മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞുതുളളുന്ന കാലത്ത് ദിലീഷ് പോത്തന്‍ പറയാതെ പറഞ്ഞത് 

സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ
മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞുതുളളുന്ന കാലത്ത് ദിലീഷ് പോത്തന്‍ പറയാതെ പറഞ്ഞത് 

തൃശൂര്‍: വാളും ചിലമ്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്ന അവസ്ഥയില്‍ പ്രേക്ഷകര്‍ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ടെന്ന് തെളിയിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ചാനല്‍ ചര്‍ച്ചകള്‍കൊണ്ട് സ്വീകരണ മുറികള്‍ ചന്തപ്പറമ്പാവുന്ന കാലത്ത് മലയാളികള്‍ സിനിമകാണല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന പേടിച്ചിരിക്കുമ്പോള്‍ മനസില്‍ നിലാവു പരത്തിയ സിനിമയാണ് ഇത്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടുതന്നെ എന്നു പറയാതെ പറയുകയാണ് ഈ ചിത്രത്തിലൂടെ ദീലീഷ് പോത്തന്‍ ചെയ്തതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:


ചില 'കാഴ്ച' പ്രശ്‌നങ്ങള്‍ കാരണം അല്പം വൈകിയാണ് തൊണ്ടിമുതല്‍ കണ്ടത്.

സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണല്‍ തന്നെ മലയാളികള്‍ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുന്‌പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോള്‍ മനസ്സില്‍ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോള്‍ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകര്‍ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.


'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യമോര്‍ത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി' എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്ക്ക് നല്‍കിയത് വല്ലാത്തൊരു കരുത്താണ്.
ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോള്‍ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങള്‍ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാന്‍ അന്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയില്‍.


നന്ദി, ദിലീഷ് പോത്തന്‍ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണര്‍ത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com