നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശനമായ നടപടിയുമായി ജില്ലാ ഭരണകൂടം; വിദ്യാര്‍ത്ഥികളെ വെച്ച് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടിയെന്ന് യുഎന്‍എ

ജില്ലയിലെ നഴ്‌സിങ് കോളജുകളിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു -  രോഗികളുടെ ജീവന്‍വെച്ച് പന്താടരുതെന്ന് യുഎന്‍എ
നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശനമായ നടപടിയുമായി ജില്ലാ ഭരണകൂടം; വിദ്യാര്‍ത്ഥികളെ വെച്ച് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടിയെന്ന് യുഎന്‍എ

കണ്ണൂര്‍ : കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ നഴ്‌സിങ് കോളജുകളിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസവും 150 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലയിലെ ഒന്‍പതു ആശുപത്രികളിലാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചിരിക്കുന്നത്.

ആശുപത്രികളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ ജോലിക്ക് തടസമില്ലാതിരിക്കാന്‍ ഒന്‍പത് സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു വിഭാഗം നഴ്‌സുമാര്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കരുതല്‍ നടപടി. 

തിങ്കളാഴ്ച മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരം മാറ്റിവച്ചെങ്കിലും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരം മാറ്റിവച്ചത്.

അതേസമയം വേതന വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ മറികടക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎന്‍എ രംഗത്തുവന്നു. സര്‍ക്കാര്‍ രോഗികളുടെ ജീവന്‍വെച്ച് പന്താടരുത്. വിദ്യാര്‍ത്ഥികളെ വെച്ച് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടി ജനങ്ങള്‍ തിരിച്ചറിയണമെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com