സുഹൃത്തുക്കളായി ഒപ്പം നിന്നവരാണ് തന്നെ ഒറ്റുകൊടുത്തതെന്ന് എംടി രമേശ്

അഴിമതി ആരോപണം ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മുരളീധരവിഭാഗം നടത്തിയ അഴിമതിക്കഥകള്‍ കൃഷ്ണദാസ് വിഭാഗം ബിഎല്‍ സന്തോഷിനെ അറിയിച്ചിട്ടുണ്ട്
സുഹൃത്തുക്കളായി ഒപ്പം നിന്നവരാണ് തന്നെ ഒറ്റുകൊടുത്തതെന്ന് എംടി രമേശ്

കൊച്ചി: മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ കലഹം മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് കൃഷ്ണദാസ് പക്ഷനേതാക്കളും മുരളീധരപക്ഷ നേതാക്കളും അഭിപ്രായപ്പെടുന്നത്. ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മറ്റി, ഭാരവാഹിയോഗത്തിനു ശേഷവും ഇരുപക്ഷ നേതാക്കളം കേന്ദ്രസഹ: സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ അതീവ ഗുരുതരമാണെന്ന് ദേശീയ അധ്യക്ഷന്‍ ്അമിത്ഷായെ അറിയിച്ചതായാണ് സൂചന. 

പാര്‍ട്ടി രഹസ്യമായി സൂക്ഷിക്കേണ്ട അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് പിന്നില്‍ മുരളീധരവിഭാഗമാണെന്നാണ് കൃഷ്ണദാസ് പക്ഷമാരോപിക്കുന്നത്. മാത്രമല്ല പാര്‍ട്ടിയില്‍ ഉണ്ടായ അഴിമതി ആരോപണം ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മുരളീധരവിഭാഗം നടത്തിയ അഴിമതിക്കഥകള്‍ കൃഷ്ണദാസ് വിഭാഗം ബിഎല്‍ സന്തോഷിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കൃഷ്ണദാസ് വിഭാഗത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മുരളീധരപക്ഷം പറയുന്നത്. റിപ്പോര്‍ട്ട് ചോര്‍ത്തിയത് അന്വേഷണകമ്മീഷന്‍  തന്നെയാണെന്ന നിലപാടിലാണ് മുരളീധര വിഭാഗം നേതാക്കള്‍. കെപി ശ്രീശന്‍, എംകെ നസീര്‍, വിവി രാജേഷ് തുടങ്ങിയ നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്നും ഇവര്‍ പറയുന്നു. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് കള്ളരശീതുണ്ടാക്കി പണം പിരിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇരുവിഭാഗങ്ങളും അതിന്റെ നേര്‍ചിത്രങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും പരസ്പരം ചളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് കൈക്കൊള്ളുമെന്ന് കേന്ദ്രനേതൃത്വം ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.  

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് തന്റെ പേര്‍ വെറുതെ വലിച്ചിഴക്കുയായിരുന്നെന്നാണ് എംടി രമേശ് യോഗത്തില്‍ വ്യക്തമാക്കിയത്. തന്റെ സുഹൃത്തുക്കളായി ഒപ്പം നിന്നവര്‍ തന്നെ ഒറ്റുകൊടുക്കുകയായിരുന്നെന്നും ഇങ്ങനെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ സംഘടനാ രംഗത്തുതുടരില്ലെന്നും വികാരാധീനനായി എംടി  യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് എംടി രമേശിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് കേന്ദ്രനേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ പുനക്രമീകരണം വേണമെന്നാവശ്യം ഇരുവിഭാഗങ്ങളും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com