പാവം ദിലീപ്, നടി പറയുന്നത് വെള്ളം തൊടാതെ വിശ്വസിക്കാനാകില്ല; ദിലീപിനെ പിന്തുണച്ച് സംഗീത ലക്ഷ്മണ

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ സീനുകള്‍ക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം തനിക്ക് കിട്ടിയതാണ്‌
പാവം ദിലീപ്, നടി പറയുന്നത് വെള്ളം തൊടാതെ വിശ്വസിക്കാനാകില്ല; ദിലീപിനെ പിന്തുണച്ച് സംഗീത ലക്ഷ്മണ

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംഗീത ലക്ഷമണ. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ സീനുകള്‍ക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം തനിക്ക് കിട്ടിയതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സംഗീത ലക്ഷമണ പറയുന്നു. 

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേരള പൊലീസിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്നും സംഗീത ലക്ഷമണ ആരോപിക്കുന്നു. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാന്‍ എനിക്കറിയില്ല. മഞ്ജു വാര്യര്‍ ഇതൊക്കെ എങ്ങനെയാവും നോക്കി കാണുന്നത് എന്നും എനിക്ക് അറിയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതെനിക്ക് ഉറപ്പാണ് മഞ്ജു വാര്യരുടെ സ്ഥാനത്ത് ഞാനാണ് എങ്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എനിക്ക് ഒട്ടും തന്നെ സന്തോഷമുണ്ടാക്കുന്നതാവില്ല. 

മഞ്ജുവായിരുന്നു ഞാന്‍ എങ്കില്‍, ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം, സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാന്‍ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ നെഞ്ചുരുകി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും ദിലീപ് ഇപ്പോള്‍ കടന്നുപോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരന്‍ അദ്ദേഹത്തിന് കൊടുക്കണമേ എന്ന്, ഏറ്റവും അടുത്ത ദിവസം ജയില്‍ മോചിതനാവാന്‍ അദ്ദേഹത്തിന് സാധിക്കണമേ എന്നുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ക്രിമിനല്‍ അഭിഭാഷക എന്ന് അവകാശപ്പെടുകയും അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഞാന്‍, ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ /ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം നേരിടുന്ന ആരോപണങ്ങള്‍, ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണ് എങ്കില്‍ അങ്ങനെ ഒരു കണ്ടെത്തല്‍ വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂര്‍ണ്ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന ഒരു പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരുകൂട്ടം ജനവും ഇത്രമേല്‍ പരിഹസിക്കുകയും, പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതെന്നും സംഗീത ലക്ഷമണ ചോദിക്കുന്നു. 

തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എങ്കില്‍ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിര്‍ത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തില്‍ എങ്ങനെയാണ്? എനിക്കതിനു കഴിയുന്നില്ലെന്നും സംഗീത ലക്ഷമണ പ്രതികരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com