ദിലീപ് ഭൂമി കയ്യേറിയെങ്കില്‍ തിരിച്ചുപിടിക്കും: വിഎസ് സുനില്‍ കുമാര്‍; ഭൂമിയിടപാടിനെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ ജില്ലാ കലക്ടര്‍

ലാന്റ റവന്യു കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് സിപിഐയിലെ തൃശൂരില്‍ നിന്നുള്ള മന്ത്രിയാണെന്ന് പരാതിക്കാരന്‍ കെ.സി സന്തോഷ് ആരോപണമുന്നയിച്ചിരുന്നു
ദിലീപ് ഭൂമി കയ്യേറിയെങ്കില്‍ തിരിച്ചുപിടിക്കും: വിഎസ് സുനില്‍ കുമാര്‍; ഭൂമിയിടപാടിനെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ ജില്ലാ കലക്ടര്‍

തൃശൂര്‍: ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ചുപിടിക്കും. നടപടിയെടുക്കാന്‍ റവന്യുമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുനില്‍കുമാര്‍  പറഞ്ഞു. ഭൂമിയിടപാടിനെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് തൃശൂര്‍ ജില്ലായിലെ മുന്‍ കലക്ടറാണെന്നും മന്ത്രി പറഞ്ഞു. 

ചാലക്കുടിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ദിലീപിന്റെ ഡി സിനിമാസ് തീറ്ററിനെതിരെ വന്ന ലാന്റ റവന്യു കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് സിപിഐയിലെ തൃശൂരില്‍ നിന്നുള്ള മന്ത്രിയാണെന്ന് പരാതിക്കാരന്‍ കെ.സി സന്തോഷ് ആരോപണമുന്നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് സുനില്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

2013ലാണ് കെ.സി സന്തോഷ് എന്ന ആലുവ സ്വദേശി ദിലീപിനെതിരെ പരാതി നല്‍കുന്നത്. ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് ഭൂമി സ്വന്തമാക്കുകയായിരുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണം നടത്തിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ദിലീപിന് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ദിലീപിന്റെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഈ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യു കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്ന് പിഴവുകള്‍ ഉണ്ടായതായി കണ്ടെത്തുകയും കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.കെ.സി സന്തോഷത്തിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലാന്റ് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. 2015 ജൂണിലാണ് ഈ നിര്‍ദ്ദേശം വന്നത്. എന്നാല്‍ അതിനു  ശേഷം ഇതുവരെ കേസില്‍ അന്വേഷണം ഒന്നും നടന്നില്ല. 

റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പ്രചതിഫലമായി മന്ത്രിയുടെ മകനെ ദിലീപ് നിര്‍മ്മിച്ച സിനിമയില്‍ അഭിനയിപ്പിച്ചുവെന്നും സന്തോഷ് ആരോപണമുന്നയിച്ചിരുന്നു. ദിലീപ് ഭൂമി കയ്യേറി തീയറ്റര്‍ നിര്‍മ്മിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com