ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബലപ്രയോഗം വേണ്ടിവരില്ലെന്നു കരുതി! നടിയെ സ്വഭാവഹത്യ നടത്താന്‍ പുതിയ തിരക്കഥ?

നടിയെ സ്വഭാവ ഹത്യ നടത്താനും അതുവഴി പൊതുസമൂഹത്തിന്റെ വികാരത്തെയും കേസിനെത്തന്നെയും വഴി തിരിച്ചുവിടാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചനകള്‍
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബലപ്രയോഗം വേണ്ടിവരില്ലെന്നു കരുതി! നടിയെ സ്വഭാവഹത്യ നടത്താന്‍ പുതിയ തിരക്കഥ?

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ആക്രമണവും ബലപ്രയോഗവും വേണ്ടിവരുമെന്ന് അറസ്റ്റിലായ നടന്‍ കരുതിയിരുന്നില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പുതിയ തിരക്കഥയുടെ ഭാഗമെന്ന് സംശയം. നടിയെ സ്വഭാവ ഹത്യ നടത്താനും അതുവഴി പൊതുസമൂഹത്തിന്റെ വികാരത്തെയും കേസിനെത്തന്നെയും വഴി തിരിച്ചുവിടാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചനകള്‍.

നടിയെ സ്വഭാവ ഹത്യ നടത്തിക്കൊണ്ടും നടനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടും നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. നടന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും മാധ്യമങ്ങളെയും പൊലീസീനെയും കുറ്റപ്പെടുത്തിയുമായിരുന്നു പ്രചാരണം. ഇത് നടനു വേണ്ടി നടത്തിയ പിആര്‍ വര്‍ക്ക് ആണെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിലാണ് പുതിയ തിരക്കഥ വന്നിരിക്കുന്നത്. നടിയുമായി പരിചയം ഉണ്ടെന്ന സുനിയുടെ വാക്കു വിശ്വസിച്ച ദിലീപ്  ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് പുതിയ വാര്‍ത്ത. ദൃശ്യം പകര്‍ത്താനുള്ള സാഹചര്യം സുനി ഒരുക്കുമെന്ന് ദിലീപ് കരുതിയതായും ഈ വാര്‍ത്തയില്‍ പറയുന്നു. സുനിക്ക് പണം വാഗ്ദാനം ചെയ്യുമ്പോഴും ആക്രമണവും ബലപ്രയോഗവും വേണ്ടിവരുമെന്ന് ദിലീപ് കരുതിയിരുന്നില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്രേ. നടിയെ സ്വഭാവ ഹത്യ നടത്തുന്ന വിധത്തിലേക്ക് കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് മുഖ്യധാരാ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്ത.

കേസില്‍ അറസ്റ്റിലായതോടെ പൊതുസമൂഹത്തില്‍ നടനെതിരെ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ഇത് നടന്റെ കരിയര്‍, ബിസിനസ് താത്പര്യങ്ങള്‍ക്കു തിരിച്ചടിയായതിനാല്‍ ഏതു വിധേനയും ഇമേജ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമമാണ് നടന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാര വേലകള്‍ ഇതിന്റെ ഭാഗമാണെന്നാണ് സൂചനകള്‍. പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന് വ്യക്തമായ സൂചനകളുള്ള ചില വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സ്വന്തം അപദാനങ്ങള്‍ വാഴ്ത്തുന്നതിനൊപ്പം ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രചാരണം നടത്തുന്നതും നടനെതിരായ പൊതുവികാരത്തെ കുറച്ചുകൊണ്ടുവരാന്‍ ഉപകരിക്കും എന്നാവാം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കണക്കുകൂട്ടുന്നതെന്ന്  നിയമരംഗത്തുള്ളവര്‍ പറയുന്നു. ഇതിന്റെ ഭാഗമാവാം മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com