെ മേന്മ മാത്രം നോക്കി എന്തുകൊണ്ട് നിങ്ങള്‍ക്ക് സാറ്റലൈറ്റ് നല്‍കിക്കൂടാ . 
2 .കലാമൂല്യ സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റ് നല്‍കില്ല എന്ന കാലങ്ങളായി അനുവര്‍ത്തിക്കുന്ന അസാംസ്‌കാരിക നിലപാട് എന്ത് കൊണ്ട് നിങ്ങള്‍ക്ക് തിരുത്തിക്കൂടാ 
3 . സിനിമയില്‍ നിങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഈ അമിത പ്രാധാന്യം ഉണ്ടല്ലോ അത് ശരിയാണോ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിക്കേണ്ടതല്ലേ . ജനപ്രിയന്‍, കംപ്ലീറ്റ് ആക്ടര്‍ , മെഗാതാരം , സൂപ്പര്‍ താരം , എന്നൊക്കെ സ്വയം പേരിട്ട് അവരും അവരുടെ ഫാന്‍സ് കോമാളിക്കൂട്ടവും വിളിക്കുന്നത് വിട്ടുകളയാം . പക്ഷെ അത് മാധ്യമങ്ങള്‍ നിരന്തരം ഇങ്ങനെ ആവര്‍ത്തിക്കുന്ന ആ ബോറന്‍ ഏര്‍പ്പാട് ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ . 
3 . ഓണവും ക്രിസ്തുമസ്സും ഒക്കെ വരുമ്പോള്‍ താരങ്ങളുടെ പുളിച്ചു നാറിയ അടുക്കള വിശേഷങ്ങളും , സ്വയം പുകഴ്ത്തല്‍ മാമാങ്കവും ചെടിച്ച ഫിലോസഫികളും മാത്രം വിളമ്പുന്ന ആ അഴകൊഴമ്പന്‍ പരിപാടികള്‍ അല്‍പ്പമൊന്ന് കുറയ്ക്കാന്‍ സാധിക്കുമോ ..
4 . താരമാണ് താരം മാത്രമാണ് സിനിമ എന്ന് പൊതു ജനങ്ങള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അല്‍പ്പം ഒന്ന് കുറച്ചുകൂടെ .
5 . സാംസ്‌കാരികവും കലാപരവുമായ മെച്ചപ്പെട്ട സിനിമകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സംപ്രേഷണം ചെയ്യാന്‍ ഉള്ള ആര്‍ജ്ജവം നിങ്ങള്‍ക്ക് എന്നെങ്കിലും ഉണ്ടാകുമോ 
6 . മലയാള സിനിമകള്‍ ഇടയ്‌ക്കൊക്കെ അന്തര്‍ ദേശീയ തലത്തില്‍ ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ , പുരസ്‌കാരങ്ങള്‍ നേടുമ്പോള്‍ അത് കാണാതെ പോകുന്ന അല്ലെങ്കില്‍ അതിന്റെ പ്രാധാന്യം അറിയാതെ പോകുന്ന നിങ്ങളുടെ ലോക സിനിമാ നിരക്ഷരത ഇനിയെങ്കിലും പുനഃപരിശോധിച്ചു കൂടെ .. ലോകത്തെ വലിയ മേളകളില്‍ മലയാള സിനിമ അതിന്റെ സുപ്രധാനമായ ഇടങ്ങള്‍ നേടി അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ പ്രാധാന്യം അറിയാതെ അജ്ഞരായ നിങ്ങള്‍ ആ വാര്‍ത്തകള്‍ തമസ്‌കരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നത് .
മേല്‍ പറയുന്ന കാര്യങ്ങള്‍ ഒക്കെ പുതിയൊരു സിനിമാ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ , പുതിയൊരു ചലച്ചിത്ര സാക്ഷരത ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്ന ചില ചെറിയ ചെറിയ ഇടപെടലുകളാണ് ...പക്ഷെ ആ ഇടപെടലുകള്‍ നടത്താനുള്ള ആര്‍ജ്ജവം നമുക്കുണ്ടോ എന്നതാണ് നമ്മള്‍ സ്വയം നമ്മളോട് തന്നെ ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com