നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; സമരം മാറ്റിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ആവശ്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സംഘടനയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്
നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; സമരം മാറ്റിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കൊച്ചി: നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. സമരം മാറ്റിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് യുഎന്‍എയോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനൗപചാരികമായി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ആവശ്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സംഘടനയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ശമ്പളം 20000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് യുഎന്‍എയുടെ ആവശ്യം. തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം നടത്തരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍എ യോഗം ചേരുകയാണ്. 

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍  മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട സമിതിയോട്  19ന് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്്. മാനേജുമെന്റുകളുമായും സമരക്കാരുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് നടത്തരുതെന്ന് കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. പണിമുടക്ക് നടത്തുകയാണെങ്കില്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന ശമ്പളം ന്യായമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംഭവത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com