അങ്ങനെയൊക്കെയാണ്‌ എസ്എഫ്‌ഐ ജയിച്ചു തുടങ്ങിയത്

എസ്.എഫ്.ഐയുടെ ആദ്യത്തെ കാമ്പസ് രക്തസാക്ഷിയായ പി.എന്‍. അഷ്‌റഫിന്റെ ഓര്‍മ്മകളിലൂടെ എഴുപതുകളിലെ ബ്രണ്ണന്‍ കോളേജിലൂടെ ഒരു യാത്ര
അങ്ങനെയൊക്കെയാണ്‌ എസ്എഫ്‌ഐ ജയിച്ചു തുടങ്ങിയത്


എസ്.എഫ്.ഐയുടെ ആദ്യത്തെ കാമ്പസ് രക്തസാക്ഷിയായ പി.എന്‍. അഷ്‌റഫിന്റെ ഓര്‍മ്മകളിലൂടെ എഴുപതുകളിലെ ബ്രണ്ണന്‍ കോളേജിലൂടെ ഒരു യാത്ര
 

സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മസ്ഥൂലസ്ഥലികള്‍ ദുര്‍ഗന്ധം വമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീര്‍ന്നിരിക്കെ, പഴയകാലത്തെ ബന്ധങ്ങളേയും സൗഹൃദങ്ങളേയും പുനര്‍വായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്. പി.എന്‍. അഷ്‌റഫ് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു. അഷ്‌റഫ് 1974 മാര്‍ച്ച് 5-ാം തീയതി മരണപ്പെട്ടു. അഷ്‌റഫിന്റെ മരണം ഒരു രക്തസാക്ഷിത്വം ആയിരുന്നു. 

1973 നവംബര്‍മാസം 29-ാം തീയതി എസ്.എഫ്.ഐയുടെ ഓണിയന്‍ ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി ശശിയെ ബ്രണ്ണന്‍കോളേജിലെ ഹനീഫ എന്ന കെ.എസ്.യു നേതാവിന്റെ നേതൃത്വത്തില്‍ തലശ്ശേരി നഗരത്തില്‍വച്ച് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 30.11.73-നു ബ്രണ്ണനിലെ ശാന്തിവനത്തില്‍ സുഹൃത്ത് രവീന്ദ്രനോടൊപ്പം ഉല്ലസിക്കുകയായിരുന്ന ഹനീഫയെ ഇ.കെ. ജനാര്‍ദ്ദനനും കെ. ദാസനും മറ്റും ചേര്‍ന്നു മര്‍ദ്ദിക്കുന്നു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പഠിപ്പുമുടക്കി. സമരദിവസം കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും വലിയ ശക്തിപ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് മലയാളം ഡിപ്പാര്‍ട്ട്‌മെന്റിനരികില്‍വച്ച് ഉന്തും തള്ളും സംഘര്‍ഷവും ഉണ്ടാവുന്നു. സംഘര്‍ഷത്തിനിടയില്‍ എ.കെ. ബാലനെ കെ.എസ്.യു നേതാവ് കെ.ടി. ജോസ് തല്ലാന്‍ ശ്രമിക്കുകയും മമ്പറം ദിവാകരന്‍ ജോസിനെ പിടിച്ചുമാറ്റുകയും ചെയ്തു. ഒടുവില്‍ സംഘര്‍ഷത്തിന് അയവുവരികയും എല്ലാ വിദ്യാര്‍ത്ഥികളും പിരിഞ്ഞുപോവുകയും ചെയ്തു.
 
അതിനുശേഷം പലരും പലവഴിക്കു പോയി. ഞാന്‍ ബ്രണ്ണനു മുന്‍വശം പെട്ടിക്കട നടത്തുന്ന ദാമുവിന്റെ കടയില്‍നിന്നു മോരുംവെള്ളം കുടിക്കുകയായിരുന്നു. അപ്പോള്‍ വീണ്ടും ചില കലപിലകളും അട്ടഹാസങ്ങളും കാമ്പസില്‍നിന്നു ഉയരുന്നതു കേള്‍ക്കാനിടയായി. അങ്ങോട്ടേക്ക് ഓടിച്ചെന്നു. പെണ്‍കുട്ടികള്‍ വിശ്രമിക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തുള്ള റോഡിലൂടെ ആയിരുന്നു ഓടിച്ചെന്നത്. അപ്പോള്‍ കാണുന്നത് കെ. സുധാകരനും എം. പ്രകാശനും ഒന്നുരണ്ട് അനുയായികളും ചേര്‍ന്നു ചോരയൊലിക്കുന്ന അഷ്‌റഫിനെ താങ്ങിയെടുത്തു പുറത്തേക്കു കൊണ്ടുവരുന്നതാണ്. (ഈയിടെ പ്രകാശന്‍ മാസ്റ്ററെ കാണുകയുണ്ടായി. പഴയ സംഘട്ടനദിവസം ഞങ്ങളുടെ ഓര്‍മ്മയിലെത്തി. പ്രകാശന്‍ പറഞ്ഞു: കെ. സുധാകരന്‍ തലശ്ശേരിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അഷ്‌റഫിന്റെ കൊലയാളി സുധാകരനാണെന്ന പ്രചാരണത്തിന് എന്ത് അടിസ്ഥാനമാണ്?) പിന്നാലെ മമ്പറം ദിവാകരന്‍ ഒരു സൈക്കിള്‍ ചെയിന്‍ ആഞ്ഞുവീശി അട്ടഹസിച്ചുകൊണ്ട് ഓടിവരുന്നുണ്ടായിരുന്നു. സൈക്കിള്‍ ചെയിന്‍ എന്റെ നേരെ ആഞ്ഞാഞ്ഞു വീശി. അസഹനീയമായ വേദനയില്‍ പുളയുമ്പോള്‍ അഷ്‌റഫിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തലശേ്ശരി ഭാഗത്തേക്കു കൊണ്ടുപോകുന്നതു കാണാമായിരുന്നു. ഞാന്‍ കൈകള്‍ രണ്ടും തലയ്ക്കു പിന്‍വശം ചേര്‍ത്തുപിടിച്ച് അവിടെത്തന്നെ നിന്നു. ധാരാളം പെണ്‍കുട്ടികള്‍ കാഴ്ചകണ്ടു ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ദിവാകരന്‍ തിരിച്ചുപോയി. 

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനുശേഷം പേരാവൂര്‍ സ്വദേശിയായ കെ.ടി. ജോസിന്റെ നേതൃത്വത്തില്‍ കെ.എസ്.യുക്കാര്‍ സംഘം ചേരുകയും തുടര്‍ന്നു മര്‍ദ്ദനം ആരംഭിക്കുകയുമാണുണ്ടായത്. ഞങ്ങളും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എങ്കിലും സംഘട്ടനത്തിന്റെ തുടര്‍ച്ച പ്രതീക്ഷിച്ചിരുന്നില്ല. മാരകായുധങ്ങളൊന്നും ഞങ്ങളുടെ വശം ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആദ്യം കിട്ടിയ ഇര അഷ്‌റഫ് ആയിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു അഷ്‌റഫ്. അഷ്‌റഫിനെ കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം കെ.ടി. ജോസ് വരാന്തകളും ഇടനാഴികളുംതോറും ഓടിനടന്നു കലിതുള്ളുകയായിരുന്നു. കയ്യില്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുണ്ടായിരുന്നു. ''എവിടെടാ...” എന്നായിരുന്നു ആക്രോശം. അല്‍പ്പസമയത്തിനുള്ളില്‍ ഓടിയെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ഗൗരവമായി പരിക്ക് പറ്റിയവര്‍ താഴെ പറയുന്നവരാണ്. ഇ.കെ. ജനാര്‍ദ്ദനന്‍, പി.വി. ദിനേശന്‍, എ.പി. മോഹനന്‍ പിന്നെ ഞാനും. ഞങ്ങളെ ആരെല്ലാമോ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി തലശേ്ശരി ആശുപത്രിയിലേക്കു കൊണ്ടുപോയി. അല്‍പ്പസമയത്തിനുശേഷം എ.കെ. ബാലനും ആശുപത്രിയിലെത്തിച്ചേര്‍ന്നു. 

ബ്രണ്ണന്‍ കോളജ്‌
 

കെ. ദാസന്‍ അന്നു കോളേജില്‍ വന്നിട്ടില്ലായിരുന്നു. നഗരത്തിലെ ചില സ്‌കൂളുകളിലെ യൂണിറ്റിന്റെ ഉത്തരവാദിത്വം ദാസനായിരുന്നു. 
സംഘട്ടനത്തെ തുടര്‍ന്ന് കോളേജ് മൂന്നുദിവസം അടച്ചിട്ടു. സംഭവം നഗരത്തിലും പരിസരഗ്രാമങ്ങളിലും വലിയ വാര്‍ത്തയായി. ദേശാഭിമാനി പത്രത്തില്‍ ചിത്രങ്ങള്‍ സഹിതം വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശകരുടെ വലിയ തിരക്കായിരുന്നു. സന്ദര്‍ശകരില്‍ ചിലരെ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്്. ഇ.പി. ജയരാജന്‍, പി. ജയരാജന്‍, ഒ. വിജയന്‍, കുര്യന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ഭാസ്‌കരന്‍, പാട്യം ഗോപാലന്‍, ദിനരാജന്‍, രാജുമാസ്റ്റര്‍, ഗംഗാധരമാരാര്‍, വടവതി വാസു, ചെങ്കൊടി കണ്ണന്‍. ഇവരെല്ലാം അറിയപ്പെടുന്നവരായിരുന്നു. ചിറക്കുനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എന്‍.കെ. രവിയും കെ.ടി. വിശ്വനാഥനും കവിയൂരിലെ ചിറയില്‍ കുമാരനും കുഞ്ഞമ്പുവേട്ടനും എം.ഒ. പപ്പനും ചേറ്റം കുന്നിലെ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനായ ടി.പി. അഹമ്മദും ഉള്ളതായി ഓര്‍ക്കുന്നു.

എ.കെ. ബാലന്‍ പിറ്റേന്നുതന്നെ ആശുപത്രിവിട്ടു. ഞാന്‍ നാലഞ്ച് ദിവസം കഴിഞ്ഞതിനു ശേഷവും. നെഞ്ചിന്റേയും പുറംഭാഗത്തിന്റേയും എക്‌സ്‌റേയും മറ്റുമെടുത്തിരുന്നു. ദിനേശനും മോഹനനും അതിനുംമുന്‍പേതന്നെ വീട്ടിലേക്കു പോയിരുന്നു. ഇ.കെ. ജനാര്‍ദ്ദനന്‍ പിന്നെയും കുറച്ചു ദിവസങ്ങള്‍ കൂടി വിശ്രമിച്ചു. ജനുവിനു തലയുടെ പിന്‍വശം കത്തികൊണ്ട് ഏറ്റ സാമാന്യം വലിയ മുറിവ് ആയിരുന്നു. ഉണങ്ങാന്‍ സമയം പിടിക്കും. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് അഷ്‌റഫിനെ ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്തത്. അതു സ്വാഭാവികമാണല്ലോ. അഷ്‌റഫിനെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം വീട്ടിലെത്തിക്കുന്നത് എ.കെ. ബാലന്‍, കെ. ദാസന്‍, ഞാന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഷ്‌റഫിന്റെ വീട് ഇടതു രാഷ്ര്ടീയത്തിന് അന്യമായിരുന്നു എന്നു ഞങ്ങള്‍ക്ക് അന്നു ബോധ്യപ്പെട്ടു. 

കോളേജ് പ്രിന്‍സിപ്പല്‍ ജേക്കബ്‌സാര്‍ കുട്ടികളോടു വലിയ സ്‌നേഹമുള്ള അധ്യാപകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു പലതവണ ഘെരാവോ ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ വ്യക്തിഗത ശിപായി ആയിരുന്ന കുറുപ്പ് കഠിനപ്രവൃത്തി ചെയ്യരുതെന്നു പലപ്പോഴും ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു തവണപോലും പൊലീസിനെ കാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ അദ്ദേഹം അനുമതി കൊടുത്തിട്ടില്ല. ഒരുദിവസം പൊലീസുകാര്‍ കോളേജിലേക്ക് അതിക്രമിച്ചുകടന്നതും പെണ്‍കുട്ടികളെയടക്കം ലാത്തി ഉപയോഗിച്ച് അടിച്ചോടിച്ചതും അനുവാദമില്ലാതെയാണ്. അന്നു ധാരാളം അധ്യാപകര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നിറങ്ങിവന്നാണ് പൊലീസിനെ മടക്കിയയച്ചത്. ഞങ്ങളുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം അന്നു കോടതിയില്‍ വാദിച്ചു പരാജയപ്പെടുത്തിയത് അഡ്വ. എം.കെ. ദാമോദരന്‍ ആണ്.
 
ഓഫിസ് ജീവനക്കാരിയല്ലെങ്കിലും വൃത്തിയാക്കുന്നതിനും മറ്റും മന്നിയമ്മ എന്ന ഒരു സ്ത്രീ അവിടെ ജോലിചെയ്തിരുന്നു. ജീവനക്കാര്‍ പണംപിരിച്ചാണ് അവര്‍ക്കു വേതനം നല്‍കിയത്. കടുത്ത ശബരിമല ഭക്തയായിരുന്നു. ഒരു ദിവസം അവര്‍ എന്നെ തടഞ്ഞുനിര്‍ത്തി. ജേക്കബ്‌സാറിനെപ്പോലെയുള്ള ഒരാളോട് ഇങ്ങനെയൊക്കെ ചെയ്യുന്നതു ദൈവം പൊറുക്കയില്ല എന്ന് ഉപദേശിച്ചു. ഒരാള്‍ അവരോട് ഒരു ജാമ്യം നില്‍ക്കാനാവശ്യപ്പെട്ടു. ബാങ്കിലെത്തിയപ്പോള്‍ ആവശ്യക്കാരന്‍ അവരോടു കഴുത്തിലെ മാല ഊരിക്കൊടുക്കാന്‍ പറഞ്ഞു. പൊന്ന് കഴുത്തില്‍ കണ്ടാല്‍ മാനേജര്‍ കടം നല്‍കില്ലത്രേ. ജാമ്യം ഒപ്പിട്ടതിനുശേഷം മാലയുടെ പൊതി അയാള്‍ തിരിച്ചുകൊടുത്തു. അത് മുക്കുപണ്ടമായിരുന്നു. പിന്നീട് എന്‍.ജി.ഒ യൂണിയന്‍ നേതാവായ കുമാരേട്ടനും മറ്റും ചേര്‍ന്നാണ് ജാമ്യക്കടം തീര്‍ത്തത്. ഞാനൊരു വല്ലാത്ത വിഡ്ഢിയാണെന്നു മന്നിയമ്മ പറയുമായിരുന്നു. 

സംഘട്ടനത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ അനുരഞ്ജനസമ്മേളനം വിളിച്ചുചേര്‍ത്തു. കോളേജ് ഡിസംബര്‍ 12-ാം തീയതി വീണ്ടും തുറന്നു. പക്ഷേ, എസ്.എഫ്.ഐ. സമരം തുടര്‍ന്നു. സമരം തുടര്‍ന്ന വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാമ്പസ് സംഘട്ടനങ്ങളുടെ ഒരു പൂരപ്പറമ്പായി മാറി. എം.എന്‍. വിജയന്റെ കഌസ്സില്‍ കടന്നുചെന്നുപോലും അടികലശലുകള്‍ നടത്തി. എന്നാല്‍ കെ.എസ്.യുക്കാരെ ആരെയെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യാനോ ചുട്ടമറുപടി കൊടുക്കാനോ കഴിയാത്തവിധം ശൈഥില്യം സംഘടനയെ ബാധിച്ചിരുന്നു. സംഘട്ടനത്തിനുശേഷം ജോസും കൂട്ടരും പാനൂര്‍ഭാഗത്തേക്കാണ് പോയത്. വിവരമറിഞ്ഞ് മഞ്ഞോടിയിലെ മധുരന്റെ നേതൃത്വത്തില്‍ ഓടിയെത്തുമ്പോള്‍ അവര്‍ കടന്നുപോയിരുന്നു. എന്തായാലും ഇന്നാലോചിക്കുമ്പോള്‍ നന്നായി. മഞ്ഞോടി അനുദിനം വികസിച്ചുകൊണ്ടുവരികയാണല്ലോ.

എന്നാല്‍, കോളേജില്‍ അസ്വാസ്ഥ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രകടനങ്ങള്‍, സമരങ്ങള്‍, ചെറിയ തോതിലുള്ള സംഘട്ടനങ്ങള്‍ ഇവ കാരണം പഠനം നിശ്ചലമായി. രക്ഷിതാക്കളുടെ സമ്മര്‍ദ്ദംമൂലം കെ.ടി. ജോസ്, മമ്പറം ദിവാകരന്‍ എന്നീ കെ.എസ്.യുക്കാരേയും കെ. ദാസന്‍, ഇ.കെ. ജനാര്‍ദ്ദനന്‍ എന്നീ എസ്.എഫ്.ഐക്കാരേയും പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു. അന്ന് എസ്.എഫ്.ഐയുടെ തടിമിടുക്കുള്ളവരെ ചേര്‍ത്ത് ഒരു പ്രതിരോധ സേന രൂപീകരിച്ചിരുന്നതായി ഓര്‍ക്കുന്നു. കോളേജിലെ കെമിസ്ട്രി ബോട്ടണി ബില്‍ഡിങ്ങിന്റെ മുന്‍വശത്തും ഹോസ്റ്റല്‍ പരിസരത്തും പരസ്യമായിത്തന്നെ കവാത്തും പരിശീലനവും നടത്തിയിരുന്നു. പിണറായി വിജയനായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. ഞാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനടന്നു. 

സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതിനുവേണ്ടിയായി പിന്നെ സമരം. ഒടുവില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. എസ്.എഫ്.ഐ.യുടെ നേതൃനിരകളിലും സംഘടനാവേദികളിലും മറ്റും മുന്‍കയ്യില്‍ ഉണ്ടായിരുന്നവരില്‍ ഓര്‍ക്കുന്നവരുടെ പേര് ഇവിടെ കുറിക്കുന്നു. ഇ.കെ. ഫല്‍ഗുണന്‍, കെ. രാഘവന്‍, ഇന്ദു കൃഷ്ണന്‍, ഹരിദാസന്‍, സുരേന്ദ്രന്‍, ഹമീദ്, മമ്മതാലി, ഖാദര്‍, അബ്ദുല്ല, എം. ഷര്‍ഫുദ്ദീന്‍, പി. ഷര്‍ഫുദ്ദീന്‍, ഹംസ, മുഹമ്മദ് സലിം, സതീദേവി, എ.കെ. ജയശ്രീ, എന്‍.പി. മുകുന്ദന്‍. കെ.എസ്.യുവിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ലക്ഷ്മണന്‍, രാധാകൃഷ്ണന്‍, ഇസ്മയില്‍, ഐരാഗോവിന്ദ് എന്നിവരാണ് ഇപ്പോള്‍ മനസ്സിലുള്ളത്. 

ഏതാണ്ട് ഒരു മാസത്തിനുശേഷമാണെന്നു തോന്നുന്നു, അതികഠിനമായ വയറുവേദന നിമിത്തം അഷ്‌റഫ് വീണ്ടും തലശേ്ശരി ആശുപത്രിയില്‍ എത്തി. അപ്പന്റിസൈറ്റിസ് ആണെന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ഓപ്പറേഷനു വിധേയമാക്കി. ഞങ്ങള്‍ ആശുപത്രിയിലെത്തിയിരുന്നു. കാര്യങ്ങള്‍ കുഴപ്പമില്ലാതെ കടന്നുപോവുകയായിരുന്നു. പെട്ടെന്നു നടുക്കുന്ന വാര്‍ത്ത പുറത്തുവന്നു- അഷ്‌റഫ് മരണപ്പെട്ടിരിക്കുന്നു. ആദ്യം ഓടിയെത്തിയ വിദ്യാര്‍ത്ഥി ഞാനായിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ ധാരാളം പേര്‍ വന്നുചേര്‍ന്നു. തലശ്ശേരി ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിലെ തുരുമ്പെടുത്ത കമ്പികള്‍ പിടിച്ചു ഞാന്‍ കടലിലേക്കു നോക്കി. 

എ.കെ. ബാലനും ഞാനും ഡോക്ടറെ ചെന്നുകണ്ടു. രാഘവന്‍ ഡോക്ടര്‍ പ്രസിദ്ധനായ സര്‍ജനായിരുന്നു. അദ്ദേഹം മരണകാരണം വിശദീകരിച്ചു. മരണത്തിന്റെ അടിയന്തരവും അവസാനത്തേതുമായ കാരണം ഓപ്പറേഷനാണ്. എന്നാല്‍ അപ്പന്റിസൈറ്റിസ് ഓപ്പറേഷന്‍ അത്ര വലിയ ഓപ്പറേഷനൊന്നുമല്ല. അപകടസാധ്യത വളരെ കുറവാണ്. ഇല്ല എന്നുതന്നെ പറയാം. നേരത്തെ നടന്ന കത്തിക്കുത്തിന്റെ ആഴമാണ് പ്രശ്‌നം സൃഷ്ടിച്ചിരിക്കുക. മാത്രമല്ല, നേരത്ത മുറിവ് ഉണങ്ങാനുപയോഗിച്ച മരുന്നുകളും മറ്റും എന്താണ് എന്ന് അറിയില്ല. അക്കാര്യം വീട്ടുകാരോ കൂട്ടുകാരോ വിശദീകരിച്ചുനല്‍കിയിട്ടും ഉണ്ടായിരുന്നില്ലത്രെ.

ഞങ്ങള്‍ മൃതദേഹവുമായി കുടുംബക്കാരോടൊപ്പം സൈദാര്‍പള്ളിക്കടുത്തുള്ള അഷ്‌റഫിന്റെ വീട്ടിലേക്കു പോയി. അഷ്‌റഫിന്റെ വീട് സാമാന്യം വലിയ ഒരു മുസ്‌ലിം തറവാടായിരുന്നു. ഖബറടക്കിയതിനുശേഷം വീട്ടിലെത്തിയ നൂറുകണക്കിനാളുകള്‍ക്കും കുടുംബക്കാര്‍ക്കും ചായയും നേന്ത്രപ്പഴവും നല്‍കിയിരുന്നു. ഒരു മരണവീട്ടില്‍നിന്നും ആദ്യമായുള്ള അനുഭവം ആയിരുന്നു അത്. 

മമ്പുറം ദിവാകരന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നു, പിണറായി വിജയന്‍, സിഎന്‍ ചന്ദ്രന്‍ എന്നിവര്‍ സമീപം
 

പിറ്റേന്നു രാവിലെതന്നെ ഞാന്‍ കോളേജിലെത്തി. കോളേജിന്റെ പോര്‍ട്ടിക്കോവില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ അനുശോചന യോഗം ചേര്‍ന്നു. അധ്യാപകര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. അനുശോചനയോഗത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നു ഞാനാണ് സംസാരിച്ചത്. തലശ്ശേരിയിലെ വിദ്യാലയങ്ങള്‍ മുഴുവന്‍ പഠിപ്പുമുടക്കവും കരിദിനാചരണവും മറ്റും നടന്നു. കറുത്ത ബാഡ്ജുകള്‍ ധരിച്ചു മൗനമായി ഞങ്ങള്‍ സൈദാര്‍ പള്ളിയിലേക്കു നടന്നുപോയി. കോടതിയും കടലും ആശുപത്രിയും കടന്നു ഞങ്ങള്‍ നടത്തിയ ആദ്യത്തെ ശബ്ദരഹിതപ്രയാണം. അപ്രതീക്ഷിതമായ തോതിലുള്ള വിദ്യാര്‍ത്ഥിപങ്കാളിത്തമായിരുന്നു. ചില വിദ്യാര്‍ത്ഥിനികള്‍പോലും ജാഥയില്‍ അണിനിരന്നിരുന്നു. എന്റെ നാട്ടുകാരിയും കുടുംബക്കാരിയും ആയ കെ.എസ്.യു അനുഭാവി ജാഥയില്‍ മുഴുക്കെ നടന്നുതളര്‍ന്നു.

മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കാന്‍ കെ.എസ്.യുക്കാര്‍ ഒരു ഓട്ടോറിക്ഷയിലെത്തിയിരുന്നു. അവരെ തടയാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. ഒന്നു കൈകാര്യം ചെയ്താലോ എന്ന ചിന്ത മിന്നിമറഞ്ഞിരുന്നുവെന്നതു നേരാണ്. പക്ഷേ, വേണ്ടെന്നുവച്ചു. ഖബറടക്കം കഴിഞ്ഞ് സൈദാര്‍ പള്ളിയിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിനു ചുറ്റും വിദ്യാര്‍ത്ഥികളും നാട്ടുകാരും തടിച്ചുകൂടി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുന്നു. കണ്ണുതുടയ്ക്കാന്‍ തൂവാലയില്ല. സദസ്സില്‍നിന്നു പെട്ടെന്ന് ഒരാള്‍ സ്‌റ്റേജിലേക്കു കയറിവന്നു. സി.പി. അബുബക്കര്‍. എന്നെ തട്ടിമാറ്റി മൈക്കില്ലാതെ അദ്ദേഹം സംസാരം തുടര്‍ന്നു. അദ്ദേഹം അക്കാലത്ത് ബ്രണ്ണനിലെ അധ്യാപകനായിരുന്നു. ഇതാണ് രക്തസാക്ഷിത്വത്തിന്റെ ഏറ്റവും ചുരുക്കത്തിലുള്ള നാള്‍വഴി കുറിപ്പ്. ഓര്‍മ്മത്തെറ്റുകള്‍ തിരുത്താന്‍ എന്നെക്കാള്‍ നെഞ്ചൂക്കുള്ളവരും മാന്യന്മാരും, എന്തിന് പെന്‍ഷന്‍ പറ്റിയ പൊലീസ് മേധാവികള്‍ പോലും ഉ്ണ്ട്. അത് അവര്‍ ചെയ്യട്ടെ.

സംഘട്ടനത്തിനും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കുമെല്ലാം ഹേതുവായിത്തീര്‍ന്ന മറ്റുചില കാര്യങ്ങളിലേക്ക് ഒന്നു കടന്നുചെല്ലാം. ബ്രണ്ണനിലെ എസ്.എഫ്.ഐ അനുഭാവികളായ ചില വിദ്യാര്‍ത്ഥികള്‍ തലേവര്‍ഷം ആട് മൂസ എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ (മൂസയുടെ ഉപ്പയ്ക്ക് ആട്ടിറച്ചിക്കച്ചവടമായിരുന്നു തൊഴില്‍, തലശേ്ശരി ഇറച്ചി മാര്‍ക്കറ്റില്‍. ശുദ്ധമായ ആട്ടിറച്ചി നാട്ടുകാര്‍ക്കു നല്‍കിയതിനു കിട്ടിയ സമ്മാനമാണ് ഈ പേര്) കൂത്തുപറമ്പിലെ നിര്‍മ്മലഗിരി കോളേജില്‍ ഫൈനാര്‍ട്ട്‌സ് ഡേയ്ക്ക് പോയിരുന്നു. അത്തരം പോക്കുകള്‍ അന്നു സര്‍വ്വസാധാരണമായിരുന്നു. എസ്.എന്‍. കോളേജുകാര്‍ ബ്രണ്ണനില്‍ വരും. ബ്രണ്ണന്‍ കോളേജുകാര്‍ എസ്.എന്നില്‍ പോകും. സ്ഥിരമായി ബ്രണ്ണനില്‍ വരുന്ന ഒരു മടപ്പള്ളി കോളേജ് വിദ്യാര്‍ത്ഥിയെ ഓര്‍ക്കുന്നു- കെ. രമേഷ്‌കുമാര്‍.

മൂസ നല്ല തടിമിടുക്കും ഉയരവുമുള്ള വിദ്യാര്‍ത്ഥിയാണ്, സുന്ദരന്‍. പത്ത് പത്തര പതിനൊന്നിനു കോളേജിലേക്ക് ഒരു വരവാണ്. കഌസ്സുകളൊന്നും വലിയ കാര്യമല്ല. അത്തരക്കാരും ചില്ലറയല്ല. മമ്പറം ദിവാകരന്‍ അന്നു നിര്‍മ്മലഗിരിയിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥി ആയിരുന്നു. പെണ്‍കുട്ടികളെ കമന്റടിച്ചു എന്നാരോപിച്ച് കെ.എസ്.യുക്കാര്‍ മൂസയേയും സംഘത്തേയും കൈകാര്യം ചെയ്തു. അന്നത്തെ സദാചാര പൊലീസ് പണി. പിറ്റേവര്‍ഷം ദിവാകരന്‍ ബി.എ. മലയാളത്തിനു ചേരാന്‍ ബ്രണ്ണനില്‍ ബസ്സിറങ്ങി. നല്ല തടിയന്‍ ശരീരം. പാന്റ്‌സും തിളങ്ങുന്ന കറുത്ത ഷൂസും. ഇറങ്ങിയ ഉടനെ ശരീരം നൊന്തു. മൂസയുടേയും കൂട്ടരുടേയും കൈപ്പത്തികളും കാലുകളും വായുവില്‍ വര്‍ണ്ണചിത്രങ്ങള്‍ അഭ്യസിക്കുന്നതു കുനിന്നവരില്‍ വിസ്മയത്തിന്റെ മത്താപ്പൂക്കള്‍ക്കു തീകൊളുത്തി. നല്ല സിനിമാസ്‌റ്റൈല്‍്. അതിനു പക്ഷേ, അന്നു പ്രതികാരമോ പ്രതിഷേധമോ ഉണ്ടായില്ല. പക്ഷേ, മനസ്സില്‍ തീ പുകയുന്നുണ്ടായിരിക്കണം. ഞങ്ങള്‍ എസ്.എഫ്.ഐ. നേതൃത്വം അതത്ര ഗൗരവമായി എടുത്തുമില്ല. നവാഗതര്‍ക്കു സ്വാഗതമരുളാന്‍ കെട്ടിത്തൂക്കിയ ബാനറുകള്‍ക്കരികില്‍ നല്ല തുടുതുടുത്ത ചുവപ്പന്‍ നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിലും കുശലാന്വേഷണം നടത്തുന്നതിലും വ്യാപൃതരായിരുന്നു ഞങ്ങള്‍. അന്നു വിളിച്ച മുദ്രാവാക്യത്തിലെ വരികളും നോട്ടീസില്‍ അച്ചടിച്ചുവന്ന ആഹ്വാനങ്ങളും ജീവിച്ചിരിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും ഇന്നും മറക്കുവാന്‍ സാധ്യമല്ല.

അന്നുവരെ ബ്രണ്ണനിലെ മുഖ്യവിദ്യാര്‍ത്ഥി സംഘടന കെ.എസ്.യു ആയിരുന്നു. കെ.എസ്.എഫ്കാര്‍ക്കു കിട്ടിയ അടിയുടെ ശബ്ദം പൊലിപ്പിച്ചു പൊലിപ്പിച്ചു നാം കേട്ടതാണല്ലോ. കാക്കി ട്രൗസറിട്ടു വന്ന പാവപ്പെട്ട കെ.എസ്.എഫ്കാര്‍ കുറച്ചൊക്കെ അങ്ങോട്ടും കൊടുത്തിട്ടുണ്ട്. ദിവസേന കളരിപ്പയറ്റ് നടത്തുവാനുള്ള ത്രാണിയോ മനസ്സോ കെ.എസ്.യു.വിനില്ലായിരുന്നു എന്നതാണ് സത്യം. എല്ലാ ദിവസവും അടി പാട്ടത്തിനെടുക്കുവാന്‍ അത്ര അന്നം കഴിക്കാത്തവരായിരുന്നില്ല ചുവന്ന കുട്ടികളും.

എ.ബി.വി.പിക്ക് 1973-ല്‍ ബ്രണ്ണനില്‍ നല്ല ഒരു യൂണിറ്റ് ഉണ്ടായിരുന്നു. 1971-ലാണ് ഔദ്യോഗികമായി എ.ബി.വി.പി യൂണിറ്റ് രൂപീകരിക്കപ്പെട്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു രാജേന്ദ്രനാഥപൈ ആയിരുന്നു പ്രമുഖന്‍ എന്നും കേട്ടിട്ടുണ്ട്. തിരുവങ്ങാടുനിന്നും മുകുന്ദടാക്കീസ് പരിസരത്തുനിന്നും തലശേ്ശരിയിലെ ഉള്‍പ്രദേശങ്ങളില്‍നിന്നും വന്ന ഉയര്‍ന്ന ജാതിയും പണവും പ്രതാപവുമുള്ള വിദ്യാര്‍ത്ഥികളായിരുന്നു മിക്കവാറും എല്ലാ എ.ബി.വി.പിക്കാരും. അടിക്കുന്നതിനെക്കാള്‍ അവര്‍ക്കു മിടുക്ക് അടിപ്പിക്കുന്നതില്‍ ആണ്. എന്നാലും തടിമിടുക്കുള്ള കുറച്ചുപേര്‍ 73 ആകുമ്പോഴേക്ക് ഉയര്‍ന്നുവന്നിരുന്നു. ഒരു എസ്.എഫ്.ഐ - എ.ബി.വി.പി. സംഘട്ടനത്തില്‍ എ.ബി.വി.പിക്കാരനായ റാമിനെ റോഡരുകില്‍ അടിച്ചുവീഴ്ത്തി കത്തി നെഞ്ചിലേക്ക് ആഞ്ഞ് കുത്തിക്കയറ്റാന്‍ ശ്രമിക്കുമ്പോള്‍ എവിടെനിന്നെല്ലാമോ സമാഹരിച്ച ശക്തികൊണ്ട്് കത്തിപിടിച്ച കൈകളെ മാറ്റിയതിന്റെ കരുത്ത് ഇപ്പോഴും എന്റെ കൈത്തലങ്ങള്‍ക്കുണ്ട്. ഇരയാകേണ്ടിവരുമായിരുന്ന റാമിനെ എപ്പോഴെങ്കിലും കുമുട്ടിയാല്‍ ലഭിക്കുന്ന പുഞ്ചിരി എന്നെ സന്തോഷിപ്പിക്കാറുണ്ട്.

അതുവരെയുള്ള വര്‍ഷങ്ങളില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതരായിരുന്നത് കെ.എസ്.യുക്കാര്‍ ആയിരുന്നുവെന്നതു നേരത്തെ പറഞ്ഞുവല്ലോ. ചിലപ്പോള്‍ ഒന്നോ രണ്ടോ സീറ്റ് മറ്റുള്ളവര്‍ക്കു കിട്ടിയാലായി. ഏതെങ്കിലും തടിച്ചുനീണ്ട ഒരു കുറുവടിയില്‍ കെ.എസ്.യു എന്ന നീലത്തുണി ചുറ്റി സ്ഥാപിച്ചാല്‍പ്പോലും എല്ലാത്തരം സാരിക്കാരികളും അവിടെ കുമ്പിടും എന്നു ബുദ്ധിജീവികളായ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ അന്നു പരിഹസിക്കാറുണ്ട്. പക്ഷേ, ഇക്കൊല്ലം കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. ഒരു കീഴ്‌മേല്‍മറിച്ചിലിന്റെ മുറുക്കം അന്തരീക്ഷത്തിലു്ണ്ട. അതിശക്തമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വലിയ വലിയ പ്രകടനങ്ങള്‍, മീറ്റിങ്ങുകള്‍, ലോകത്തെവിടെ അതിക്രമം നടന്നാലും മേല്‍ക്കമ്മിറ്റി ഇണ്ടാസ് കാത്തുനില്‍ക്കാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍, ചെഗുവേരയെക്കുറിച്ചും ആഞ്ചിലോഡെവീസിനെക്കുറിച്ചും നെഗ്രിറ്റിയൂഡ് പ്രസ്ഥാനത്തെക്കുറിച്ചും വിവേകാനന്ദനെക്കുറിച്ചും എന്തിനു റീത്താഫേരിയയെപ്പറ്റിപ്പോലും എസ്.എഫ്.ഐക്കാര്‍ പ്രസംഗിച്ചു. എന്‍. പ്രഭാകരന്‍, എം. ദാമോദരന്‍, പരിയാരം സത്യന്‍ എന്നിവര്‍ പ്രസക്തിമാസികയും മറ്റുമായി അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. കെ. ചന്ദ്രമോഹന്‍ ഇംഗ്‌ളീഷില്‍ ഉണ്ടായിരുന്നു. വേറെയും നിരവധിപേരുണ്ടായിരുന്നു. ഹിന്ദിയില്‍ പ്രസംഗിക്കുന്ന കെ.പി. നാരായണന്‍ പിന്നീട് ഇടത് ഗവണ്‍മെന്റിന്റെ സാമ്പത്തികപ്രവര്‍ത്തനത്തില്‍പ്പോലും ഇടപെടുകയുണ്ടായി. എന്‍. പ്രഭാകരന്‍ അക്കാലത്തുതന്നെ അറിയപ്പെടുന്ന ഒരു കഥാകൃത്തായിരുന്നു. രമേഷ്‌കുമാറും അന്നു കഥകളെഴുതിയിരുന്നു. (ഇപ്പോള്‍ അഡ്വക്കേറ്റ്). അല്ലൂര്‍ സുകുമാരന്‍ കവിയായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. 

തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു മുന്നണി രൂപംകൊണ്ടിരുന്നു. മുഴുരാഷ്ര്ടീയക്കാരല്ലാത്ത വിദ്യാര്‍ത്ഥികളുടെ ഒരു റൊമാന്റിക് കൂട്ടായ്മ അന്നു ബ്രണ്ണനില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് STARLETS എന്ന ഒരു സംഘടന ഉണ്ടായിരുന്നു. അവരിലൊരാളായ സുരേഷ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. 
മറ്റൊരു കൂട്ടര്‍ പരിവര്‍ത്തനവാദികളായിരുന്നു ബുദ്ധിയുള്ള ഉശിരന്‍ കോണ്‍ഗ്രസ്സുകാര്‍. നൂറോളം വരും. എം.എ. ജോണ്‍ ശാന്തിവനത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രസംഗം കേള്‍ക്കാന്‍ നൂറല്ല, അതിലുമെത്രയോ അധികം കുട്ടികള്‍ സന്നിഹിതരായിരുന്നു. കൂടാതെ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിന്റെ ഭാഗമായി സംഘടനാകോണ്‍ഗ്രസ്സുകാര്‍ രൂപീകരിച്ച NSO എന്ന സംഘടനയിലും നാലഞ്ചുപേര്‍ പ്രവര്‍ത്തിച്ചിരുന്നു. കെ. സുധാകരനായിരുന്നു നേതാവ്. പരിവര്‍ത്തനവാദികളുടെ കൂട്ടത്തില്‍ കെ. രാജന്‍, എന്‍.പി. രാജേന്ദ്രന്‍, എം.പി. ഭക്തദാസ്, സി.എം. മധുസൂദനന്‍, രാജീവന്‍ കെ. (ഇപ്പോള്‍ അമേരിക്കയില്‍), വി.വി. അനന്തകൃഷ്ണന്‍, പി. ഭരതന്‍ തുടങ്ങിയവരാണ് നേതാക്കള്‍. പെണ്‍കുട്ടികളും അനുഭാവികളായുണ്ട്. 

സി.പി.ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം പേരിനു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഗോപാലന്‍, വത്സന്‍ എന്നിവര്‍ പ്രധാന പ്രവര്‍ത്തകര്‍. അവരും മുന്‍നിരയിലുണ്ടായിരുന്നു. 

മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും എസ്.എഫ്.ഐക്കാരാണ്. എം.എസ്.എഫ്. പേരിനു മാത്രമുള്ള ഒരു സംഘടന; ചില കേയിക്കുടുംബക്കാരുടെ സ്വകാര്യസ്വത്ത്. നാട്ടില്‍ നേരിയ ലീഗനുഭാവികള്‍ ആയി അറിയപ്പെട്ടിരുന്നവര്‍പോലും കോളേജില്‍ ചുവപ്പന്മാരാകുന്നത് അവരെ കലികൊള്ളിക്കാറുണ്ട്. മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ രണ്ടോ മൂന്നോ പേര്‍ മാത്രം. അവരില്‍ ഖദീജ എസ്.എഫ്.ഐയുടെ ജാഥകളില്‍പ്പോലും പങ്കെടുക്കുമായിരുന്നു. സ്വതേ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം ചെറുപ്പക്കാരോട് വലിയ കമ്പമായിരുന്നു. ഇതാകട്ടെ, എ.ബി.വി.പിക്കാര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറവും ആയിരുന്നു. മല്ലര്‍മാരുടെ മക്കള്‍പോലും മാപ്പിളമാരെ പ്രേമിക്കുന്നു. സഹിക്കുമോ സദാചാര പട്ടാളത്തിന്?

ഒരുദിവസം ബസ്സിലെ മുന്‍ഭാഗത്തെ തിരക്കിനിടയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു എന്നാക്ഷേപിച്ച് എ.ബി.വി.പിക്കാര്‍ ശാന്തിവനത്തില്‍വച്ച് സി.ഒ.ടി. ആബുവിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥിനിക്കു യാതൊരു പരാതിയും ഉായിരുന്നില്ല. ഞാനും മേല്‍പ്പറഞ്ഞ മേലൂര്‍ ബസ്സില്‍ ഉണ്ടായിരുന്നു. എനിക്കും സാധാരണയില്‍ക്കവിഞ്ഞ പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി തോന്നിയിട്ടില്ല. യാത്രാക്ഷാമം അന്നു വളരെ രൂക്ഷമായിരുന്നു. ആബുവിനെ രക്ഷിക്കാനും അക്രമികളെ അടിച്ചോടിക്കാനും ഞങ്ങള്‍ ശാന്തിവനത്തിലേക്ക് ഓടിച്ചെല്ലുമ്പോള്‍ പ്രശ്‌നക്കാരിയായ വിദ്യാര്‍ത്ഥിനി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 

യാത്രാക്ഷാമം എന്നെഴുതിയപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്ന ഒരുകാര്യം സൂചിപ്പിക്കട്ടെ. കോളേജ് വിട്ടാല്‍ കുട്ടികള്‍ പലഭാഗത്തേക്കു തിരിയും. ചിലര്‍ മീത്തലെ പീടികയില്‍. ചിലര്‍ ധര്‍മ്മടം ഭാഗത്തേക്ക്. ചിലര്‍ ചിറക്കുനിയിലേക്കും. ഞങ്ങള്‍ രാജീവന്‍, സുരേന്ദ്രന്‍, ശൈലേന്ദ്രന്‍ എന്നിവര്‍ പലപ്പോഴും ധര്‍മ്മടം ഭാഗത്തേക്കാണു നടക്കുക. അതൊരു സുഖമാണ്. പക്ഷേ, ബസ്സ് കിട്ടാന്‍ വലിയ വിഷമമാണ്. ഒരു രഞ്ചന്‍ ബസ്സ് ഉായിരുന്നു. കൊന്നാലും ധര്‍മ്മടത്തെ സ്‌റ്റോപ്പില്‍ നിര്‍ത്തില്ല. ഒരു ദിവസം ഞങ്ങള്‍ നടുറോഡില്‍ കയറിനിന്നു. വളരെ അരികില്‍ എത്തിയിട്ടും ബസ്സ് സ്പീഡ് കുറക്കുന്നില്ല. നോക്കുമ്പോള്‍ റോഡിന്റെ നടുവില്‍ ഞാന്‍ മാത്രം. ഒറ്റത്തുള്ളല്‍. ഭാഗ്യം, രക്ഷപ്പെട്ടു. പിറ്റേന്നു ചര്‍ച്ചചെയ്തു കൂട്ടമായി രഞ്ചന്‍ ബസ്സ് പിടിച്ചുവച്ചു. മീശക്കാരന്‍ ഡ്രൈവറെ ഓടിച്ചെന്നു വലിച്ചിടാന്‍ നോക്കുമ്പോള്‍ ആള് മാറിയിരിക്കുന്നു. നിരാശയുടെ അളവ് ഒന്നു ആലോചിച്ച് നോക്കൂ. റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ട്രാഫിക് ജാം. ധര്‍മ്മടം പൊലീസ് രംഗത്തുവന്നു. അറസ്റ്റ്. വൈകി വക്കീലിന്റെ വിളിവന്നു. ദാമോദരന്‍ വക്കീലായിരിക്കണം. കേസ് ചാര്‍ജ് ചെയ്തു ഞങ്ങളെ ലോക്കപ്പില്‍നിന്നു പുറത്താക്കി. 

തെരഞ്ഞെടുപ്പു കഴിഞ്ഞു. പുതിയ സമവാക്യങ്ങള്‍ രൂപീകരിക്കപ്പെട്ടു. മുഴുവന്‍ മേജര്‍ സീറ്റും എസ്.എഫ്.ഐയ്ക്ക്. എം.എസ്.എഫിനു രണ്ടോ മൂന്നോ മൈനര്‍ കസേരകള്‍. എ.കെ. ബാലന്‍- ചെയര്‍മാന്‍, എ.പി. മോഹനന്‍- സ്റ്റുഡന്റ് എഡിറ്റര്‍, ടി. പവിത്രന്‍- ഫൈന്‍ ആര്‍ട്ട്‌സ്, അഷ്‌റഫ്- അത്‌ലറ്റിക് ക്യാപ്റ്റന്‍, ഹാറൂണ്‍ റഷീദ്- ഇംഗ്‌ളീഷ് അസോസിയേഷന്‍ സെക്രട്ടറി, പ്രസൂനന്‍- ഇക്കണോമിക്‌സ് അസോസിയേഷന്‍ സെക്രട്ടറി അങ്ങനെ നീളുന്നു വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിര. കേരളത്തിലാദ്യമായി എസ്.എഫ്.ഐയുടെ സമ്പൂര്‍ണ്ണ വിജയം. കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തത് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. ഇതും ചരിത്രത്തില്‍ ആദ്യം. തങ്ങളുടെ ശവത്തില്‍ ചവിട്ടിയേ നമ്പൂതിരിക്ക് ബ്രണ്ണനില്‍ കാലുകുത്താന്‍ കഴിയൂ എന്ന് കെ.എസ്.യുക്കാര്‍ വീരവാദം മുഴക്കി. പാര്‍ട്ടി ഓഫീസില്‍നിന്ന് ഇ.എം.എസിനെ ഒരു അംബാസിഡര്‍ കാറില്‍ കൂട്ടിക്കൊണ്ടുവന്നത് ഞാനാണ്. ഒരു ഉറുമ്പുപോലും ടയറിനടിയില്‍ കുടുങ്ങിയില്ല. സദസ്സുനിറയെ പൂമ്പാറ്റകള്‍ ആയിരുന്നു. ചിറക്കുനിയില്‍നിന്നും പിണറായില്‍നിന്നും ബീഡിതെറുക്കുന്ന മുറം മാറ്റിവച്ച് വന്ന തൊഴിലാളികള്‍ പ്രസംഗം കാതോര്‍ത്തുകേട്ടു.

കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് ഇഎംഎസ് സംസാരിക്കുന്നു. (മാഗസിനില്‍നിന്നുള്ള ചിത്രം)
 

യൂണിയന്‍ സെക്രട്ടറിയുടെ സ്വാഗതപ്രസംഗത്തില്‍ അഷ്‌റഫിന്റെ വേര്‍പാടിനെ ഞാന്‍ അനുസ്മരിച്ചു. ഇളകിയാടുന്ന സദസ്സ് അതിദ്രുതം ശോകമൂകമായി. സ്‌റ്റേജില്‍ നിന്നിറങ്ങി സദസ്സിലേക്കു ചെന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു: ഓര്‍മ്മിപ്പിക്കേണ്ടായിരുന്നു. ഞങ്ങള്‍ക്കു വല്ലാതെ തണുക്കുന്നു. കൂട്ടുകാരെ, എഴുതിയെഴുതി എനിക്കും വിയര്‍ക്കുന്നു. നട്ടുച്ചയാണ്.  

വോട്ടെണ്ണലിന്റെ മുഖ്യചുമതല എനിക്കായിരുന്നു. ചിലര്‍ ഹോസ്റ്റലിലിരുന്നു സംഘടനാകാര്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു. കിട്ടിയ വോട്ടിനു സിന്ദാബാദ് വിളിക്കലാണ് ഇതുവരെയുള്ള ചരിത്രം. കരുതല്‍ വേണം. ആത്മവിശ്വാസത്തോടെ ഒടുവില്‍ എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയില്‍നിന്നു ഞാന്‍ വിളിച്ചുപറഞ്ഞു. ആഹ്‌ളാദപ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുക. എന്നേക്കാള്‍ വോട്ട് മറ്റുള്ളവര്‍ക്കു്. എസ്.എഫ്.ഐയുടെ ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്നു അന്നു ഞാന്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ തലശ്ശേരിയിലെ പാര്‍ട്ടിനേതാവ് രാജുമാസ്റ്റര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത് ഓര്‍ക്കുന്നു. പെണ്‍കുട്ടികളുടെ വോട്ട് എങ്ങനെ പിടിക്കണം എന്നറിയണമെങ്കില്‍ ബ്രണ്ണന്‍ കോളേജില്‍ ചെന്നു മനസ്സിലാക്കണം. അതവര്‍ പിന്നീട് മനസ്സിലാക്കുകയും ചെയ്തു. 

വിജയാനന്തരം തലശ്ശേരി നഗരത്തിലേക്കു തുള്ളിച്ചാടി നടത്തിയ പ്രകടനം ഒരു ദുരന്തദൃശ്യത്തിനു സാക്ഷ്യംവഹിച്ചു. വീനസ് കോര്‍ണറിനരികിലുള്ള ചളിവയലില്‍ പരിവര്‍ത്തനവാദികള്‍ വീണുകിടക്കുന്നു. പരാജയത്തിന്റ അരിശം തീര്‍ത്തതാണ് കെ.എസ്.യുക്കാര്‍. ഖദറിന് ഒരുതരം ചുവപ്പ് ബാധ. ഞങ്ങള്‍ക്കു ജാഥ നടത്തണമായിരുന്നു.

ഇന്നിപ്പോള്‍ എസ്.എഫ്.ഐക്ക് നിരവധി രക്തസാക്ഷികള്‍ ഉണ്ട്. അവയൊന്നും വിശദമാക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. തികച്ചും വ്യക്തിപരമായ ഒരു ഓര്‍മ്മയുണര്‍ത്തലിന്റെ ഭാഗമായാണ് ഞാന്‍ അഷ്‌റഫിലേക്കു വന്നത്. ഒരുകാര്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ തിരിച്ചുപോകുന്നു. എസ്.എഫ്.ഐ. അഷ്‌റഫ് രക്തസാക്ഷിദിനം ആചരിക്കാന്‍ തുടങ്ങിയത് 1980-നു ശേഷം മാത്രമാണ്.

അഷ്‌റഫ് ഒന്നാന്തരം സുഹൃത്തായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ ഹാറൂണ്‍ റഷീദ്, തലശ്ശേരിയിലെ പ്രസിദ്ധനായ വക്കീല്‍ ശിവകൃഷ്ണമാരാരുടെ മകന്‍ ശിവകുമാര്‍ തുടങ്ങിയവരാണ്. ചിലപ്പോഴൊക്കെ അവരുടെ കൂട്ടത്തില്‍ ഞാനും നടക്കാറുണ്ട്. 

ബ്രണ്ണനില്‍ അന്നു രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ മാത്രമെ കാറുകളില്‍ വരാറുള്ളൂ. അത്രയുമൊക്കെ കാറുകളേ അധ്യാപകര്‍ക്കുമുള്ളു. ഓഫിസ് ജീവനക്കാരില്‍ കുമാരേട്ടനും നാച്ചിമുത്തുവും മറ്റും സൈക്കിളിലാണ് വരിക. കാറില്‍ വരുന്നവരില്‍ ഒരു വിദ്യാര്‍ത്ഥിനി തലശേ്ശരിയിലെ ഒരു കച്ചവടക്കാരന്റെ മകളാണ്. പിന്‍സീറ്റില്‍നിന്നു പോര്‍ട്ടിക്കോയില്‍ ഇറങ്ങും. ഡ്രൈവര്‍ തിരിച്ചുപോകും. മറ്റൊന്നു മാഹിയിലെ ഒരു വക്കീലിന്റെ മകനാണ്. വക്കീല്‍ കോണ്‍ഗ്രസ്സ് നേതാവാണ്. മാഹിപ്പാലത്തിനടുത്തു കാമുകി കാത്തുനില്‍ക്കുന്നുണ്ടാകും. കവിയൂര്‍ക്കാരിയാണ്. ചിലപ്പോള്‍ എനിക്കും കാറില്‍ ഇടംകിട്ടും. മറ്റൊരു കാര്‍ ശിവകുമാറിന്റേതാണ്. തലശ്ശേരി കോഫിഹൗസില്‍ ഒത്തുചേര്‍ന്നാണ് യാത്ര പുറപ്പെടുക. റഷീദ് അധിക ദിവസവും ഉാകും. ചിലപ്പോള്‍ ഞാനും കയറും. ശിവകുമാര്‍ പിന്നീട് വക്കീലായി. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കൂട്ടത്തില്‍ പറയട്ടെ, ബ്രണ്ണനിലെ മുന്‍തലമുറയില്‍ 'ക്ഷുഭിതയൗവ്വനം’ എന്നൊരു വിദ്യാര്‍ത്ഥിസംഘം ഉണ്ടായിരുന്നു. ശിവകുമാറിന്റെ ജ്യേഷ്ഠന്‍ ശിവകേശവന്‍ ആ സംഘത്തിലെ പ്രമുഖനായിരുന്നു. എം.പി. രാധാകൃഷ്ണന്‍, എം.വി. അബ്ദുള്‍ അസീസ്, റോയ്‌ഹേ എന്നിവരും മറ്റു പ്രമുഖരില്‍ പെടുന്നു.

അഷ്‌റഫ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശിവകുമാര്‍ രണ്ടുനേരവും വരുമായിരുന്നു. കട്ട്‌ലറ്റുകളും സമോസകളും കൊണ്ടുവരും. എന്നെയും കൂട്ടി കോഫിഹൗസില്‍ പോകും. ഫ്രെഞ്ച്‌ടോസ്റ്റിന്റെ രുചി അങ്ങനെയാണ് ഞാന്‍ ആദ്യം അറിഞ്ഞത്. സ്ത്രീസൗഹൃദങ്ങളില്‍ സമ്പന്നനായിരുന്നു അഷ്‌റഫ്. ഈ സൗഹൃദങ്ങള്‍ എസ്.എഫ്.ഐയുടെ വിജയവീഥിയില്‍ നേട്ടം പ്രദാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com