എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി; പിടി തോമസിന്റെ മൊഴിയെടുക്കല്‍ മാറ്റി

എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്നാണ് അതൃപ്തിയുമായി സ്പീക്കര്‍ രംഗത്തെത്തിയത് - മൊഴി രേഖപ്പെടുത്തിയ സംഭവത്തില്‍ ഡിജിപിയെ അതൃപ്തി അറിയിച്ചു
എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി; പിടി തോമസിന്റെ മൊഴിയെടുക്കല്‍ മാറ്റി

തിരുവനന്തപുരം: സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എംഎല്‍എയുടെ മൊഴി എടുക്കുന്നത് മാറ്റി. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്നാണ് അതൃപ്തിയുമായി സ്പീക്കര്‍ രംഗത്തെത്തിയത്. 

എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി എംഎല്‍എ ഹോസ്റ്റലില്‍ നിന്നും രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ കണ്ടശേഷമാണ് മൊഴിയെടുത്ത വിവരം സ്പീക്കര്‍ അറിഞ്ഞിരുന്നത്. ഉടന്‍ തന്നെ നിയമസഭാ സെക്രട്ടറിയേററ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മൊഴിയെടുക്കുന്നതിന് മുന്‍പായി അനുമതി വാങ്ങിയിരുന്നോ എന്നാരായുകയും ചെയ്തിരുന്നു.

എന്നാല്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണസംഘം എംഎല്‍എ മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നെന്ന് ചീഫ് മാര്‍ഷല്‍ സ്പീക്കറെ അറിയിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് സ്പീക്കറെ അറിയിക്കുകയും ചെയ്തു. ഉച്ചയ്ക്ക് പിടി തോമസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ സംഭവത്തില്‍ ഡിജിപിയെ അതൃപ്തി അറിയിച്ചു.  നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21ന് പിടി തോമസിന്റെ മൊഴിയെടുക്കുമെന്ന്  അന്വേഷണസംഘം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com