പ്രമുഖര്‍ക്കായി വലവിരിച്ചിരുന്ന അമിത് ഷായ്ക്ക് തലവേദനയായി സംസ്ഥാന ബിജെപിയില്‍ അഴിമതി ആരോപണങ്ങളുടെ ചെളിവാരിയെറിയല്‍ 

തിരുവനന്തപുരത്തും പാലക്കാടും മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര അഴിമതി ആരോപണങ്ങളാണ് ബിജെപിയിലെ പ്രബല വിഭാഗങ്ങള്‍ പരസ്പരം ഉന്നയിച്ചിരിക്കുന്നത്
പ്രമുഖര്‍ക്കായി വലവിരിച്ചിരുന്ന അമിത് ഷായ്ക്ക് തലവേദനയായി സംസ്ഥാന ബിജെപിയില്‍ അഴിമതി ആരോപണങ്ങളുടെ ചെളിവാരിയെറിയല്‍ 

കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം  വെച്ച് ആളെപ്പിടിക്കാന്‍ കേന്ദ്ര നേതൃത്വം ഓടിനടക്കവെ കേരള ബിജെപിയില്‍ അഴിമതി ആരോപണങ്ങളുടെ പോര്. തിരുവനന്തപുരത്തും പാലക്കാടും മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര അഴിമതി ആരോപണങ്ങളാണ് ബിജെപിയിലെ പ്രബലമായ രണ്ടു വിഭാഗങ്ങള്‍ പരസ്പരം ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കേന്ദ്ര നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. 

പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നുവന്ന രണ്ടു ആരോപണങ്ങളുടെ പേരില്‍ ചേരിതിരിഞ്ഞ പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.  മെഡിക്കല്‍ കോളജ് അനുവാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ കൈപ്പറ്റി എന്ന ആരോപണമാണ് ഇരുകൂട്ടരും പ്രധാനമായി ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് തെളിവ് സഹിതം കേന്ദ്ര നേതൃത്വത്തിന് പാരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് വാഗ്ദാനം നടത്തി കോടികള്‍ വാങ്ങിയെന്ന് പ്രമുഖ നേതാവിനെതിരെ ആരോപണം വന്നപ്പോള്‍ പാലക്കാട് അതുപോലെ തന്നെ മറ്റൊരു നേതാവ് പണം വാങ്ങിയെന്ന ആരോപണം തിരിച്ചടിച്ചിരിക്കുകയാണ്. 

കേന്ദ്രം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നേതാക്കളായ കെ.പി ശ്രീധരന്‍,എ.കെ നസീര്‍ എന്നിവര്‍ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ആരോപണ വിധേയരെ വിളിച്ചുവരുത്തിയ അമിത് ഷാ കടുത്ത ഭാഷയില്‍ താക്കിത് നല്‍കിയിരിക്കുകയാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. 

ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് നിന്ന് ബിജെപിയിലേക്ക് ചേര്‍ക്കാനുള്ള പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കി കാത്തിരിക്കുന്ന അമിത് ഷായ്ക്ക് സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനങ്ങളോട് കടുത്ത അമര്‍ഷമാണുള്ളത്. 

എംപിമാരും മുന്‍ എംപിമാരും ഒക്കെയടങ്ങുന്ന ഇരുപത്തിയഞ്ച് പ്രമുഖരുടെ ലിസ്റ്റാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇവരുമായുള്ള ആശയവിനിമയം എത്രയും വേഗത്തില്‍ വേണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കേരള കോണ്‍ഗ്രസ് എം കൂടെവരുമെന്ന പ്രതീക്ഷയിലാണ് അമിത് ഷായും കൂട്ടരും. ജോസ്.കെ.മാണിയെ കോട്ടയത്ത് നിര്‍ത്തി ജയിപ്പിക്കാനും ആലോചയുണ്ട്. 

കടുത്ത സമ്മര്‍ദ്ദം സംസ്ഥാന നേതൃത്വത്തിന് മുകളില്‍ ചെലുത്തുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ പരസ്പരം ചെളിവാരിയെറിയുകയാണ് സംസ്ഥാന നേതാക്കള്‍. ഗുരുതര അഴിമതി നടത്തിയെന്ന ആരോപിക്കപ്പെടുന്ന നേതാക്കള്‍ക്കെതിരെ തത്കാലം നടപടി ഉണ്ടായേക്കാന്‍ സാധ്യതയില്ല. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം നടപടി മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com