ഇതൊരു വീണ്ടുവിചാരത്തിന്റെ സമയമാണ്; നടീനടന്മാരെ ''താരങ്ങളാക്കുന്ന'' പ്രേക്ഷകര്‍ മാറി ചിന്തിക്കേണ്ട സമയം

മലയാള സിനിമയിലെ ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍, നടീനടന്മാരെ ''താരങ്ങളാക്കുന്ന'' പ്രേക്ഷകരുടെ സമീപനത്തില്‍ തന്നെ മാറ്റങ്ങള്‍ വേണമെന്ന് പറയുകയാണ് കവിയും ഗാനരചയിതാവുമായ മനോജ് കുരൂര്‍
ഇതൊരു വീണ്ടുവിചാരത്തിന്റെ സമയമാണ്; നടീനടന്മാരെ ''താരങ്ങളാക്കുന്ന'' പ്രേക്ഷകര്‍ മാറി ചിന്തിക്കേണ്ട സമയം

ഇതൊരു വീണ്ടുവിചാരത്തിന്റെ സമയമാണ്. ആ വീണ്ടുവിചാരം നമ്മിലുണ്ടായാലേ സിനിമ കലയായി നിലനില്‍ക്കുകയുള്ളു. അല്ലെങ്കിലത് പുറമേ പകിട്ടും അകമേ അഴുക്കുമുള്ള ഡ്രെയ്‌നേജു പൈപ്പുകളായി തുടരും. മലയാള സിനിമയിലെ ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍, നടീനടന്മാരെ ''താരങ്ങളാക്കുന്ന'' പ്രേക്ഷകരുടെ സമീപനത്തില്‍ തന്നെ മാറ്റങ്ങള്‍ വേണമെന്ന് പറയുകയാണ് കവിയും ഗാനരചയിതാവുമായ മനോജ് കുരൂര്‍. 

ഈ താരപ്പൊലിമയും പണവും ചേര്‍ന്നാല്‍, കലയ്ക്കപ്പുറം വ്യവസായമായി മാറിയാല്‍, ആ പളപളപ്പിന്റെ പിന്നാമ്പുറങ്ങളില്‍ എന്തും നടക്കും. മറ്റൊരു കലയുടെയും പിന്നിലില്ലാത്ത അധോലോകം സിനിമയോടു ചേര്‍ന്നു വളരും. ചൂഷണങ്ങള്‍ പെരുകും. കുറ്റകൃത്യങ്ങള്‍ സാധാരണ കാര്യമാകും. മറ്റെല്ലാ കലയില്‍നിന്നും ഭിന്നമായി സിനിമാമേഖല അങ്ങനെയാവുന്നുണ്ടെങ്കില്‍, അതിന്റെ അടിവേരുകള്‍ വളരുന്നത് കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്‍പ്പെടുന്ന നമ്മളില്‍ത്തന്നെയാണെന്ന് മനോജ് കുരൂര്‍ ചൂണ്ടിക്കാണിക്കുന്നു. 

നമ്മുടെ ഈ അമിതാവേശമാണ് കലയെന്നതിലുപരി ഒരു വ്യവസായമായി സിനിമയെ മാറ്റിയത്. 'ഞാന്‍ ഈ കലാരംഗത്തു വന്നപ്പോള്‍' എന്നല്ല, 'ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍' എന്നാണ് സംവിധായകരും അഭിനേതാക്കളുമൊക്കെ അഭിമുഖങ്ങളില്‍പ്പോലും പറയാറുള്ളത്. നടീനടന്മാര്‍ എന്നല്ല, 'താരങ്ങള്‍' എന്നാണ് നാം അവരെ വിളിക്കുന്നത്. ആസ്വാദകരെപ്പറ്റി 'എന്റെ ഫാന്‍സ്' എന്നു പറയാനുള്ള ഉളുപ്പില്ലായ്ക ഈ അഭിനേതാക്കള്‍ കാണിക്കുന്നതും നാം ആവശ്യമില്ലാത്ത ഒരു പരിവേഷം അവര്‍ക്കു നല്‍കിയിട്ടുള്ളതുകൊണ്ടാണെന്നും മനോജ് കുരൂര്‍ പറയുന്നു. 

നൂറുകണക്കിനു കലകളുള്ളതിൽ ഒന്നു മാത്രമാണു സിനിമ. പക്ഷേ മറ്റൊരു കലയോടും ആളുകൾക്ക് ഒരു പരിധിയിൽക്കവിഞ്ഞ താത്പര്യമില്ല. മറ്റൊരു കലയിലുമില്ലാത്ത പ്രശസ്തിയും താരപരിവേഷവും കിട്ടുന്നതുകൊണ്ടുകൂടിയാണ് സിനിമാരംഗത്തെ അവസരങ്ങൾക്കായി പലരും കാത്തുനില്ക്കുന്നത്. ആളുകൾതന്നെ മറ്റേതു കലയെക്കാളും ശ്രദ്ധ, സിനിമയ്ക്കു നല്കുന്നതുകൊണ്ടാണ് മറ്റു കലാരംഗങ്ങളിലുള്ളവർ സിനിമയിലേക്കു പ്രലോഭിപ്പിക്കപ്പെടുന്നത്. ഒരു സിനിമയിലോ സീരിയലിലോ മുഖം കാണിച്ചിട്ടുള്ള ഒരാളോടു കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊന്നുപോലും മറ്റു മേഖലകളിൽ അതിപ്രശസ്തരായവരോടുപോലും നാം കാണിക്കാറില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com