ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം 600 കോടി രൂപയോളം; സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ചോദ്യം ചെയ്യും

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം 600 കോടി രൂപയോളം; സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ചോദ്യം ചെയ്യും

മാര്‍ച്ച് പകുതിയില്‍ ഈ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരു പ്രമുഖ ചലചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക ട്രാന്‍സ്ഫറായി

കൊച്ചി: നടിയെ അക്രമച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ളതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വിദേശത്തു നിന്നും പണം വന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ബന്ധുക്കളടെയും സ്വന്തം പേരിലുമായി ദിലീപിന് 600 കോടി രൂപയ്ക്കു മുകളില്‍ റിയല്‍റ്റി നിക്ഷേപമുണ്ടെന്നാണ് ഏജന്‍സിയുടെ പ്രാഥമിക വിലയിരുത്തല്‍.

വിദേശ രാജ്യങ്ങളില്‍ നിരവധി പ്രോഗ്രാമുകളാണ് ദിലീപും നാദിര്‍ഷയുമടങ്ങുന്ന സംഘം നടത്തിപ്പോന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഏജന്‍സി പരിശോധിച്ചു വരികയാണ്. ഇതില്‍ ഏറ്റവും സംശയം തോന്നുന്നത് മാര്‍ച്ച് പകുതിയില്‍ ഈ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരു പ്രമുഖ ചലചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക ട്രാന്‍സ്ഫറായിതാണ്. ദിലീപിന്റെ ബിനാമി നിക്ഷേപമാണിതെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ഇതുസംബന്ധിച്ചു കൃത്യമായ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ കേസിനോടൊപ്പം പോലീസ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. ഗൂഢാലോചന കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യും.
 

അതേസമയം, മലയാള സിനിമയുടെ മൊത്തം സാമ്പത്തിക വിനിമയങ്ങളും നിരീക്ഷിക്കാന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം നിര്‍മിച്ച മുഴുവന്‍ ചിത്രങ്ങളുടെയും പണവിനിയോഗം വിശദമായി പരിശോധിക്കും. സിനിമാ മേഖലയില്‍ കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചിട്ടുണ്ടെന്ന തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.

നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹവാല കാരിയറാണെന്ന് പോലീസ് ഇതിനു മുമ്പ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി സിനിമ അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനിയുടെ ഹവാല ബന്ധം സിനിമ മേഖലയില്‍ എങ്ങനെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com