സുരേന്ദ്രന്‍ പറയുന്നു;അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയത്

സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ സുരേന്ദ്രന്‍ പോരാട്ടം നടത്തുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്
സുരേന്ദ്രന്‍ പറയുന്നു;അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയത്

മെഡിക്കല്‍ കോളജ് തുടങ്ങാനായി ബിജെപി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയ കാര്യം പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ തന്നെ ശരിവെച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് അഴിമതിക്കെതിരെ കെ.സുരേന്ദ്രന്‍ മുമ്പ് എഴുതിയ കാര്യങ്ങള്‍ പൊക്കിയെടുത്ത് കൊണ്ട് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍. മെഡിക്കല്‍ ഫീസ് വര്‍ദ്ധന നടന്ന സമയത്താണ് മെഡിക്കല്‍ മേഖലയിലെ അഴിമതിയെക്കുറിച്ച് സുരേന്ദ്രന്‍ വാചാലനായിരിക്കുന്നത്. സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ: ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ സുരേന്ദ്രന്‍ പോരാട്ടം നടത്തുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുമ്പത്തെ പോസ്റ്റുകള്‍ മുക്കിയത് പോലെ ഇതും മുക്കി രക്ഷപ്പെടുമെന്ന് ചിലര്‍ പരിഹസിക്കുന്നു. 

സുരേന്ദ്രന്റെ പഴയ പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം: 

കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും? മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

രണ്ടു മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് കേന്ദ്ര അനുമതി നേടിക്കൊടുക്കാന്‍ നേതാക്കള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ പരസ്പരം ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്. 

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത്. ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെയാണ് പണം കടത്താന്‍ എല്‍പ്പിച്ചത്. കെപി ശ്രീശന്‍,എകെ നസീര്‍ തുടങ്ങിയ രണ്ടംഗസമിതിയായിരുന്നു അന്വേഷിച്ചിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടി യുടെ സംസ്ഥാന ചുമതലയുള്ള ആര്‍ സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരെ അതീവഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തത്തില്‍ അന്വേഷണം നടത്തിയത്. യുവമോര്‍ച്ചാ നേതാവും ബിജെപി സഹകരണസെല്‍ നേതാവുമായ
ആര്‍എസ് വിനോദ് തന്റെ പക്കല്‍ നിന്നും പണം വാങ്ങി മെഡിക്കല്‍ കൗണ്‍സില്‍ വഴി കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താന്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ഷാജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അന്വേഷണ കമ്മീഷനെ നിയമിച്ചത്. 

അന്വേഷണസംഘം ആദ്യം ഷാജിയില്‍ നിന്നാണ് മൊഴിയെടുത്തത്. പണം നല്‍കിയ കാര്യം ഷാജി അന്വഷണകമ്മീഷനെ അറിയിച്ചു. 2017 മെയ് 19നാണ് പരാതി നല്‍കിയത്. ദില്ലിയിലുള്ള ഏജന്റ് സതീശ്‌നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് ഷാജി പറയുന്നു. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എംടി രമേശിന്റെ പേരും പറയുന്നത്. ചെര്‍പ്പുളശേരിയില്‍ കോഴിക്കോട്ടുകാരനായ നാസര്‍ തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടാണ്. കേരള മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിയത് എംടി രമേശ് വഴി അഞ്ച് കോടി നല്‍കിയാണെന്നുമാണ് ഷാജി അന്വേഷണ കമ്മീഷനെ അറിയിച്ചത്. രമേശിനെതിരായ ആരോപണം പരിധിയില്‍ വരാത്തത് ആയതിനാല്‍ വിട്ടുകളയുകയായിരുന്നു. 

അന്വേഷണകമ്മീഷന്‍ രമേശിന്റെ മൊഴി രേഖപ്പെടുതത്തിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ആരെയും പരിചയമില്ലെന്നും ആരോടും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു മൊഴി. അതേസമയം ആര്‍ എസ് വിനോദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. വാങ്ങിയ പണം ദില്ലിയിലുള്ള കുഴല്‍പ്പണ ഏജന്റ് വഴി സതീഷ് നായര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിനോദ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പരാതിയില്ലെന്ന നിലപാടിലാണ് എസ്ആര്‍ ആശുപത്രി ഉടമയുടെത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com