ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം 

മലയാള സിനിമ രംഗത്തെ ദിലീപിന്റെ ബിനാമി  ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്ന് രാവിലെ പത്തുമണിയോടെ അങ്കമാലി കോടതി കേസില്‍ വാദം കേള്‍ക്കും. കേസ് പൊലീസ് കെട്ടിച്ചമച്ചത് ആണെന്നും തെളിവുകള്‍ കൃത്രിമമാണെന്നുമായിരിക്കും ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുക. ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘവും ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. പ്രതിക്ക് ജാമ്യം കിട്ടിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ നിഷേധിക്കണം എന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ബലാത്സംഗം ഉള്‍പ്പെടെ 19 കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തുക. കേസില്‍ നിലവില്‍ 11 ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം ചുമത്തുമ്പോള്‍ കേസിലെ രണ്ടാം പ്രതിയായി മാറും. 

കേസില്‍ ഏറെ നിര്‍ണ്ണായക തെളിവായി കരുതുന്ന മൊബൈല്‍ഫോണ്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും വേണ്ടതുണ്ട്. ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ഈ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ദിലീപിന്റെ സിനിമാ രംഗത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

മലയാള സിനിമ രംഗത്തെ ദിലീപിന്റെ ബിനാമി  ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ദിലീപ് നടത്തിയ വിദേശ സ്റ്റേജ് ഷോകള്‍,വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്ന് കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ചും അന്വേഷണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com