പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം: ബിജെപി നേതാവ് ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍

ഡോ. റബീയുള്ള
ഡോ. റബീയുള്ള

മലപ്പുറം: പ്രവാസി വ്യവസായി കെടി റബീയുള്ളയെ തട്ടിക്കൊണ്ടുപോവാന്‍ശ്രമിച്ച കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ ഏഴു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ദേശീയ ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കളാണ് അറസ്റ്റിലായ ബിജെപി നേതാവ്. തട്ടിക്കൊണ്ടുപോവല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.ടി റബീയുള്ളയുടെ വീട്ടില്‍ തിങ്കളാഴ്ച താവിലെയാണ് സംഘം അതിക്രമിച്ചു കയറിയത്. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വിശ്രമത്തിലുള്ള ഡോ. റബീയുള്ളയെ കാണാനെന്ന വ്യാജേനയാണ് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം വന്നത്. ഡോ.റബീഉള്ളയെ കാണണമെന്ന് ആവശ്യപ്പെട്ട ഇവരോട് ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍,അദ്ദേഹം വിശ്രമത്തിലാണെന്നും കാണാനാകില്ലെന്നും പറഞ്ഞതോടെ സംഘത്തിലുള്ളവര്‍ മതില്‍ ചാടി  അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സെക്യൂരിറ്റിക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കോഡൂര്‍ നിവാസികള്‍ ഓടിക്കൂടുകയും അക്രമികളെ പിടികൂടുകയുമായിരുന്നു. ഇവര്‍ എത്തിയ രണ്ടു വാഹനങ്ങള്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. പിടിക്കപ്പെടുമെന്നായപ്പോള്‍ ഏതാനും പേര്‍ രണ്ടു വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡോ.റബീയുള്ള എവിടെയാണെന്നതിനെ കുറിച്ച് കുറച്ചു നാളായി സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹം വിദേശരാജ്യത്ത് ചികില്‍സയിലാണെന്നും ഗള്‍ഫില്‍ വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കില്‍ സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ വിശ്രമത്തിലാണെന്നും ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ഇന്നലെ രാവിലെ ആറുമണിയോടെ അക്രമി സംഘം കോഡൂരിലെ വസതിയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com