കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വഷണസംഘം യോഗം ചേര്‍ന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി - അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു യോഗം വിലയിരുത്തിയത്
കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വഷണസംഘം യോഗം ചേര്‍ന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു യോഗം. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു യോഗം വിലയിരുത്തിയത്. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ്അന്വേഷണസംഘം യോഗം ചേര്‍ന്നത്. 

രാവിലെ പതിനൊന്നുമണിയോടെയാണ് കാവ്യമാധവനെ ദിലീപിന്റെ തറവാട്ടുവീട്ടില്‍ എഡിജിപി ബി സന്ധ്യയടക്കമുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അതേസമയം അന്വഷണസംഘവുമായി കാവ്യ പൂര്‍ണമായും സഹകരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കാവ്യമാധവന്റെ അമ്മയെയും ചേദ്യം ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

നടിയെ ആക്രമിക്കാന്‍ കാരണം മഞ്ജുവാര്യരുമായുളള കുടുംബബന്ധത്തിലുണ്ടായ തകര്‍ച്ചയും നടി അതിന് കാരണക്കാരിയായെന്നുളള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. ദിലീപിന് കാവ്യവുമായി വിവാഹത്തിന് മുമ്പും ശേഷവുമുളള ബന്ധങ്ങളും ദിലീപും നടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങളിലും വിശദമായ മൊ!ഴിയെടുത്തു. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തത്.

കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പൊലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പൊലീസ് എത്തിയത്.

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, ഇവിടെ നിന്ന് സുനിക്ക് രണ്ടരലക്ഷം രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന മറുപടിയായിരുന്നു പരിശോധനയ്ക്കിടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം കാവ്യയില്‍ നിന്നും അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇവിടെ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com