പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു; സംഘടനാ പുന:ക്രമീകരണം വേണമെന്ന് പിപി മുകുന്ദന്‍

ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് അന്വേഷണകമ്മീഷനെ വെച്ചത് - സംസ്ഥാന പ്രസിഡന്റിന് നല്‍കിയ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ച് അതീവ ഗൗരവതരം
പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു; സംഘടനാ പുന:ക്രമീകരണം വേണമെന്ന് പിപി മുകുന്ദന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബിജെപിയുടെ പ്രതിച്ഛായ നഷ്ടമായെന്ന് ബിജെപി നേതാവ് പിപി മുകുന്ദന്‍. ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് അന്വേഷണകമ്മീഷനെ വെച്ചത്. സംസ്ഥാന പ്രസിഡന്റിന് നല്‍കിയ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ച് അതീവ ഗൗരവതരം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. റിപ്പോര്‍ട്ട് ചോര്‍ന്നത് അവരിലൂടെയല്ലെങ്കില്‍ പോയ വഴി കണ്ടെത്താന്‍ പാര്‍ട്ടി  സംവിധാനത്തിന് കഴിയണം. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പുന:സംഘടനയല്ലെങ്കിലും പുന: ക്രമീകരണം വേണമെന്നും മുകുന്ദന്‍ പറഞ്ഞു.

തൂക്കികൊല്ലാന്‍ പോകുന്നതിന് മുന്‍പ് ശിക്ഷ വിധിച്ച കുറ്റവാളിയോട് അവസാന ആഗ്രഹമെന്താണെന്ന് ചോദിക്കുന്നതുപോലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ ആളോട് ചോദിക്കേണ്ട മര്യാദ പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളണമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നുവരുന്ന സമയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ട പരിഹാരമാര്‍ഗങ്ങള്‍ തേടുമായിരുന്നു. എന്നാല്‍ ഇവിടെ പതിവിന് വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിച്ചതെന്നും മുകുന്ദന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. വരാന്‍ പോകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com