ഗൂഢാലോചനയല്ലെങ്കില്‍ സുനി കാരവനില്‍ കയറിയത് എന്തിന്: പ്രോസിക്യൂഷന്‍; തമ്മില്‍ കാണുന്നത് ഗൂഢാലോചനയാണോയെന്ന് പ്രതിഭാഗം

ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കുകയെന്നത് സംസ്ഥാനത്ത് ആദ്യം നടക്കുന്ന സംഭവമാണ്. ഇതു നടപ്പാക്കാന്‍ ഒന്നാം പ്രതി സുനില്‍ കുമാറിന് ദിലീപ് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.
ഗൂഢാലോചനയല്ലെങ്കില്‍ സുനി കാരവനില്‍ കയറിയത് എന്തിന്: പ്രോസിക്യൂഷന്‍; തമ്മില്‍ കാണുന്നത് ഗൂഢാലോചനയാണോയെന്ന് പ്രതിഭാഗം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റിലായ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എല്ലാ പ്രതികളുടെയും മൊഴി വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്ക് ആണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കുകയെന്നത് സംസ്ഥാനത്ത് ആദ്യം നടക്കുന്ന സംഭവമാണ്. ഇതു നടപ്പാക്കാന്‍ ഒന്നാം പ്രതി സുനില്‍ കുമാറിന് ദിലീപ് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. സുനില്‍ കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ദിലീപ് അഭിനയിച്ച ചിത്രങ്ങളുടെ ലൊക്കേഷനില്‍ സുനില്‍ കുമാര്‍ വെറുതെ എത്തിയതല്ല. അവിടെയെല്ലാം വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപിന്റെ കാരവനിന് അകത്തുവച്ചായിരുന്നു ഗൂഢാലോചന. സുനില്‍ കുമാര്‍ വെറും ഡ്രൈവര്‍ മാത്രമായിരുന്നെങ്കില്‍ കാരവനിന് ഉള്ളില്‍ എങ്ങനെ കയറാന്‍  പറ്റും എന്ന് പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ചോദിച്ചു.

രണ്ടു പേര്‍ തമ്മില്‍ കണ്ടു എന്നത് ഗൂഢാലോചനയ്ക്കു തെളിവാകില്ല എന്നാണ് പ്രതിഭാഗം വാദിച്ചത്. ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ സെറ്റില്‍ സുനില്‍ കുമാര്‍ എത്തിയെന്നത് എങ്ങനെയാണ് ഗൂഢാലോചനയ്ക്കു തെളിവാകുകയെന്ന് അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ സുനില്‍ കുമാര്‍ ദിലീപിന്റെ ഡ്രൈവര്‍ ആയിരുന്നില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് ജാമ്യം നല്‍കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പ്രതിഭാഗം ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com