കുരുക്കു മുറുകുന്നു; ദിലീപിനു മുന്നില്‍ ഇനി രണ്ടു വഴികള്‍

ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഇനി ദീലീപിനു മുന്നിലുള്ളത് രണ്ടു വഴികള്‍
കുരുക്കു മുറുകുന്നു; ദിലീപിനു മുന്നില്‍ ഇനി രണ്ടു വഴികള്‍

കൊച്ചി: ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഇനി ദീലീപിനു മുന്നിലുള്ളത് രണ്ടു വഴികള്‍. ഹൈക്കോടതി നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുകയാണ് അതില്‍ ഒന്ന്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു ഫലം ചെയ്യുമെന്നു കരുതാനാവില്ലെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

തെളിവില്ല എന്ന പ്രധാന വാദഗതി തന്നെയാണ് സുപ്രിം കോടതിയിലും ദിലീപിന് ഉന്നയിക്കാനാവുക. ഫോണ്‍ സംഭാഷണവും കൂടിക്കാഴ്ചകളും ഗൂഢാലോചന കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന വാദമാണ് ഹൈക്കോടതിയില്‍ പ്രതിഭാഗം പ്രധാനമായും പുറത്തെടുത്തത്. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ഗൂഢാലോചന കേസില്‍ നേരിട്ടുള്ള തെളിവു കിട്ടുകയെന്നത് എളുപ്പമല്ലെന്നും ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവ ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.

അഭിനയം, നിര്‍മാണം, വിതരണം തുടങ്ങി സിനിമയുടെ പല മേഖലകളിലും സ്വാധീനമുള്ള പ്രബലനാണ് പ്രതി എന്നതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇതേ സാഹചര്യമാണ് സുപ്രീം കോടതിയെ സമീപിച്ചാലും ഉണ്ടാവുകയെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഉടന്‍ ചെയ്യാവുന്ന നിയമ നടപടി എന്ന നിലയില്‍ ഇതു മാത്രമാണ് ദിലിപീന് മുന്നിലുള്ളതെന്നും അവര്‍ പറയുന്നു.

ജാമ്യാപേക്ഷയുമായി വിചാരണ കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ വീണ്ടും സമീപിക്കുക എന്നതാണ് രണ്ടാമത്തെ വഴി. എന്നാല്‍ ഇതു റിമാന്‍ഡ് നീണ്ടുപോവുന്ന ഘട്ടത്തിലേ സാധ്യമാവൂ. മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുക, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അപ്പുണ്ണിയെ പിടികൂടുക എന്നീ കാര്യങ്ങള്‍ അനിശ്ചിതമായി നീളുന്ന പക്ഷം ദിലീപിന് വിചാരണ കോടതിയെ സമീപിക്കാം. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അനിശ്ചിതകാലത്തേക്ക് റിമാന്‍ഡ് തുടരുന്നത് നീതിനിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി സമര്‍പ്പിക്കാനാവുക. എന്നാല്‍ ഇതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com