വിവാദ അഭിമുഖത്തിലെ വിമര്‍ശനങ്ങളും പൊലീസിനെ അതിവേഗം അറസ്റ്റിലേക്ക് എത്തിച്ചു

സെന്‍കുമാറിന്റെ ആക്ഷേപം വസ്തുതാപരമല്ലെന്നും പൊലീസ് ശരിയായ ദിശയില്‍ത്തന്നെയാണെന്നും തെളിയിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
വിവാദ അഭിമുഖത്തിലെ വിമര്‍ശനങ്ങളും പൊലീസിനെ അതിവേഗം അറസ്റ്റിലേക്ക് എത്തിച്ചു

തിരുവനന്തപുരം: നടിയുടെ കേസ് അന്വേഷണത്തില്‍ എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ചിലപ്പോള്‍ ആ കേസ് തുലഞ്ഞുപോകുമെന്നുമുള്ള മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വിമര്‍ശനവും പൊലീസ് അതിവേഗം ദിലീപിന്റെ അറസ്റ്റിലേക്കു നീങ്ങുന്നതിന് കാരണമായി. സെന്‍കുമാറിന്റെ ആക്ഷേപം വസ്തുതാപരമല്ലെന്നും പൊലീസ് ശരിയായ ദിശയില്‍ത്തന്നെയാണെന്നും തെളിയിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. 

അഭിമുഖം വലിയ കോളിളക്കം സൃഷ്ട
ിച്ചിരുന്നു. പൊലീസ് 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതിനെയും സെന്‍കുമാര്‍ വിമര്‍ശിച്ചു. മാത്രമല്ല, ദിലീപിനെതിരേ എന്തെങ്കിലും തെളിവുകള്‍ ഉള്ളതായി തനിക്ക് അറിവൊന്നുമില്ലെന്നും പറഞ്ഞിരുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര മണിക്കൂര്‍ ചോദ്യം ചെയ്യണമെന്നു ചോദിച്ച സെന്‍കുമാര്‍ അത്രയേറെ പരാതികള്‍ അവര്‍ക്കെതിരേ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. താന്‍ ഡിജിപിയായിരുന്നപ്പോള്‍ ദിലീപിനെതിരേ തെളിവ് ലഭിച്ചതായി അറിയില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മാധ്യമങ്ങളോട് പൊതുവായി വിശദീകരിച്ചെങ്കിലും സന്ധ്യക്കെതിരായ വിമര്‍ശനമുള്‍പ്പെടെ ആവര്‍ത്തിക്കുകയും ചെയ്തു. ഇതുമാത്രമല്ല ഒരു കാര്യവും അവര്‍ ഡിജിപിയെന്ന നിലയില്‍ തന്നോട് ബ്രീഫ് ചെയ്യാറില്ലെന്നും പറഞ്ഞു.

സെന്‍കുമാര് പറഞ്ഞതൊക്കെ വിവാദമായതോടെ അതേക്കുറിച്ച് സന്ധ്യ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. അന്വേഷണം ശരിയായ ദിശയില്‍ത്തന്നെയാണെന്ന് അഭിനന്ദിച്ച ഡിജിപി ധൈര്യമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ച് അന്വേഷണ സംഘത്തിനു രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. അതിനു തൊട്ടുപിന്നാലെയാണ് ദിലീപിന്റെ അറസ്റ്റുണ്ടായത്. ഇതോടെ പൊലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ നടിയുടെ കേസില്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കിയിരുന്നില്ലെന്നും എഡിജിപി സന്ധ്യ കടന്നാക്രമിച്ചത് വ്യക്തിവിരോധം മൂലമാണെന്നും പൊലീസ് പറയാതെ പറയുക കൂടിയാണ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com