സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്  

സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്  

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബറില്‍ കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും.

തിരുവനന്തപുരം: സമകാലിക മലയാളം വാരികയുടെ അഞ്ചാമത് സാമൂഹിക സേവന പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷ സംഘടനാ സ്ഥാപകയുമായ വി പി സുഹ്‌റയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബറില്‍ കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും. പ്രമുഖ സാഹിത്യകാരി ഗ്രേസി, സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ ഹമീദ ചേന്ദമംഗലൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പനങ്ങാട് എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2013 മുതലാണ് സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 

നാല് പതിറ്റാണ്ടായി വി പി സുഹ്‌റ കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ പൊതുവെയും മലബാറിലെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും നടത്തി വരുന്ന ഇടപെടലുകള്‍ സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. നിരവധി പരിമിതികള്‍ക്കുള്ളിലായിരുന്നു സുഹ്‌റ. അവയെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അവര്‍ പൊരുതിയത്. ആ പോരാട്ടത്തിനിടയില്‍ അവര്‍ സമുദായത്തിലും കുടുംബത്തിലും പോലും ഒറ്റപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായി. എന്നാല്‍ സഹജീവികളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ ആത്മാഭിമാനത്തിന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകളില്‍ നിന്ന് സുഹ്‌റയെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ മതത്തിനുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളും പരിഷ്‌കരണ ശ്രമങ്ങളും ഉണ്ടാകണമെന്ന നിലപാട് പരസ്യമായി പറയുകയും ആ ചെറുത്തുനില്‍പ്പിനെ അവര്‍ നയിക്കുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്തിനെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുകൂടി കാണാന്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് അവര്‍ വിശദീകരിക്കുന്നു. മതത്തിനെതിരേ ആയിരുന്നില്ല അവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ വി പി സുഹ്‌റ മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് വരുത്താന്‍ വ്യാപക ശ്രമങ്ങളുണ്ടായി. കോടതിയില്‍ വരെ അത് ഹര്‍ജിയായി എത്തി. കോടതി ആ ഹര്‍ജി തള്ളുകയാണുണ്ടായത്. 

സ്ത്രീകളുടെ വിഷയങ്ങളില്‍ ലിംഗ സമത്വത്തിനു വേണ്ടിയാണ് പോരാടേണ്ടതെന്നും വിവേചനമില്ലാത്ത അവകാശങ്ങളും അവസരങ്ങളും വേണമെന്നും സുഹ്‌റ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇസ്‌ലാമിക ഫെമിനിസം എന്നത് പുതിയ ആശയമല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. 'ഇസ്‌ലാമിനെയും ഖുര്‍ആനെയും തെറ്റായി വ്യാഖ്യാനിച്ച് സ്ത്രീയുടെ അന്തസ്സിനു നേരേ വെല്ലുവിളി ഉയര്‍ത്തുന്ന പൗരോഹിത്യവുമായി മുസ്‌ലിം സ്ത്രീകള്‍ മുഖാമുഖം നിന്ന സന്ദര്‍ഭങ്ങള്‍ പലതുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെമിനിസം രൂപപ്പെടുന്നതിനു മുമ്പേതന്നെ മറ്റു പലയിടങ്ങളിലും ഇസ്‌ലാമിക ഫെമിനിസം രൂപപ്പെട്ടതായാണ് ചരിത്രം. പക്ഷേ, ലോകത്തുതന്നെ ആ ആശയാടിത്തറയില്‍ രൂപീകരിച്ച ഏക സംഘടന നിസയാണ്. 'സ്ത്രീയുടെ സാമൂഹിക പദവിയേക്കുറിച്ച് ഇസ്‌ലാമിന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് ചിലര്‍. അന്നത്തെ അറേബ്യന്‍ സാഹചര്യങ്ങളില്‍ പറഞ്ഞതെല്ലാം ഇന്നും അതേവിധം നടപ്പാക്കണം എന്ന വാശി.. അന്നു പറഞ്ഞതെല്ലാം അന്ന് വലിയ ശരികള്‍ തന്നെയായിരുന്നു. എന്നാല്‍ കാലം ചില മാറ്റങ്ങളെങ്കിലും ആവശ്യപ്പെടുന്നുണ്ട്. അത് കാണാതെ പോകുമ്പോഴാണ് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത്. കാലാനുസൃത മാറ്റത്തിനുള്ള പഴുതുകള്‍ മതത്തിലുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തില്‍ നിന്നും പല നിലയ്ക്കും വ്യത്യസ്ഥമായിരുന്നു. പുരുഷകേന്ദ്രീകൃതമാണ് വ്യക്തിനിയമത്തിന്റെ സ്വഭാവം. ഇതൊക്കെ പറയുമ്പോഴാണ് മതത്തിനെതിരാണ്, മതത്തെ അപകീര്‍ത്തിപ്പെടുത്തലാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത്. ' സുഹ്്‌റ പറയുന്നു. സ്ത്രീക്ക് സാമ്പത്തിക സ്വാശ്രയത്വമുണ്ടെങ്കില്‍ അവരുടെ അന്തസ് കുടുംബത്തിലും പുറത്തും വര്‍ധിക്കും. അതിന് സ്വത്തവകാശത്തില്‍ തുല്യത വേണം. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം സ്ത്രീയോട് അനീതി കാണിക്കുന്ന സ്വത്തവകാശ നിയമമാണ് നിലനില്‍ക്കുന്നതെന്നും സുഹ്‌റ. 

പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തക റസിയാ ബാനു, ഇടുക്കി മുരിക്കാശേരിയിലെ വി സി രാജു ( സ്‌നഹഭവനം), പട്ടാമ്പിയിലെ കൃഷ്ണന്‍ പള്ളത്ത് (അഭയം), മേലുകാല് മുട്ടത്തെ സജിനി മാത്യൂസ് (സ്‌നേഹിഭവന്‍) എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സാമൂഹിക സേവന പുരസ്‌കാരം നല്‍കിയത്.

(വി പി സുഹ്‌റയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ടും അഭിമുഖവും ഈ ലക്കം സമകാലിക മലയാളം വാരികയില്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com