ദീപ നിശാന്തിനെതിരെ സംഘപരിവാറിന്റെ സംഘടിത ആക്രമണം; നിയമനടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്ത്

ഹൈന്ദവ തീവ്രവാദികളേയെന്ന് ഞാന്‍ വിളിച്ചത് ഞാനടക്കമുള്ള ഹിന്ദുക്കളെയല്ല, ഹിന്ദുക്കളില്‍ തീവ്രവാദികളുണ്ട്
ദീപ നിശാന്തിനെതിരെ സംഘപരിവാറിന്റെ സംഘടിത ആക്രമണം; നിയമനടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്ത്

നിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്.താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അപമാനിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുകയാണെന്നും ദീപ നിശാന്ത് സമകാലിക മലയാളത്തോട് പ്രതികരിച്ചു. 

എസ്എഫ്‌ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ച എംഎഫ് ഹുസൈന്റെ ''സരസ്വതി''ചിത്രം പതിച്ച ബോര്‍ഡിന് നേരയുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നതാണ് ദീപ  നിശാന്തിനെതിരെ സംഘടിത ആക്രമണം നടത്താന്‍ ഹിന്ദു തീവ്രവാദികളെ പ്രേരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദീപ നിശാന്തിനെതിരെ പലതരത്തിലാണ് ആക്രണം നടക്കുന്നത്. ദീപ നിശാന്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നുമാണ് ഒരു പ്രചാരണം. ദീപയുടെ പോസ്റ്റിലെ ചില വരികള്‍ മാത്രം എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. അടുത്തത് നഗ്നയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവെച്ച് ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണ്. നിരവധി ഫേക് ഐഡികളില്‍ നിന്നാണ് ഈ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കാവിപ്പട, ട്രൂ തിങ്കേഴ്‌സ് തുടങ്ങി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ദീപയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി പ്രചാരണങ്ങളാണ് സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്നത്. എസ്എഫ്‌ഐയെ വിട്ട് ദീപയെ കേന്ദ്രീകരിക്കാനാണ് സംഘപരിവാര്‍ നീക്കം. തങ്ങളുടെ ആശയങ്ങളെ ദീപ നിരന്തരം എതിര്‍ക്കുന്നതാണ് ഇത്തരമൊരു സംഘടിത ആക്രമണത്തിലേക്ക് സംഘപരിവാറിനെ എത്തിച്ചിരിക്കുന്നതെന്നും ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

തെളിവ് സഹിതം പരാതി നല്‍കും, ഒന്നോ രണ്ടോ ഐഡികളില്‍ നിന്നല്ല ഇവര്‍ ആക്രമണം നടത്തുന്നത്. നിരവധി വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ആക്രമണം നടത്തുന്നത്. പരാതി നല്‍കുമെന്ന് ബോധ്യപ്പെട്ടതോടെ പലരും പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തു. ചിലര്‍ തങ്ങളുടെ ശരിക്കുള്ള പ്രൊഫൈലില്‍ നിന്ന് യാതൊരു ഉളുപ്പുമില്ലാതെ എന്റെ നഗ്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. അത് കാണുമ്പോള്‍ തന്നെ ചിരി വരും. എന്തായാലും അവരത് ചെയ്തു. അല്‍പം വൃത്തിയോടെ ചെയ്യാന്‍ അറിയില്ലേ? ദീപ നിശാന്ത് പറയുന്നു. 

സംഘപരിവാറിനെതിരെ കേരള വര്‍മ്മ കോളജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ്. വിവാദമായതിനെത്തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു
 

ആദ്യമായിട്ടല്ല ദീപ നിശാന്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. കേരള വര്‍മ്മ കോളജില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ദീപ നിശാന്താണ് എന്നാണ് സംഘപരിവാര്‍ പ്രചാരണം. എന്നാല്‍ താന്‍ ആരേയും പിന്തുണയ്ക്കുന്നില്ലെന്നും ഒരു വിദ്യാര്‍ത്ഥി സംഘടനയോടും ഒരുതരത്തിലുള്ള ചായ്‌വും ക്യാമ്പസില്‍ പ്രകടിപ്പിക്കാറില്ലെന്നും ദീപ പറയുന്നു. 

കേരള വര്‍മ്മ കോളജില്‍ എന്ത് നടന്നാലും ഉത്തരവാദി ഞാനാണ് എന്ന തരത്തിലാണ് പ്രചാരണം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,വര്‍ഷങ്ങളായി ഉള്ളതാണ്. ഞാന്‍ ഇവിടുത്തെ ഒരു ടീച്ചര്‍ മാത്രമാണ്. ഞാനല്ല കേരളവര്‍മ്മ നിയന്ത്രിക്കുന്നത്. പലപ്പോഴും ഞാന്‍ നിസ്സഹായ ആയിപ്പോകാറുണ്ട്. എന്ത് പ്രശ്‌നം നടന്നാലും അതെല്ലാം എന്റെ തലയ്ക്ക് വയ്ക്കുകയാണ്. ഞാനൊരു സംഘടനയുടെ വക്താവായല്ല കേരളവര്‍മ്മയില്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപികയായിട്ടാണ്.

എസ്എഫ്‌ഐയുടെ ബോര്‍ഡ് ഞാന്‍ കണ്ടിരുന്നു, എന്നാല്‍ അത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പോയിട്ടില്ല,ഞങ്ങള്‍ ചില അധ്യാപകര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നു. അല്ലാതെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. ഇക്കാര്യം കേരള വര്‍മ്മയിലെ എബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കൃത്യമായി അറിയാം. കോളജിലെ വിദ്യാര്‍ത്ഥികള്‍ ആരും എനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കില്ല. കാരണം അവര്‍ക്കെന്നെ നല്ലതുപോലെ അറിയാം. ഇത് പുറത്തു നിന്നുള്ള സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്. അവര്‍ക്കതു കൊണ്ട് ലാഭമുണ്ടാക്കാമെന്നാണ് അവര്‍ കരുതുന്നത്.വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്റെ വീട്ടുകാര്‍ സാധാരണക്കാരായ ആളുകളാണ്. അവര്‍ക്ക് സ്വാഭാവികമായും ഭയമുണ്ടാകും. എല്ലായിടത്തുനിന്നും അക്രമം ഉണ്ടാകുമ്പോള്‍ അവര്‍ പകച്ചുപോകുകയാണ്. ദീപ നിശാന്ത് പറയുന്നു. 

ആദ്യം എസ്എഫ്‌ഐയ്ക്ക് എതിരെ നടന്ന സൈബര്‍ ആക്രമണം ദീപ നിശാന്ത് ഫേസ്ബുക് പോസ്റ്റിട്ടതോടെ അവര്‍ക്കെതിരെ തിരിയുകയായിരുന്നു. വിമര്‍ശനങ്ങളെ ഗൗരവമായി തന്നെ സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ സംഘപരിവാര്‍ തനിക്കെതിരെ നടത്തുന്നത് വിമര്‍ശനമല്ല സംഘടിത ആക്രമണമാണെന്നും ദീപ നിശാന്ത് പറയുന്നു. 

ഹൈന്ദവ തീവ്രവാദികളേയെന്ന് ഞാന്‍ വിളിച്ചത് ഞാനടക്കമുള്ള ഹിന്ദുക്കളെയല്ല, ഹിന്ദുക്കളില്‍ തീവ്രവാദികളുണ്ട്. അവരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഹിന്ദു മതം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. അപ്പോള്‍ പിന്നെ ഇസ്‌ലാം മതത്തെ വിമര്‍ശിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. ഏതുവിഷയത്തില്‍  പ്രതികരിക്കണം എന്നുള്ളത് എന്റെ റൈറ്റാണ്.

ഭാരത്മാതാ കീ ജയ് വിളിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബൂമറാങ് പോലെ അവര്‍ക്ക് നേരെതന്നെ തിരിച്ചടിക്കുകയാണ്,മനുഷ്യ സ്ത്രീയെ ബഹുമാനിക്കാന്‍ അറിയാത്തവരാണ് ദൈവത്തെ നഗ്നയാക്കി എന്നുവിളിച്ച് അലറുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഞാനെന്റെ നിലപാടുകള്‍ മയപ്പെടുത്തി ഒളിച്ചിരിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണ കൂടെയുണ്ട്. ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദീപ നിശാന്ത്‌
 

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും ഈ വിഷയത്തില്‍ ദീപ നിശാന്തിന് പിന്തുണ നല്‍കുന്നുവെന്നും വി.ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി പരാതികള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 

ന്നെ അമ്പലത്തിലേക്ക് കയറ്റില്ലായെന്നാണ് ഭീഷണി,അമ്പലം ഇവരുടെ സ്വകാര്യ സ്വത്താണോ? ഞാന്‍ അമ്പലത്തില്‍ പോകുന്നയാളാണ്,വിവാഹം വരെ അമ്പലത്തില്‍വെച്ചാണ് നടന്നത്.ഞാനെന്റെ ചുറ്റുപാടുമുള്ളവരുടെ വിശ്വാസത്തെ മുറിവേല്‍പ്പിക്കാറില്ല. സരസ്വതി എന്ന ചിത്രം ഒരു ക്രിയേറ്റീവ് ആര്‍ട്ടാണ്. അതിനെ വിമര്‍ശിക്കാന്‍ ഇവര്‍ ചെയ്യുന്നത് എന്താണ്? ക്രിസ്തുവിന്റെയും ചെഗുവേരയുടേയും ഒക്കെ നഗ്ന ചിത്രങ്ങള്‍ വൃത്തികേടായി വരച്ച് പ്രചരിപ്പിക്കുകയാണ്.ഇങ്ങനെയാണോ രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്?  

അടുത്ത പ്രചാരണം എന്റെ  പുസ്തകങ്ങള്‍ വിറ്റുപോകാന്‍ വേണ്ടിയാണ് എന്നാണ്. ഈ പബ്ലിസിറ്റി കൊണ്ടൊന്നുമല്ല എന്റെ പുസ്തകങ്ങള്‍ വിറ്റുപോകുന്നത്.അതില്‍ ക്വാളിറ്റി ഉണ്ടെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് ആളുകള്‍ അത് വായിക്കുന്നത്. ഇപ്പോള്‍ മികച്ച വില്‍പ്പന നടക്കുന്ന പുസ്തകങ്ങളില്‍ ഒന്ന് എന്റേതാണ്. അതില്‍ നിന്നുള്ള വരുമാനം ഞാനല്ല കൈപ്പറ്റുന്നത്. അതൊരു സംഘടനയ്ക്കാണ് നല്‍കുന്നത്. അതുകൊണ്ട് പുസ്തകം വില്‍ക്കാനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന ആരോപണത്തിനോട് പുച്ഛം മാത്രമേയുള്ളു. വിവാദമുണ്ടാക്കി എത്ര എഴുത്തുകാര്‍ അവരുടെ പുസ്തകം വിറ്റ് ലാഭമുണ്ടാക്കിയെന്ന് എനിക്കറിയണം.ആളുകള്‍ വായിക്കുന്നതുകൊണ്ടാണ് പുതിയ എഡിഷനുകള്‍ ഇറങ്ങുന്നത്,അത് അംഗീകരിക്കാന്‍ എന്താണ് ഇത്ര മടി? ദീപ നിശാന്ത് ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com