ദുരൂഹതയുണര്‍ത്തുന്ന ഫ്‌ളാഷ്ബാക്കുകള്‍ ഒന്നൊന്നായി തുറക്കുന്നു; ശ്രീനാഥിന്റെ മരണത്തിന് പിന്നിലെന്ത്?

ദുരൂഹത ഉണര്‍ത്തുന്ന സംഭവങ്ങള്‍ സിനിമാ ലോകത്ത് നിന്നും നമ്മുടെ കാതുകളിലെത്തി ഉത്തരങ്ങളില്ലാതെ ഇന്നും തുടരുന്നുണ്ട്. കലാഭവന്‍ മണി, കല്‍പ്പന എന്നീ പ്രിയതാരങ്ങളുടെ മരണം അടക്കം
ദുരൂഹതയുണര്‍ത്തുന്ന ഫ്‌ളാഷ്ബാക്കുകള്‍ ഒന്നൊന്നായി തുറക്കുന്നു; ശ്രീനാഥിന്റെ മരണത്തിന് പിന്നിലെന്ത്?

തിളങ്ങുന്ന നക്ഷത്ര ലോകത്തിന് പിന്നില്‍ ദുരൂഹതയുണര്‍ത്തുന്ന മുഖവുമുണ്ട് സിനിമാ ലോകത്തിന്. മലയാള സിനിമയിലെ ജീര്‍ണതകള്‍ക്കെതിരെ കണ്ണും കാതും അടച്ചിരുന്ന പ്രേക്ഷകരെ ഇപ്പോള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കിയത് നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റാണ്. 

ദേ പുട്ടിന് കല്ലെറിഞ്ഞും, കോടതി, പൊലീസ് പരിസരങ്ങളില്‍ നടന്റെ മുഖം തെളിയുമ്പോള്‍ കൂവി തോല്‍പ്പിച്ചും തങ്ങളുടെ പ്രതികരണവും പ്രതിഷേധവും ജനങ്ങളിപ്പോള്‍ അറിയിക്കുന്നുണ്ട്. പക്ഷെ നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ്, ദുരൂഹത ഉണര്‍ത്തുന്ന സംഭവങ്ങള്‍ സിനിമാ ലോകത്ത് നിന്നും നമ്മുടെ കാതുകളിലെത്തി ഉത്തരങ്ങളില്ലാതെ ഇന്നും തുടരുന്നുണ്ട്. കലാഭവന്‍ മണി, കല്‍പ്പന എന്നീ പ്രിയതാരങ്ങളുടെ മരണം അടക്കം.

സഹപ്രവര്‍ത്തകരുടെ ദുരൂഹ മരണത്തില്‍ അന്വേഷണം വേണമെന്ന് പറയാനുള്ള ആര്‍ജവം പോലും നടീനടന്മാരുടെ ഭാഗത്ത് നിന്നും നമ്മള്‍ കേട്ടിട്ടില്ല. ഉത്തരങ്ങളില്ലാതെ കുഴിച്ചുമൂടപ്പെട്ട സംഭവങ്ങളെല്ലാം വീണ്ടും ഉയര്‍ന്നു വരികയാണ് സമൂഹമാധ്യമങ്ങളില്‍. അതില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് നടന്‍ ശ്രീനാഥിന്റെ ദുരൂഹ മരണമാണ്. ശിക്കാറിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ കോതമംഗലത്തെ ഹോട്ടല്‍ മുറിയിലാണ് ശ്രീനാഥിന്റെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനാഥിന്റെ ദുരൂഹമരണത്തില്‍ നടന്‍ തിലകന്‍ ഉന്നയിച്ച ആരോപണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

തിലകന്റെ വാക്കുകള്‍

പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ മദ്രാസില്‍ വെച്ചാണ് പരിചയപ്പെട്ടത്. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് മകന്റെ കുട്ടിയുടെ ഒന്നാമത്തെ പിറന്നാളിന് വന്നിരുന്നു. എന്നാല്‍ തന്റെ അടുത്തേക്ക് വരാതെ ഒഴിഞ്ഞു മാറുകയായിരുന്നു ശ്രീനാഥ്. അമ്മ സംഘടന സ്വീകരിച്ച നിലപാടുകളില്‍ സങ്കടമുള്ളത് കൊണ്ടാണ് മുന്നിലേക്ക് വരാന്‍ മടിയെന്നാണ് പറഞ്ഞത്.  

പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു ഇതൊരു സ്വാഭാവിക മരണമല്ല, ആത്മഹത്യയല്ല, കൊലപാതകം ആണെന്ന്. പക്ഷെ ആരും ഇത് പുറത്തു പറയാന്‍ ധൈര്യപ്പെടുന്നില്ല. എന്തുകൊണ്ട് പുറത്ത് പറയുന്നില്ല എന്ന ചോദ്യത്തിന്, പുറത്തു പറഞ്ഞാല്‍ പിന്നെ സിനിമയില്‍ താന്‍ ഉണ്ടാകില്ലെന്നായിരുന്നു ഒരാള്‍ തനിക്ക് നല്‍കിയ മറുപടി.

ശ്രീനാഥിന്റെ ജീവന് ഇത്രയ്ക്ക് വിലയുള്ളുവോ? ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വിളിച്ചു പറഞ്ഞത് ഞാന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. ലൊക്കേഷനിലെ പോട്ടെ, അമ്മ സംഘടനയിലെ ആരും ഉണ്ടായിരുന്നില്ല. 

കുറെക്കഴിഞ്ഞ് അവിടെ വന്നൊരാള്‍,പൂജപ്പുരക്കാരനാണ്, മുന്‍മന്ത്രിയുടെ എര്‍ത്ത്‌ലൈനാണ്. അയാളാണ് തന്നെ സീരിയലില്‍ നിന്നും വിലക്കിയിരിക്കുന്നത്.  ''ഇങ്ങനെയല്ലല്ലോ കൊണ്ടുപോയത്, കൊണ്ടുപോയത് പോലെ എന്റെ ഭര്‍ത്താവിനെ അമ്മ സംഘടന ഇവിടെ തിരിച്ചു കൊണ്ടുവന്ന് തരണം എന്ന് പറഞ്ഞ ശ്രീനാഥിന്റെ ഭാര്യ കരയുമ്പോള്‍, ഈ പൂജപ്പുരക്കാരന്‍ അവര്‍ക്ക് മയങ്ങാന്‍ മരുന്ന് കൊടുക്കാനാണ് പറഞ്ഞത്. ഇങ്ങനെ മയക്കി കിടത്തി ശ്രീനാഥിന്റെ മൃതദേഹം സംസ്‌കരിക്കണം എന്ന് ഇവര്‍ക്കുണ്ടായ ആഗ്രഹത്തിന് പിന്നിലെന്താണ്‌.കോതമംഗലത്ത് മരിച്ച ഒരാളെ, എന്തിനാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയില്‍ കൊണ്ടുപോയത്. ആലപ്പുഴയില്‍ അമ്മയുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. അതും ഫോറന്‍സിക്കില്‍. തന്നെ ഏറ്റവും കൂടുതല്‍ സംശയത്തിലാക്കിയത് അതാണ്. 

എന്തും ചെയ്യാന്‍ മടിക്കാത്ത സംഘങ്ങളാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ളത്. പിടിച്ചു നില്‍ക്കാന്‍ വേണ്ടി എന്ത്‌ ദ്രോഹവും അവര്‍ ചെയ്യും. ഞാന്‍ അതിന്റെ ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. തൊഴില്‍ നിഷേധമാണ്. അതിനെതിരെ താന്‍ കോടതിയില്‍ പോകുന്നു. എന്നാല്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്.

അറിയാത്ത രണ്ട് ആത്മഹത്യ കൂടി നടന്നിട്ടുണ്ട്. ഒന്ന് ഒരു ലൈറ്റ് ബോയും മറ്റൊരു സിനിമാ തൊഴിലാളിയും. അവര്‍ക്ക് പ്രശസ്തി ഇല്ലതിരുന്നതിനാല്‍ ആരും അറിഞ്ഞില്ല. അമ്മയെന്ന പേരിലെ ഈ മാഫിയ സംഘത്തെ ഇവിടെ വെച്ചു പൊറുപ്പിക്കാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. ഈ മാഫിയ സംഘത്തിന്റെ നാവ് അടച്ച് അവരുടെ ചലനം ഉണ്ടാകാന്‍ പാടില്ല എന്ന ശപഥത്തോടെയാണ് താന്‍ ജീവിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com