നാദിര്‍ഷയും ദിലീപിനെ കൈവിട്ടു, കേസില്‍ സാക്ഷിയാവും; അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും അവരുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും
നാദിര്‍ഷയും ദിലീപിനെ കൈവിട്ടു, കേസില്‍ സാക്ഷിയാവും; അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ പ്രതിയാവില്ലെന്ന് സൂചന. നാദിര്‍ഷയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. അതേസമയം അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാവും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും അവരുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും.

കുറ്റകൃത്യം ആസൂത്രണം ചെയ്യുന്ന സമയത്ത് അതിനെക്കുറിച്ച് നാദിര്‍ഷയ്ക്ക് അറിവില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അതേസമയം അന്വേഷണം ദിലീപിലേക്കു തിരിയുന്ന ഘട്ടത്തില്‍ രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളില്‍ നാദിര്‍ഷ ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കാവുന്ന സാഹചര്യം ഉണ്ടെങ്കിലും സാക്ഷിയാക്കാമെന്ന നിലപാടിലാണഅ പൊലീസ് സംഘം. അന്വേഷണത്തെ സാഹായിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കാമെന്ന ധാരണയില്‍ ആണ് ഇതെന്നാണ് സൂചന. കേസില്‍ ഒരു മാപ്പുസാക്ഷിയുണ്ടാവുമെന്ന് നേരത്തെ തന്നെ പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇത്തരമൊരു ഓഫര്‍ പൊലീസ് നാദിര്‍ഷയ്ക്കു മുന്നില്‍ വച്ചിരുന്നു എന്നാണ് അറിയുന്നത്. 

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നു വ്യക്തമാക്കുന്നതാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട്. ദിലീപ് നേരിട്ടാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ സുനില്‍ കുമാറിനെ ഏല്‍പ്പിച്ചത്. ഇതിനായി 2013 മാര്‍ച്ച് 28ന് കൊച്ചി അബാദ് പ്ലാസ ഹോട്ടലില്‍ വച്ചും 2016 നവംബര്‍ 13ന് തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ സെറ്റില്‍ വച്ചും ഇവര്‍ ഗൂഢാലോചന നടത്തി. വേറെ രണ്ടിടത്തു വച്ചും ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടത്താത്തത് എന്തുകൊണ്ടെന്ന് പലവട്ടം ദിലീപ് സുനിയോട് ചോദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നടിയുടെ വിവാഹ വാര്‍ത്ത വന്നപ്പോള്‍ ഇപ്പോഴാണ് പറ്റിയ സമയം ഇപ്പോള്‍ ദൃശ്യമെടുത്താന്‍ ഉപകാരപ്പെടും എന്നു ദിലീപ് സുനില്‍ കുമാറിനോടു പറഞ്ഞിരുന്നു. നടിയുടെ മോതിരവും ചിരിക്കുന്ന മുഖവും ദൃശ്യങ്ങളി്ല്‍ വരണമെന്നും ദിലീപ് നിഷ്‌കര്‍ഷിച്ചിരുന്നു. ദൃശ്യങ്ങള്‍ മോര്‍ഫിങ നടത്തിയതല്ലെന്നു തനിക്കു ബോധ്യപ്പെടണമെന്നും ക്വട്ടേഷന്റെ നിബന്ധനായി ദിലീപ് മുന്നോട്ടുവച്ചിരുന്നു. 

രണ്ടു കോടി പണം ആവശ്യപ്പെട്ട് സുനി ഫോണ്‍ ചെയ്‌തെന്നാണ് ബ്ലാക് മെയില്‍ ചെയ്‌തെന്ന പരാതിയില്‍ ദിലീപ് പറഞ്ഞിരുന്നത്. സുനി എഴുതിയ കത്തിലോ ഫോണ്‍ റെക്കോഡിങ്ങിലോ അത്തരമൊരു പരാമര്‍ശമില്ല. പിന്നെ എങ്ങനെ രണ്ടു കോടി എന്നു പറഞഞു എന്ന ചോദ്യത്തിനു മുന്നില്‍ ദിലീപ് പതറിയതായി അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേ ക്വട്ടേഷനുമായി ബന്ധപ്പെട്ട് സുനിയും ദിലീപും പല വട്ടം ആശയവിനിമയം നടത്തിയിരുന്നതായി തെളിവു ലഭിച്ചിട്ടുണ്ട്. അപ്പുണ്ണിയുടെ ഫോണില്‍നിന്ന് കാക്കനാട് ജയിലിലേക്ക് ദിലീപ് നേരിട്ടു വിളിച്ചു സുനിയുമായി സംസാരിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ടിനു ശേഷമായിരുന്നു ഈ ഫോണ്‍ കോള്‍. സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. ദീലീപിന്റെ സഹോദരനോടാണ് സംസാരിച്ചത്. പിന്നീട് അപ്പുണ്ണി ഇയാളെ കണ്ടിട്ടുണ്ടെന്നും പൊലീസിനു ബോധ്യമായിട്ടുണ്ട്.

കാവ്യാ മാധവന് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി വരും ദിവസങ്ങളില്‍ അന്വേഷണസംഘം രേഖപ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com