ദിലീപിന് ജാമ്യമില്ല; വീണ്ടും ജയിലിലേക്ക്‌

നടിയെ അക്രമിച്ച കേസില്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചില്ല - ജൂലൈ 25 വരെ റിമാന്റില്‍ - ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍
ദിലീപിന് ജാമ്യമില്ല; വീണ്ടും ജയിലിലേക്ക്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ മാസം 25 വരെ നടന്‍ റിമാന്‍ഡില്‍ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേല്‍ ചുമത്തുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശക്തമായ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം

പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ നടനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡി കാലാവധി ഇന്ന് അഞ്ചു മണിക്ക് അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനെ തുടര്‍ന്ന് ഒരു ദിവസം ദിലീപ് ആലുവ സബ് ജയിലില്‍ കിടന്ന ദിലീപ് പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു. അതേസമയം, പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെയോ ഉന്നത കോടതിയെയോ ദിലീപിന് സമീപിക്കാം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

സമൂഹമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളില്‍ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണ്. അതു വിശ്വസിച്ചാണു പൊലീസ് മുന്നോട്ടുപോകുന്നത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. കത്തിലെഴുതിയ കാര്‍ നമ്പരിനു പ്രാധാന്യമില്ല. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണു പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്. മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com