എംടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മതനിരപേക്ഷതയടക്കമുള്ള സാമൂഹിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന എം.ടി. എല്ലാ പ്രതിലോമചിന്തകള്‍ക്കും അതീതനായി മഹാതേജസ്സായി പരിലസിക്കുന്നു
എംടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എണ്‍പത്തിനാലാം ജന്മദിനത്തില്‍ എം.ടി.ക്ക് പിറന്നാള്‍
ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി. മലയാളിയുടെ മനസ്സിലെ പ്രകാശഗോപുരമായി നിലകൊള്ളുകയാണ്. തലമുറകളുടെ സ്‌നേഹവാത്സല്യങ്ങളും ആദരവും ഒരേ അളവില്‍ ലഭിച്ച അതുല്യ പ്രതിഭയാണ് എം.ടിയെന്നും പിണറായി പറഞ്ഞു.

കണ്ണാന്തളിയുടെയും നിളയിലെ കുഞ്ഞോളങ്ങളുടെയും ലോകത്തുനിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ സാഹിത്യസപര്യ കാലാതിവര്‍ത്തിയായ നിരവധി കൃതികള്‍ മലയാളിക്ക് സമ്മാനിച്ചു. ഒരു ജനതയുടെ ഭാവുകത്വത്തെ സര്‍ഗാത്മകമായി മാറ്റിമറിച്ചു. ജ്ഞാനപീഠവും പത്മഭൂഷനും അടക്കമുള്ള ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനദേശീയ പുരസ്‌കാരങ്ങള്‍ സിനിമാരംഗത്തെ സംഭാവനകള്‍ക്കായി ലഭിച്ചു. മതനിരപേക്ഷതയടക്കമുള്ള സാമൂഹിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന എം.ടി. എല്ലാ പ്രതിലോമചിന്തകള്‍ക്കും അതീതനായി മഹാതേജസ്സായി പരിലസിക്കുന്നു. അദ്ദേഹത്തിന്റെ സാഹിത്യപ്രഭാവലയം ഇനിയുമേറെക്കാലം മലയാളിക്ക് ലഭ്യമാകട്ടെ എന്നും പിണറായി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com