നഴ്‌സുമാര്‍ക്കെതിരെ 'എസ്മ' പ്രയോഗിക്കണമെന്ന് ഹൈക്കോടതി; അനിശ്ചിതകാല സമരം താത്കാലികമായി തടഞ്ഞു  

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്ന് ഹൈക്കോടതി
നഴ്‌സുമാര്‍ക്കെതിരെ 'എസ്മ' പ്രയോഗിക്കണമെന്ന് ഹൈക്കോടതി; അനിശ്ചിതകാല സമരം താത്കാലികമായി തടഞ്ഞു  

കൊച്ചി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാര്‍
മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്ന് ഹൈക്കോടതി. നഴ്‌സുമാര്‍ തിങ്കളാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സമരത്തിനെതിരെ ' എസ്മ' (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സമരം അവസാനിപ്പിക്കുവാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. 

കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതും തിങ്കളാഴ്ച പരിഗണിക്കും.

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ശുപാര്‍ശചെയ്ത 27,800 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനായിരുന്നു നഴ്‌സുമാരുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com