ദിലീപിന്റെ ഭൂമി കയ്യേറ്റത്തിനെ പറ്റിയുള്ള അന്വേഷണം തടഞ്ഞത് സിപിഐ മന്ത്രിയെന്ന് ആരോപണം; ഇടത്-വലത് മുന്നണികള്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്തു 

എല്‍ഡിഎഫ് സര്‍ക്കാരിലെ തൃശൂരില്‍ നിന്നുള്ള  സിപിഐ മന്ത്രിയാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടത്
ദിലീപിന്റെ ഭൂമി കയ്യേറ്റത്തിനെ പറ്റിയുള്ള അന്വേഷണം തടഞ്ഞത് സിപിഐ മന്ത്രിയെന്ന് ആരോപണം; ഇടത്-വലത് മുന്നണികള്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്തു 

ചാലക്കുടി:ദിലീപിന്റെ ഭൂമി കയ്യേറ്റത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒരേപോലെ സഹായിച്ചെന്ന് ആരോപണം. സര്‍ക്കാര്‍ ഭൂമി കയ്യേറി തീയറ്റര്‍ സ്ഥാപിച്ച കേസിലെ ആദ്യ അന്വേഷണം അട്ടിമറിച്ചത് 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍.  ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണമാണ് യുഡിഎഫിലെ ഉന്നതര്‍ ഇടപെട്ട് ദിലീപിന് അനുകൂലമാക്കിയത്. അതിന്‍മേല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്ന ലാന്റ് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശിച്ച അന്വേഷണവും ഇനിയും എവിടെയും എത്തിയിട്ടില്ല.

എല്‍ഡിഎഫ് സര്‍ക്കാരിലെ തൃശൂരില്‍ നിന്നുള്ള  സിപിഐ മന്ത്രിയാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടത് എന്നതാണ് ശക്തമായ മറ്റൊരാരോപണം. ഇതിന് പ്രത്യുപകാരമായി ദിലീപ് നിര്‍മ്മിച്ച സിനിമയില്‍ മന്ത്രിയുടെ ബന്ധുവിനെ അഭിനയിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. 

2013ലാണ് കെ.സി സന്തോഷ് എന്ന ആലുവ സ്വദേശി ദിലീപിനെതിരെ പരാതി നല്‍കുന്നത്. ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് ഭൂമി സ്വന്തമാക്കുകയായിരുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണം നടത്തിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ദിലീപിന് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ദിലീപിന്റെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഈ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യു കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്ന് പിഴവുകള്‍ ഉണ്ടായതായി കണ്ടെത്തുകയും കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.കെ.സി സന്തോഷത്തിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലാന്റ്് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. 2015 ജൂണിലാണ് ഈ നിര്‍ദ്ദേശം വന്നത്. എന്നാല്‍ അതിനു  ശേഷം ഇതുവരെ കേസില്‍ അന്വേഷണം ഒന്നും നടന്നില്ല. 

എല്‍ഡിഎഫിന്റെ കാലത്ത്  കേസ് പൂഴ്ത്താനുണ്ടായ കാരണം സിപിഐയിലെ ഒരു മന്ത്രിയാണ് എന്നാണ് കെ.സി സന്തോഷ് ആരോപിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ഒരുമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും  കെ.സി സന്തോഷ് പറയുന്നു. ദിലീപ് ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com