പുതുവൈപ്പിലെ സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ യതീഷ് ചന്ദ്ര; പൊലീസിനെതിരെ പരാതി നല്‍കുന്നത് അനുവദിക്കരുത്

കോടതിയിലേക്ക് വരെ കയറാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡിസിപി
പുതുവൈപ്പിലെ സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ യതീഷ് ചന്ദ്ര; പൊലീസിനെതിരെ പരാതി നല്‍കുന്നത് അനുവദിക്കരുത്

കൊച്ചി: പുതുവൈപ്പിലെ ജനകീയ സമരക്കാര്‍ക്ക് നേരെ ഹൈക്കോടതി ജംങ്ഷനില്‍ മര്‍ദ്ദനം അഴിച്ചുവിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദീകരണവുമായി ഡിസിപി യതീഷ് ചന്ദ്ര. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്. അതില്‍ വ്യക്തതില്ല. ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുകമാത്രമാണ് ചെയ്തത്. യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കി. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളും യതീഷ് ചന്ദ്ര കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. 

പ്രധാമമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമായിരുന്നു സമരക്കാര്‍ ഹൈക്കോടതി ജംങ്ഷനില്‍ സമരം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് ഡിസിപിയുടെ വിശദീകരണം. 

പൊലീസ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ച സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ശേഷമാണ് അവരെ നീക്കിയത്. കോടതിയിലേക്ക് വരെ കയറാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡിസിപി പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ പരാതി നല്‍കുന്നത് സേനയുടെ ആത്മവീര്യം തകര്‍ക്കാനാണെന്നും ഇത് അംഗീകരിക്കരുതെന്നും ഡിസിപി കമ്മീഷനെ അറിയിച്ചു. 

പുതുവയ്പ്പിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റിന് എതിരെ സമരം നടത്തി വന്നിരുന്ന നാട്ടുകാര്‍ നഗരത്തിലിറങ്ങി പ്രചതിഷേധിച്ചതാണ് പൊലീസിന്റെ ക്രൂര ലാത്തി ചാര്‍ജില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഡിസിപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com