തേജസ്വിനി മുതല്‍ കിഴങ്ങുഗവേഷണ കേന്ദ്രംവരെ; ബിജെപിയിലെ കോഴക്കഥകള്‍ ഓരോന്നായി പുറത്തേക്ക്

സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് അഴിമതി കഥകള്‍ തുറന്നുപറയുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്
തേജസ്വിനി മുതല്‍ കിഴങ്ങുഗവേഷണ കേന്ദ്രംവരെ; ബിജെപിയിലെ കോഴക്കഥകള്‍ ഓരോന്നായി പുറത്തേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് വിവാദത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന കേരള ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി കൂടുതല്‍ അഴിമതി കഥകള്‍ പുറത്തുവരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നു. സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് അഴിമതി കഥകള്‍ തുറന്നുപറയുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. 

പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.വിവാദമാകുന്നതിനുമുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്.ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടി ഫണ്ടിന് വീടുകള്‍തോറും ഒരുരൂപ ഫണ്ട് സ്വീകരിക്കുന്നതിന് പകരം ജില്ലാ നേതൃത്വങ്ങള്‍ സമ്പന്നരില്‍ നിന്നും വന്‍തുക വാങ്ങി പിരിവ് അവസാനിപ്പിച്ചതിലും കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com