തെരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേട്: എംടി രമേശിനെതിരെ വീണ്ടും ബിജെപി അന്വേഷണം

തിരഞ്ഞെടുപ്പു ചെലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം.
തെരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേട്: എംടി രമേശിനെതിരെ വീണ്ടും ബിജെപി അന്വേഷണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പാര്‍ട്ടി കണ്ണടച്ചു പിന്തുണച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ തിരഞ്ഞെടുപ്പു ഫണ്ടു ക്രമക്കേടില്‍ ബിജെപി അന്വേഷണം നടത്തുന്നു. തിരഞ്ഞെടുപ്പു ചെലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണ് എംടി രമേശ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇവിടെ തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി 87 ലക്ഷം രൂപ ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ കണക്ക് എംടി രമേശ് നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ 35 ലക്ഷത്തിന്റെ കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 

അതേസമയം നിരന്തരമായി എംടി രമേശിനെതിരെ വാര്‍ത്ത വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ എംടി രമേശിന്റെ പേരു പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വം രമേശിന്റെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നു. ഇക്കാര്യം പരിശോധിച്ച ബിജെപി നേതൃയോഗം രമേശിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. 

എന്നാല്‍ മെഡിക്കല്‍ കോളജ് കോഴയ്ക്കു പുറമേ തെരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേടിലും പേരു വരുന്നതോടെ എംടി രമേശ് കേന്ദ്ര നേതൃത്വത്തിന് അനഭിമതനാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും ഇതാണെന്ന് രമേശിനോട് അടുപ്പമുള്ളവര്‍  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com