ദിലീപിന്റെ പകയുടെ കഥകള്‍ തുറന്നുപറഞ്ഞ് സംവിധായകര്‍

മാക്ട പൊളിച്ചടുക്കിയത് ഒറ്റ രാത്രികൊണ്ട്, സ്വന്തം സിനിമയില്‍ നിന്ന് സംവിധായകരെ പുറത്താക്കുന്ന നടന്‍, സഹതാരത്തെ മുതല്‍ ലൈറ്റ് ബോയിയെ വരെ തീരുമാനിക്കും
ദിലീപിന്റെ പകയുടെ കഥകള്‍ തുറന്നുപറഞ്ഞ് സംവിധായകര്‍

വില്ലനായി മാറിയ ജനപ്രിയ നായകന്‍ തന്റെ താരസിംഹാസനം ഉറപ്പിച്ചു നിര്‍ത്തിയത് ഒരുപാട് സിനിമാ പ്രവര്‍ത്തകരുട കണ്ണീരിനു മുകളിലായിരുന്നു.ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ജയിലിലേക്ക് പോകുമ്പോള്‍ സിനിമാ ഖേലയില്‍ ചെയ്തുകൂട്ടിയ വൃത്തികേടുകളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. മനോരമയുടെ വാര്‍ത്താ പരമ്പരയില്‍ സംവിധായകര്‍  ദിലീപ് തകര്‍ത്ത തങ്ങളുടെയും മറ്റുള്ളവരുടെയും സിനിമാജീവിതത്തെക്കുറിച്ച്  വെളിപ്പെടുത്തുകയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

എന്റെ സിനിമയില്‍ നിന്ന് എന്നെ പുറത്താക്കി: തുളസീദാസ്

സ്വന്തം ഇഷ്ടപ്രകാരം സിനിയമയിലെ അണിയറ പ്രവര്‍ത്തകരെ നിശ്ചയിച്ചത് ചോദ്യം ചെയ്ത സംവിധായകനെ സ്വന്തം സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ദിലീപ് കളിച്ച കളിയാണ് സംവിധായകന്‍ തുളസീദാസ് പറയുന്നത്. മായപ്പൊന്‍മാന്‍,ദോസ്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുളസീദാസ് കുട്ടനാട് എക്‌സ്പ്രസ് എന്നൊരു സിനിമ ചെയ്യാന്‍ ദിലീപിനെ സമീപിച്ചു.ലിബര്‍ട്ടി ബഷീറിനെയായിരുന്നു നിര്‍മ്മാതാവായി പരിഗണിച്ചിരുന്നത്. എന്നാല്‍ ലിബര്‍ട്ടി ബഷീറിനെ മാറ്റാന്‍ ദിലീപ് ആവശ്യപ്പെട്ടു. പിന്നീട് പല നിര്‍മ്മാതാക്കളുടെയും പേരുകള്‍ക്കൊടുവില്‍ ഒരു മുംബൈ നിര്‍മ്മാതാവിനെ തീരുമാനമായി. റിയല്‍എസ്റ്റേറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് പണം ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ തുളസീദാസ് നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും 40ലക്ഷം രൂപ ദിലീപിന് വാങ്ങി നല്‍കി. പ്രതിഫലത്തില്‍ കുറയ്ക്കാം എന്നായിരുന്നു ധാരണ.സിനിമയില്‍ നായികയായി നിശ്ചയിച്ചയാളെ ദിലീപ് ആദ്യം തന്നെ മാറ്റി, പിന്നീട് ക്യാമറാമാനേയും സംഗീത സംവിധായകനേയും വരെ മാറ്റണമെന്നായി.ദിലീപിന്റെ ഇഷ്ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ലെന്ന് തുളസീദാസ് നിലപാടെടുത്തതോടെ ദിലീപിന് അദ്ദേഹത്തോട് പകയായി. രഹസ്യമായി മുംബൈയില്‍ ചെന്ന് സിനിമയില്‍ നിന്ന് തുളസീദാസിനെ പുറത്താക്കുകയും ആറുമാസം പുറകേ നടത്തിക്കുകയും ചെയ്തു. സിനിമയില്‍ നിന്ന് തന്ന മാറ്റിയ കാര്യം സിനിമ മാസിക വഴിയാണ് താന്‍ അറിയുന്നത് എന്ന് തുളസീദാസ് പറയുന്നു. തുടര്‍ന്ന് നിര്‍മ്മാതാവുമായി പുതിയ സിനിമ ചെയ്യാമെന്ന് ദിലീപ് ധാരണയിലെത്തുകയായിരുന്നു. 

പ്രശ്‌നം തീര്‍ക്കാന്‍ തുളസീദാസ് പലകതവണ ദിലീപിനെ ഫോണില്‍ വിളിച്ചു,ഫോണെടുക്കാതിരുന്ന ദിലീപിനെ സിനിമ സെറ്റില്‍ പോയി കണ്ട തുളസീദാസിന് മുന്നില്‍ ദിലീപ് കസേരയില്‍ കാല്‍നീട്ടിയിരുന്നു. താന്‍ നിന്നുകൊണ്ടാണ് സംസാരിച്ചതെന്ന് തുളസീദാസ് പറയുന്നു. താരത്തിനെതിരെ വിവിധ സംഘടനകളില്‍ പരാതി കൊടുത്ത തുളസീദാസിനോട് പല താരങ്ങളും സഹകരിക്കാതായി. നിര്‍മ്മാതാക്കള്‍ പിന്‍മാറി.ദിലീപിന്റെ ആളുകള്‍ വീട്ടില്‍വിളിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തി. താന്‍ നായികയാക്കി കൊണ്ടുവന്ന് പെണ്‍കുട്ടി ദിലീപിനെ പേടിച്ച് സ്വന്തം കല്യാണത്തില്‍ നിന്നുപോലും തന്നെ ഒഴിവാക്കിയെന്ന് തുളസീദാസ് പറയുന്നു.

മാക്ട പൊളിച്ചടുക്കിയത് ഒറ്റരാത്രികൊണ്ട്: വിനയന്‍

ആനപ്പകയുള്ളയാളാണ് ദിലീപ് എന്നും മലയാള സിനിമയെ ദിലീപിന്റെ അറസ്റ്റിനു മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാമെന്നും സംവിധായകന്‍ വിനയന്‍ പറയുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ നായകനാക്കി നിശ്ചയിച്ചിരുന്നത് ദിലീപിനെയാണ്.എന്നാല്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഒഴിവാക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ചാനലില്‍ ഞാന്‍ സംസാരിച്ചിരുന്നില്ല,ഇതിന് ദിലീപ് നന്ദി പറഞ്ഞെന്നും വിനയന്‍ പറയുന്നു. 

എന്നോടുള്ള വിരോധംകൊണ്ടു ഒറു അര്‍ദ്ധരാത്രി കൊണ്ട് ഫെഫ്ക രൂപീകരിച്ചയാളാണ് ദിലീപ്,പ്രമുഖ സംവിധായകന്‍ ഉള്‍പ്പെടെയെള്ളവരെ മാക്ടയില്‍ നിന്ന് രാജിവെയ്പ്പിച്ചത് രാത്രിക്ക് രാത്രിയാണ്. എന്റെ രണ്ടു സിനിമകളുടെ സാറ്റലൈറ്റ് അവകാശം എടുക്കാമെന്ന് പറഞ്ഞിരുന്നവര്‍ പിന്‍മാറിയതും ദിലീപ് കാരണമാണ്. വിനയന്‍ പറയുന്നു.


മലയാള സിനിമയിലെ വൃത്തികേടുകള്‍ക്ക് തുടക്കം കുറിച്ചത് ദിലീപ്: രാജസേനന്‍

നടീ നടന്‍മാര്‍ മുതല്‍ ലൈറ്റ് ബോയിയെവരെ നായകന്‍ തീരുമാനിക്കുന്ന സമ്പ്രതായത്തിന് മലയാള സിനിമയില്‍ തുടക്കം കുറിച്ചവരിലൊരാളാണ് ദിലീപ് എന്നാണ് സംവിധായകന്‍ രാജസേനന്‍ പറയുന്നത്. ദിലീപിനെ നായകാനാക്കി രണ്ടുസിനിമ സംവിധാനം ചെയ്ത രാജസേനനും പറയാനുള്ളത് തന്റെ സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ദിലീപ് കളിച്ച കളിയെക്കുറിച്ചാണ്. ഐതീഹ്യമാല ആധാരമാക്കി സിനിമ ചെയ്യാന്‍ രാജസേനന്‍ തീരുമാനിച്ചു. കഥകേട്ട ദിലീപ് സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.ബംഗലൂരുവിലുള്ള നിര്‍മ്മാതാവ് പത്തുകോടി രൂപ മുടക്കാമെന്ന് സമ്മതിച്ചു. തിരക്കഥാകൃത്തായി ജെ.പള്ളാശ്ശേരിയെ വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരട്ട തിരക്കഥാകൃത്തുക്കളെ വച്ചാല്‍ മതിയെന്നായി ദിലീപ്. ഇതനുസരിച്ച അവര്‍ക്കും ദിലീപിനും അഡ്വാന്‍സ് കൊടുത്തു.എന്നാല്‍ ഓരോതവണയും സിനിമയെക്കുറിച്ച പറയുമ്പോള്‍ ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നത്രേ. ബംഗലൂരുവില്‍ പോയി ദിലീപ് നിര്‍മ്മാതാവിനെ കണ്ടതോടെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാനാണ് നീക്കം എന്ന് മനസ്സിലായി. അങ്ങനെ താന്‍ ആ സിനിമയില്‍ നിന്നും മാറുകയായിരുന്നുവെന്ന് രാജസേനന്‍ പറയുന്നു. മലയാള സിനിമയിലെ പല വൃത്തികെട്ട പ്രവണതകള്‍ക്കും തുടക്കം കുറിച്ചത് ദിലീപാണെന്ന് രാജസേനന്‍ പറയുന്നു. 

പൊട്ടി പാളീസായ നിര്‍മ്മാതാവിനെ ജയിലിലാക്കി: ആലപ്പി അഷറഫ്

ദിലീപിനെ ആലുവ സബ് ജയിലേക്ക് കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ പതിനഞ്ച് വര്‍ഷം മുമ്പ് വിതരണക്കാരന്‍ കൂടിയായ നിര്‍മ്മാതാവ് ദിനേശ് പണിക്കരെ ഇതേ സബ് ജയിലിലേക്ക് കൊണ്ടുപോകാന്‍ ദിലീപ് വഴിയൊരുക്കിയ കഥയാണ് തനിക്ക് ഓര്‍മ്മ വന്നതെന്ന് നിര്‍മ്മാതാവ് ആലപ്പി അഷറഫ് പറയുന്നു. ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ വിതരണക്കാരനായിരുന്നു ദിനേഷ് പണിക്കര്‍. ഷൂട്ടിങിന് ശേഷം നിര്‍മ്മാതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലായി.ദിലീപിന് പ്രതിഫല ഇനത്തില്‍ ഒന്നരലക്ഷം രൂപ കൂടി അവര്‍ നല്‍കാനുണ്ടായിരുന്നു. അത് നല്‍കാതെ ചിത്രം ഡബ്ബ് ചെയ്യില്ല എന്നായിരുന്നു ദിലീപിന്റെ നിലപാട്. 

വിതരണക്കാരന്‍ എന്ന നിലയില്‍ പണം താന്‍ നല്‍കേണ്ടതില്ലെന്നും എന്നാലും ഉറപ്പിന്റെ പേരില്‍ ഒന്നരലക്ഷത്തിന്റെ ചെക്ക് തരാമെന്നും ദിനേശ് പണിക്കര്‍ അറിയിച്ചു. ഇതനുസരിച്ച് ചെക്ക് നല്‍കി ദിലീപിനെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. പക്ഷേ ചിത്രം പുറത്തിറങ്ങിയപ്പോള്‍ സാമ്പത്തികമായി പരാജയപ്പെട്ടു.ഇതിനിടയില്‍ താന്‍ ചെക്ക് മാറിയെടുക്കാന്‍ പോകുകയാണെന്ന് ദിലീപ് ദിനേശ് പണിക്കരെ അറിയിച്ചു. തനിക്ക് 25ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും മനസാക്ഷിയുണ്ടെങ്കില്‍ ചെക്ക് കൊടുക്കരുത് എന്നും ദിനേശ് ദിലീപിനോട് കെഞ്ചി. എന്നാല്‍ അത് ചെവികൊള്ളാന്‍ ദിലീപ് തയ്യാറായില്ല. 

ഒന്നരവര്‍ഷം കഴിഞ്ഞ് ദിലീപ് മൂന്ന് അഭിഭാഷകരേയും പൊലീസിനേയും ദിനേശിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് അയച്ചു. പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ വെള്ളിയാഴ്ചയുള്ള വരവ് ദിനേശിന് മനസ്സിലായി. ദിലീപ് പറഞ്ഞാല്‍ വിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ദിലീപിനോട് ഫോണില്‍ സംസാരിച്ചുവെങ്കിലും അഭിഭാഷകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്ന് ദിനേശ് പണിക്കരെ രാത്രി ഒരുമണിയോടെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അവിടെയെത്തിയപ്പോഴേക്കും അദ്ദേഹം തളര്‍ന്നു വീണിരുന്നു. മജിസ്‌ട്രേറ്റ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.

നിര്‍മ്മാതാവിനെ ജയിലാക്കിയ ദിലീപിനെ നിര്‍മ്മാതാക്കളുടെ സംഘടന രണ്ടു വര്‍ഷത്തേക്ക് വിലക്കി. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇടപെട്ടാണ് പ്രശ്‌നപരിഹാരം നടത്തിയത്. താനൊരു ദൈവവിശ്വാസിയാണെന്നും ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്യിക്കാന്‍ താനൊന്നും ചെയ്തിട്ടില്ല എന്നുമാണ് ദിലീപ് ചര്‍ച്ചയില്‍ പറഞ്ഞതെന്ന് ആലപ്പി അഷറഫ് ഇപ്പോഴും ഓര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com