ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബിജെപിയില്‍ വേണ്ട, കുമ്മനത്തെ വാനോളം പുകഴ്ത്തി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബിജെപിയില്‍ വേണ്ട, കുമ്മനത്തെ വാനോളം പുകഴ്ത്തി രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. കേരള ബി ജെ പി ഘടകത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി അംഗങ്ങളെയും എന്‍ ഡി എ പ്രവര്‍ത്തകരെയും സ്തബ്ധരാക്കിയെന്നും രാജീവ് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ കുമ്മനം രാജശേഖരന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സംസ്ഥാന എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് കോഴ വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ വിഭാഗീയത ശക്തമാവുന്നതിനിടയിലാണ് കുമ്മനം രാജശേഖരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നിരിക്കുന്നത്. കുമ്മനത്തെ നിലപാടുകളുടെ പേരില്‍ പുകഴ്ത്തുന്ന രാജീവ് മറ്റു ബിജെപി നേതാക്കളുടെ പേരുകളൊന്നും കുറിപ്പില്‍ പറയുന്നില്ല. അഴിമതി നടത്തിയത് ആര്‍എസ് വിനോദ് മാത്രമാണന്നും വിനോദിനെതിരെ നടപടിയെടുത്തെന്നും പാര്‍ട്ടി ആവര്‍ത്തിക്കുമ്പോള്‍ ഏതാനും വ്യക്തികളില്‍ അധിഷ്ഠിതമായി ഉരുത്തിരിഞ്ഞ സംഭവ വികാസങ്ങള്‍ എന്നാണ് കോഴ വിവാദത്തെ പരാമര്‍ശിച്ച് രാജീവ് അഭിപ്രായപ്പെടുന്നത്. 

അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി അംഗങ്ങളെയും എന്‍ ഡി എ പ്രവര്‍ത്തകരെയും സ്തബ്ധരാക്കിയെന്ന് രാജീവ് പറയുന്നു. എന്നാല്‍ വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഒരു പാര്‍ട്ടിയിലെ ഏതാനും ചീഞ്ഞ ആപ്പിളുകള്‍ അതിവേഗം കണ്ടെത്തി നീക്കം ചെയ്യുന്നതിന് കുമ്മനത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ഇത്തരം ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പിയുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ല എന്നത് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുണ്ട്. 

തികഞ്ഞ ആഭിജാത്യത്തിനുടമയായ കുമ്മനം രാജശേഖരന്‍ ജനസ്പന്ദനം തിരിച്ചറിയുന്ന വ്യക്തിയാണ്. അധികാര രാഷ്ട്രീയത്തിന്റെ സകലമാന പ്രലോഭനങ്ങളില്‍ നിന്നും അകന്നു മാറി സംശുദ്ധമായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോരുന്ന ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിട്ടാണ് അദ്ദേഹത്തെ കാണുന്നത്. നിലയ്ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടു കൊണ്ട് കുമ്മനം സ്വീകരിച്ച നിലപാടുകള്‍ മാത്രം മതിയാകും അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം തിരിച്ചറിയുന്നതിനു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ കുമ്മനത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായി രാജീവ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com