വിവാദ അഭിമുഖം: മുന്‍കൂര്‍ ജാമ്യം തേടി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍

സര്‍ക്കാരിന്റെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് അഭിമുഖത്തില്‍ സംസാരിച്ചത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ നേരത്തെ മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണം
വിവാദ അഭിമുഖം: മുന്‍കൂര്‍ ജാമ്യം തേടി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ഹൈക്കോടതി സമീപിച്ചു. സമകാലിക മലയാളത്തിലെ അഭിമുഖത്തിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് നീക്കം.

സമകാലിക മലയാളത്തിലെ അഭിമുഖത്തിന്റെ പേരില്‍ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റേത് ഉള്‍പ്പെടെ എട്ടു പരാതികളാണ് പൊലീസിനു ലഭിച്ചത്. ഇവയില്‍ കേസെടുത്ത് അന്വേഷിക്കാം എന്നായിരുന്നു പൊലീസിനു ലഭിച്ച നിയമോപദേശം. പിന്നീട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരും സമാനമായ നിയമോപദേശം പൊലീസിനു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സര്‍വീസിലിരിക്കെ ചില പൊലീസ് ഉദ്യോസ്ഥരുമായി തനിക്ക് അഭിപ്രായ ഭിന്നതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളുടെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ആശങ്കകള്‍ പങ്കുവയ്ക്കുക മാത്രമാണ് അഭിമുഖത്തില്‍ ചെയ്തതെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് അഭിമുഖത്തില്‍ സംസാരിച്ചത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ നേരത്തെ മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com