കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സൂചന; ദിലീപ് ഇന്ന് വീണ്ടും കോടതിയില്‍ 

ദിലീപ് നല്‍കിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യ കാവ്യ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്ന് സൂചനയുണ്ട്
കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സൂചന; ദിലീപ് ഇന്ന് വീണ്ടും കോടതിയില്‍ 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയതായി സൂചന. ദിലീപ് നല്‍കിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യ കാവ്യ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായില്ല. 

അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പു കാവ്യ മാധവന്‍, അമ്മ ശ്യാമള, സംവിധായകനും നടനുമായ ലാല്‍, പി.ടി.തോമസ് എംഎല്‍എഎന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. കുറ്റം മറച്ചുവയ്ക്കാന്‍ പ്രതിയെ സഹായിച്ചതായി സംശയിക്കപ്പെടുന്ന രണ്ട് എംഎല്‍എമാര്‍, മുഖ്യപ്രതി സുനില്‍കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവര്‍ക്കുള്ള ചോദ്യാവലി പൊലീസ് തയാറാക്കി.ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിന് അനുകൂലമായി മൊഴിനല്‍കിയ മുഴുവന്‍ പേരെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയെങ്കിലും പ്രോസിക്യൂഷന്‍ വാദം ഇന്നലെ നടന്നില്ല.

ഇന്നലെ ദിലീപുമായി പൊലീസ് തെളിവെടുപ്പു പൂര്‍ത്തിയാക്കി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിനെ ഇന്നു ഹാജരാക്കും. അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടാന്‍ പൊലീസ് ആവശ്യപ്പെടുമോ, ദിലീപിന്റെ ജാമ്യാപേക്ഷ കോടതി അനുവദിക്കുമോ എന്ന് ഇന്നറിയാം.സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com