വിനായകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്  മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു
വിനായകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍:പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ശേഷം വിട്ടയച്ച് ദളിത് യുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍
ബൂട്ടിട്ട് ചവിട്ടിയതിന്റെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്  മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് വിനയകന്‍ എന്ന 19 കാരനെ പൊലീസ് മര്‍ദ്ദിച്ചത്. തൊഴിലാളിയുടെ മകന്‍ മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസിന് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണമെന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്
 ജാതി ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു പോലീസ്.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായാകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com