ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ജാമ്യം തളളിയാല്‍ ദിലീപിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി തുടരേണ്ടിവരും
ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. രാവിലെ 10.15നാണ് സിംഗിള്‍ ബെഞ്ച് വിധി പറയുക. അതേസമയം പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് വാദം. ജാമ്യം തളളിയാല്‍ ദിലീപിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി തുടരേണ്ടിവരും. 

റിമാന്‍ഡ് തടവുകാരനായി ദിലീപ് ആലുവ സബ് ജയിലിലെത്തി പതിനൊന്ന് ദിവസം തികയുന്‌പോഴാണ് ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരുന്നത്. നേരത്തെ അങ്കമാലി കോടതി താരത്തിന്റെ  അപേക്ഷ തളളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍  പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതിനിടെ  നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വ്യത്യസ്ഥമായ മൊഴകളാണ്  അഡ്വ പ്രദീഷ് ചാക്കോയും  സഹഅഭിഭാഷകന്‍ അഡ്വ രാജു ജോസഫും പൊലീസിനോട് പറയുന്നത്. പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകന്‍ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.

അതേസമയം, ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളില്‍ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാല്‍ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com