രാത്രിയിലെ ഹോസ്റ്റല്‍ മാറ്റം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയും പ്രതിഷേധവും

പ്രിയംവദ എന്ന ഹോസ്റ്റലില്‍ നിന്നും എംഎ വിഭാഗത്തിലുള്ള ഒമ്പത് കുട്ടികളെ അനസൂയ എന്ന വേറൊരു ഹോസറ്റലിലേക്ക് വാര്‍ഡന്‍ ശൈലജ രാത്രി മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം
രാത്രിയിലെ ഹോസ്റ്റല്‍ മാറ്റം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയും പ്രതിഷേധവും

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അനുവാദമില്ലാതെ പകര്‍ത്തിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയും പ്രതിഷേധവും. കാലടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചുവെന്നും അന്വേഷിക്കുമെന്നും കാലടി പൊലീസ് സമകാലിക മലയാളത്തോട് പറഞ്ഞു. 

പെട്ടെന്നുള്ള ഹോസ്റ്റല്‍മാറ്റം സാധിക്കില്ലായെന്നും പിറ്റേന്ന് മാറാമെന്നും പറയാന്‍ ചെന്ന വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയും വീഡിയോയും വാര്‍ഡന്‍ അനുവാദമില്ലാതെ പകര്‍ത്തിയെന്നും വാര്‍ഡന്‍ തങ്ങളെ മാനസ്സികമായി തളര്‍ത്തുകായണ് എന്നും വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഫോട്ടോ എടുക്കരുത് എന്ന്‌ അഭ്യര്‍ത്ഥിച്ചിട്ടും വാര്‍ഡന്‍ ഫോട്ടോ എടുത്തുവെന്നും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികള്‍ കാലടി എസ്‌ഐയ്ക്ക് നല്‍കിയ പരാതി

പ്രിയംവദ എന്ന ഹോസ്റ്റലില്‍ നിന്നും എംഎ വിഭാഗത്തിലുള്ള ഒമ്പത് കുട്ടികളെ അനസൂയ എന്ന വേറൊരു ഹോസറ്റലിലേക്ക് വാര്‍ഡന്‍ ശൈലജ രാത്രി മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബിഎ അഡ്മിഷനില്‍ എത്തുന്ന കുട്ടികളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ മാറണം എന്നായിരുന്നു സൈക്കോളജി വിഭാഗം മേധാവി കൂടിയായ വാര്‍ഡന്‍ ശൈലജയുടെ നിര്‍ദേശം. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ഹോസ്റ്റലിലേക്ക് മാറാന്‍ താത്പര്യമുള്ള കുട്ടികളുടെ ലിസ്റ്റ് വാര്‍ഡന്‍ കുട്ടികളുടെ പക്കല്‍ നിന്നും വാങ്ങിയിരുന്നു. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പുതിയ ഹോസ്റ്റലിലേക്ക് മാറ്റിയത് മാറാന്‍ താത്പര്യമില്ല എന്ന് അറിയിച്ച കുട്ടികളെയായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളോട് വ്യക്തിതാത്പര്യത്തിന്റെ പേരിലാണ് നിങ്ങളെ മാറ്റുന്നത് എന്നായിരുന്നു വാര്‍ഡന്‍ മറുപടി പറഞ്ഞതെന്ന് വിദ്യാര്‍ത്ഥിനികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍
 

യൂണിവേഴ്‌സിറ്റി ഉത്തരവ് കിട്ടിയാല്‍ മാറാമെന്ന് പറഞ്ഞ കുട്ടികളെ ഇന്നലെ രാത്രി നിര്‍ബന്ധമായി ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞുപോകണം എന്ന് ആവശ്യപ്പെടുകയും ഇറക്കി വിടുകയുമായിരുന്നു.

രാത്രി മാറാന്‍ സാധിക്കില്ലായെന്നും നാളെ മാറിത്തരാമെന്നും പറഞ്ഞ കുട്ടികളോട് ഇന്ന് ഈ നിമിഷം ഇവിടുന്ന് മാറാണം എന്ന് വാര്‍ഡന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഭക്ഷണം പോലുംകഴിക്കാന്‍ സമ്മതിക്കാതെ ഹോസ്റ്റലില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

വിദ്യാര്‍ത്ഥിനികളെ പുതിയ ഹോസ്റ്റലിലേക്ക് കൊണ്ടുചെന്നാക്കാനോ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനോ വാര്‍ഡന്‍ തയ്യാറായില്ലായെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഡോര്‍മെട്രിയാണ് തങ്ങള്‍ക്ക് തന്നതെന്നും അവിടെ ഭക്ഷണം ഇല്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍

തുടര്‍ന്ന്  ഇക്കാര്യം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളാണ് അനുവാദമില്ലാതെ വാര്‍ഡന്‍ പകര്‍ത്തിയത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ഒരു മുന്‍കരുതലുകളുമില്ലാതെ ഹോസ്റ്റല്‍ മാറ്റുകയും അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത വാര്‍ഡനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുകയാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് അനസൂയ ഹോസ്റ്റലില്‍ സൗകര്യം ഒരുക്കി കൊടുത്തതന്നും അതുവരെ വിദ്യാര്‍ത്ഥിനികള്‍ പുറത്തു നില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com